ADVERTISEMENT

ചികിത്സിച്ചു പൂർണമായും ഭേദമാക്കാൻ കഴിയുന്ന രോഗമല്ലെങ്കിലും വിദഗ്ധ ചികിൽസയും ജീവിതരീതിയിലെ മാറ്റവുമെല്ലാം കൊണ്ട് ആസ്മയെ നിയന്ത്രിച്ചു നിർത്താം. സ്റ്റോപ് – ഇതാണ് രാജ്യാന്തര ആസ്മ ദിനത്തിന്റെ ആപ്തവാക്യം (S- Symptom Evaluation, T – Test response, O – Observe and assess, P – Proceed to adjest treatment). ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആസ്മരോഗികളുണ്ട്. കേൾക്കുമ്പോൾ നിസാരമെങ്കിലും ആ രോഗാവസ്ഥയിലുടെ കടന്നു പോകുന്നവർ അനുഭവിക്കുന്ന പ്രയാസം കണ്ടുനിൽക്കുക പോലും ബുദ്ധിമുട്ടാണ്. ആസ്മയെപ്പറ്റി മനസ്സിലാക്കിയാൽ രോഗലക്ഷണം കണ്ടറിഞ്ഞ് വിദഗ്ധ ചികിൽസ തേടാം. മരണനിരക്ക് കുറവാണെങ്കിലും സാമ്പത്തിക പരാധീനതകൾ ഉണ്ടാക്കുന്ന രോഗമാണ് ആസ്മ. കൃത്യമായ രോഗനിർണയവും വേഗത്തിലുള്ള ചികിൽസയും ആസ്മയ്ക്ക് അനിവാര്യമാണ്. 

എന്താണ് ആസ്മ?
അമിത പ്രതിരോധ ശേഷി മൂലം ശ്വാസനാളിയിലുണ്ടാകുന്ന ചുരുക്കമാണ് ആസ്മ എന്ന രോഗാവസ്ഥയ്ക്ക് കാരണം. ഈ അമിത പ്രതിരോധം ശ്വാസനാളിയിലുണ്ടാക്കുന്ന നീർവീക്കമാണ് രോഗലക്ഷണമായ ചുമ, കുറുങ്ങൽ, ശ്വാസതടസ്സം എന്നിവയ്ക്കു കാരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, പൂമ്പൊടി, പുക, കാലാവസ്ഥാ വ്യതിയാനം, അണുബാധ എന്നിവയെല്ലാം നീർവീക്കത്തിനു കാരണമാകാം.

ആസ്മ പാരമ്പര്യ രോഗമോ?
ആസ്മ പാരമ്പര്യരോഗമാണെന്നു തീർത്തും പറയാൻ കഴിയില്ലെങ്കിലും ജനിതക ഘടകം തള്ളിക്കളയാനാവില്ല. എന്തിനോടെങ്കിലും അലർജിയുള്ളവരിൽ 30% ശതമാനം പേരിലും ആസ്മയ്ക്കു സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

രോഗനിർണയം
ശ്വാസതടസമാണ് പ്രകടമായ രോഗലക്ഷണമെങ്കിലും രോഗനിർണയം വൈകുന്നത് രോഗാവസ്ഥയെ സങ്കീർണമാക്കും. പൾമണറി ഫങ്ഷൻ ടെസ്റ്റ് (PFT) നടത്തിയാണ് രോഗത്തിന്റെ കാഠിന്യം നിർണയിക്കുന്നതും ചികിൽസാ രീതി തീരുമാനിക്കുന്നതും. 

ചികിത്സ
ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ (GINA) എന്ന ആഗോള സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് ആസ്മയ്ക്കുള്ള ചികിൽസ നിർണയിക്കുന്നത്. പ്രധാനമായും കണിക രൂപത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇവ ശ്വാസനാള ഭിത്തികളിലുണ്ടാവുന്ന നീർക്കെട്ട് തടഞ്ഞ് ശ്വാസനാളങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തന ക്ഷമത നിലനിർത്തും. ശരിയായ ചികിൽസയും ജീവിതക്രമത്തിലുള്ള മാറ്റവും രോഗിക്ക് വലിയ അളവിൽ ആശ്വാസം നൽകുന്നു.

ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
ചികിൽസയ്ക്കായി ഉപയോഗിക്കുന്ന ഇൻഹെയ്‍ലർ മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ടെന്നും ഗർഭിണികൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന്  അംഗവൈകല്യമുണ്ടാകുമെന്നും തെറ്റിദ്ധാരണയുണ്ട്. ഡോകട്റുടെ നിർദേശ പ്രകാരം  ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ പരിമിതമാണെന്നു മാത്രമല്ല ശ്വാസനാളങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കും. ഗർഭിണികളിൽ സുരക്ഷിതമായ മരുന്നുകളേ ഡോകടർമാർ നിർദേശിക്കാറുള്ളൂ. ഇവ അമ്മയുടെ ശ്വാസനാളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

(ലേഖിക തിരുവനന്തപുരം എസ്​യുടി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് പൾമനോളജിസ്റ്റാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com