ADVERTISEMENT

നഴ്സ് – തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖ. അതെ, ഭൂമിയിലെ മാലാഖമാർ തന്നെയാണ് ഇവർ. ആ മാലാഖമാർക്കു വേണ്ടിയുള്ള ദിനമാണ് മേയ് 12– രാജ്യാന്തര നഴ്സസ് ദിനം. Nursing: The Balance of Mind, Body, and Spirit എന്നതാണ് ഈ വർഷത്തെ നഴ്സസ് ദിനത്തിന്റെ തീം. അതെ, നഴ്സിങ് എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ഒരു ബാലൻസിങ് തന്നെയെന്ന് നിസ്സംശയം പറയാം. 

ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പുണ്യ കർമമമായി മാറ്റിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ഓർമയ്ക്കായാണ് നഴ്സസ് ദിനം ആഘോഷിക്കുന്നത്. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്ളോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12 നു ഫ്ളോറൻസിന്റെ ജനനം. 

ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിങ്ഗേലിന് 1837 ഫെബ്രുവരി ഏഴിന് ദൈവത്തിൽനിന്നു വെളിപാടു ണ്ടായി. ജീവിതം സേവനത്തിനു സമർപ്പിക്കാനായിരുന്നത്രേ കൽപന. ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന അവർ 1853 ൽ ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടായി. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ്സർക്കാരിന്റെ നിർദേശ പ്രകാരം, മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി.

മുറിവേറ്റവർക്ക് അവരുടെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗവിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു. 

1857 ൽ ഇന്ത്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ നൈറ്റിങ്ഗേലിന്റെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1859 ൽ ഒരു റോയൽ കമ്മിഷൻ നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ അവരെ സന്ദർശിച്ച് ഉപദേശം തേടുമായിരുന്നു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ചു.

1907—ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി അവർ. 1910 ഓഗസ്റ്റ് 13 ന് നൈറ്റിങ്ഗേൽ ഉണരാത്ത നിദ്രയിലേക്കു പ്രവേശിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com