ADVERTISEMENT

60 വർഷത്തിലേറെ നഴ്സിങ് മേഖലയിൽ മാലാഖയെപ്പോലെ രോഗികളെ പരിചരിച്ച തൃശൂരിന്റെ ‘ഫ്ളോറൻസ് നൈറ്റിങ്ഗേൽ’ ബാപ്പൂട്ടിയമ്മ ഓർമയായി. സന്യസ്ത ജീവിതം സ്വീകരിച്ചപ്പോൾ കിട്ടിയ ബാപ്റ്റിസ്റ്റാമ്മ എന്ന പേര് രോഗികളാണു തിരുത്തി ബാപ്പൂട്ടിയമ്മയെന്നാക്കിയത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരെല്ലാം അരനൂറ്റാണ്ടിലേറെയായി ആശ്രയിച്ചിരുന്നതു ജൂബിലി മിഷൻ ആശുപത്രിയെയാണ്. മലപ്പുറം, എടപ്പാൾ, കുറ്റിപ്പുറം, മണ്ണാർക്കാട് ഭാഗത്തു നിന്നു ജൂബിലി മിഷൻ ആശുപത്രിയിലെത്തുന്ന മുസ്‌ലിം കുടുംബങ്ങൾക്കു വലിയൊരു കരുതലായി മാറിയ ഈ നഴ്സിനെ അവരാണ് ആദ്യമായി അങ്ങനെ വിളിച്ചത്: ബാപ്പൂട്ടിയമ്മേന്ന്.. പിന്നെപ്പിന്നെ ജൂബിലിയിലെ ജീവനക്കാരുടെ നാവിലടക്കം ആ പേരുതന്നെ വീണു: ബാപ്പൂട്ടിയമ്മ. 

6 പതിറ്റാണ്ടിലേറെ സന്യസ്ത ജീവിതം നയിച്ച വടക്കാഞ്ചേരി തിരുത്തിപ്പറമ്പ് ചിരിയങ്കണ്ടത്ത് മേരി (ബാപ്പൂട്ടിയമ്മ) മഠത്തിൽ കഴിഞ്ഞത് ആകെ മൂന്നു വർഷം. ബാക്കി മുഴുവൻ രോഗികൾക്കിടയിൽ.

പ്രസവ വാർഡിലായിരുന്നു ഏറെക്കാലം. പ്രസവം കഴിഞ്ഞാൽ ലേബർറൂം തുറന്നൊരു മാലാഖയെപ്പോലെ ബാപ്റ്റിസ്റ്റാമ്മ പ്രത്യക്ഷപ്പെടും. കുടുംബാംഗങ്ങൾക്കു കുഞ്ഞിനെ കാണിച്ചു കൊടുക്കും. എപ്പോഴും സന്തോഷം മാത്രം തരുന്നതാവണമെന്നില്ല, ഈ രംഗം. ചിലപ്പോൾ കുഞ്ഞിനു രോഗങ്ങളുണ്ടാവാം, വൈകല്യങ്ങളുണ്ടാവാം..., അപ്പോഴും ബാപ്റ്റിസ്റ്റാമ്മ മാലാഖ തന്നെ. വീട്ടുകാരെ ആശ്വസിപ്പിക്കും. ഇതൊന്നുമൊരു പ്രശ്നമല്ല, ചികിൽസിച്ചു നമുക്കു സുഖപ്പെടുത്താം.. 

ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ഇങ്ങനെ കൈമാറിയ ബാപ്റ്റിസ്റ്റാമ്മ  കഴിഞ്ഞ വർഷമാണു വിരമിച്ചത്. വാഴപ്പിണ്ടിയിൽ ഇഞ്ചക്‌ഷൻ എടുത്തു പഠിച്ചിരുന്ന പഴയകാല നഴ്സിങ് കാലത്തിന്റെ അവശേഷിക്കുന്നയാളായിരുന്നു ബാപ്റ്റിസ്റ്റാമ്മ.  

ഇന്നു രോഗികളെല്ലാം അറിയപ്പെടുന്നതു ബെഡ് നമ്പറിന്റെ പേരിലാണ്. ഡോക്ടറേ, മൂന്നാം വാർഡിലെ 12–ാം ബെഡിലെ പേഷ്യന്റിനു പൾസ് കുറയുന്നു– എന്നു നഴ്സുമാർ പറയുന്നത് ഇപ്പോൾ കേൾക്കാം. 

പണ്ട് അങ്ങനെയല്ല, ഡോക്ടറേ, തിരുവില്വാമലയിൽനിന്നു വന്ന നാരായണൻകുട്ടിയെ ഒന്നു നോക്കണം– എന്നാവുമത്. അതാണു 2 കാലത്തെയും നഴ്സിങ് തമ്മിലുള്ള വ്യത്യാസമെന്നാണു ബാപ്പൂട്ടിയമ്മ പറഞ്ഞിരുന്നത്. അന്നു രോഗികളുടെ നഖം വരെ വെട്ടിക്കൊടുക്കുമായിരുന്നു. രോഗികൾക്കിടയിലൂടെ നടന്നു സംസാരിക്കും. ഉച്ചയ്ക്കു ചോറു വാങ്ങാൻ പണമില്ലാത്ത രോഗികൾ ആരൊക്കെയെന്ന് അവരറിയാതെ ചോദിച്ചറിയും. ഡയറക്ടറുടെ കയ്യിൽനിന്നു നാലണത്തുട്ടുകൾ വാങ്ങി ഈ രോഗികൾക്കു കൊടുക്കും.

അവസാനകാലത്ത് തിരക്കേറിയ എൻക്വയറി വിഭാഗത്തിന്റെ ചുമതലയാണ് അവർ വഹിച്ചിരുന്നത്. സംസ്കാരച്ചടങ്ങുകൾ കൂർക്കഞ്ചേരി മരിയ പ്രൊവിൻഷ്യൽ ഹൗസിൽ ഇന്നു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com