ADVERTISEMENT

പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗോന്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ് സര്‍വകലാശാലയിലെ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഡിസ്സെക്ഷന്‍ ടേബിളില്‍ പഠിക്കാനായി ലഭിച്ച മനുഷ്യശരീരത്തെ പരിശോധിക്കുകയായിരുന്നു. 99–ാമത്തെ വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരണമടഞ്ഞ റോസ് മേരി ബെന്റ്ലി എന്ന സ്ത്രീയെയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ വാരന്‍ നെയില്‍സനും മറ്റു നാല് കൂട്ടുകാര്‍ക്കും ലഭിച്ചത്. എന്നാല്‍ ഈ സ്ത്രീയുടെ ശരീരം കീറിമുറിച്ചു പഠിക്കാന്‍ തുടങ്ങിയ ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. മെഡിക്കല്‍ സയന്‍സിനു പോലും വിവരിക്കാന്‍ സാധിക്കാത്ത ഒരു സംഗതിയാണ് അവര്‍ അവിടെ കണ്ടത്. Situs inversus with levocardia എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായിരുന്നു ആ 99കാരിക്ക്. അതായത് ഒരു കണ്ണാടിയിലെന്ന പോലെ എല്ലാ അവയവങ്ങളും നേരെ തിരിച്ചായിരുന്നു അവര്‍ക്കുള്ളില്‍ അത്രയും കാലം ഉണ്ടായിരുന്നത്.

ലോകത്താകമാനം  50 മില്യന്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുണ്ടാകുന്നത്. സാധാരണ മെഡിക്കല്‍ പഠനത്തിനു മൃതദേഹം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുപറയാറില്ല എന്നാല്‍ ഇവിടെ റോസ് മേരിയുടെ പേര് പുറത്തു പറയാതിരിക്കുന്നത് ഔചിത്യം അല്ലെന്നു കണ്ടാണ്‌ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ അവരുടെ വിവരങ്ങള്‍ ലോകത്തിനു കൈമാറിയത്. യാതൊരു പ്രശ്നങ്ങളുമില്ലാതെ ഇത്ര വർഷം സുഖമായി അവര്‍ ജീവിച്ചു മരിച്ചു എന്നതും അദ്ഭുതകരമാണ്.

വലതുവശത്തായി ഹൃദയത്തോടു ചേര്‍ന്നുള്ള വലിയ രക്തക്കുഴല്‍ പോലും തലതിരിഞ്ഞ അവസ്ഥയിലാണ് ഇവരുടെ ശരീരത്തിലുള്ളത്. ഇതുപോലെ തന്നെയാണ് മിക്ക പ്രധാനരക്തക്കുഴലുകളും. സാധാരണ ഇടതുവശത്തുള്ള ആമാശയം വലതുവശത്തും. ഗര്‍ഭം ധരിച്ചു സാധാരണ 30 - 45 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ വളര്‍ന്നു തുടങ്ങും. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഈ അവസ്ഥ ഉള്ള കുഞ്ഞിനും ഈ തലതിരിഞ്ഞ മാറ്റം സംഭവിക്കുന്നത്‌. സാധാരണ ഈ അവസ്ഥയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനു മുൻപ് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം കേസുകളില്‍ ഇത് രേഖപ്പെടുത്തിയതാണ്. എന്നാല്‍ റോസ് മേരി ഇവിടെയും വ്യത്യസ്തയാണ്. അതും ഇത്ര കൊല്ലം മെഡിക്കല്‍ സയന്‍സ് ഇവരെ അറിഞ്ഞില്ല എന്നതും വിചിത്രം. 

1918 ൽ വാല്‍ഡ്പോർട്ടിലാണ്  റോസ് മേരി പിറന്നത്‌. ഇടയ്ക്കിടെ ഉണ്ടായ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ അല്ലാതെ റോസ് മേരിക്ക് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഇപ്പോള്‍ 78 കാരിയായ റോസ് മേരിയുടെ മൂത്തമകള്‍ പാറ്റി ഹെൽമിങ് പറയുന്നു. ഇവരെ കൂടാതെ മറ്റു നാലു മക്കള്‍ കൂടിയുണ്ട് റോസ് മേരിക്ക്. ഒരിക്കല്‍ അപ്പെന്‍ഡിക്സ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ ഡോക്ടര്‍ റോസ് മേരിയുടെ അവയവം കുറച്ചു സ്ഥാനം മാറിയാണ് കണ്ടതെന്നു പറഞ്ഞിരുന്നു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ നടത്താതിരുന്നതുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ റോസ് മേരി അറിയപ്പെടാതെ പോയി എന്ന് മക്കള്‍ ഓര്‍ക്കുന്നു. പിതാവ് ജിം ഹെൽമിങ് ആണ് മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കാം എന്ന് ആദ്യം പറഞ്ഞതെന്നും റോസ് മേരിയുടെ മക്കള്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിം മരിച്ചപ്പോള്‍ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹം പോലെ തന്റെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയതാണ് റോസ് മേരിയുടെ ഈ അദ്ഭുതശരീരത്തെ കുറിച്ച് വൈകിയ വേളയില്‍ എങ്കിലും ലോകമറിയാന്‍ കാരണമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com