ADVERTISEMENT

ഈ ആഴ്ച ലോകം ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷിക്കുമ്പോൾ, അമേരിക്കയിലെ ഡാലസിൽ നിന്നുള്ള രണ്ടു മലയാളി നഴ്സുമാരെ പരിചയപ്പെടാം. ചെറുപ്പത്തിൽത്തന്നെ ആതുര സേവനം ജീവിതമാർഗമാക്കുവാൻ നിശ്ചയിച്ചുറച്ചവർ. കഠിനാധ്വാനം കൊണ്ട് തങ്ങളുടെ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഇവർ മികച്ച കലാകാരികളുമാണ്. അവരുടെ പേരിലുമുണ്ട് സാമ്യം- കോട്ടയംകാരി ദീപാ സണ്ണിയും തിരുവനന്തപുരം സ്വദേശിനി ദീപ ഫ്രാൻസിസും.

ദീപ സണ്ണി
കോട്ടയം ജില്ലയിലെ പള്ളം സ്വദേശിനിയായ ദീപ സണ്ണി ഡാലസിലുള്ള ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ ഫുൾ ടൈം നഴ്സും സ്വന്തം ബിസിനസ് സംരംഭമായ കേറ്റർ ടു യു ഹോം ഹെൽത്തിന്റെ നഴ്സിങ് ഡയറക്ടറുമാണ്. ചെങ്കൽ കാലടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസിയും അമലഗിരി ബി.കെ. കോളജിൽ നിന്നു പ്രീഡിഗ്രിയും പാസായ ശേഷം 1996 ലാണ് പഞ്ചാബിലെ ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നു ദീപ നഴ്സിങ് പഠനം പൂർത്തിയാക്കുന്നത്. ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ കാര്‍ഡിയോവാസ്ക്കുലർ സർജറി യൂണിറ്റ്, സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 2007 ലാണ് ഇവർ സകുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്. ഡാലസിലെ പ്രശസ്തമായ ചിൽഡ്രൻസ് മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിൽ പന്ത്രണ്ടു വർഷമായി സേവനം അനുഷ്ഠിക്കുന്ന ദീപയ്ക്ക് നഴ്സിങ് രംഗത്തേക്ക് വരാൻ പ്രചോദനമായത് നഴ്സ് ആയിരുന്ന അമ്മയാണ്. 

Deepa-Sunny-Family
ദീപ സണ്ണിയും കുടുംബവും

വളരെ തിരക്കുള്ള ഒരു ബിസിനസുകാരന്റെ ഭാര്യയും മൂന്നു പെൺകുട്ടികളുടെ അമ്മയുമായ ദീപ, ജോലിക്കൊപ്പം പൊതുപ്രവർത്തനത്തിനും കലാപ്രവർത്തനത്തിനും സമയം കണ്ടെത്തുന്നു. മികച്ച ഗായികയും നർത്തകിയും അഭിനേത്രിയുമായ ദീപ ഡാൻസ് കൊറിയോഗ്രഫി, സ്റ്റേജ് ഡെക്കറേഷൻ ഇവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. തന്റെ ഇടവകപ്പള്ളിയായ സെന്റ് തോമസ് ഫെറോന ചർച്ചിലെ സജീവ അംഗമാണ് ദീപ. ചർച്ചിലെ വാർഡ് ആൻഡ് യൂണിറ്റ് റപ്രസന്ററ്റീവ് ആയിരുന്ന ദീപ സന്നദ്ധ സേവനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങള്‍ക്കും സമയം മാറ്റി വയ്ക്കുന്നു. അംഗബലം കൊണ്ട് ഡാലസിലെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള അസോസിയേഷന്റെ സോഷ്യൽ സർവീസ് ഡയറക്ടർ പദവിയും ദീപ അലങ്കരിക്കുന്നു. തന്റെ ഭർത്താവിന്റെ പ്രോത്സാഹനവും പിന്തുണയും അനുഗ്രഹമായി അവർ കാണുന്നു. നല്ല പാചകക്കാരി കൂടിയായ ദീപയ്ക്ക് പച്ചക്കറിക്കൃഷിയാണ് ഇഷ്ട വിനോദം. 

ഒരു നഴ്സായി ജോലി ചെയ്യുന്നു എന്നുള്ളതിനാൽ മാത്രം മറ്റു രംഗങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ഒതുങ്ങിക്കൂടുന്നവർ ദീപയെ കണ്ട് അദ്ഭുതപ്പെട്ടേക്കാം! എങ്ങനെ ഇതിനെല്ലാം സമയം കണ്ടെത്തുന്നു എന്നു ചോദിച്ചാൽ സ്വതസിദ്ധമായ പൊട്ടിച്ചിരിയാണ് മറുപടി. ഈശ്വര വിശ്വാസവും പ്രാർഥനയുമാണ് തന്നെ എല്ലാത്തിനും പ്രാപ്തയാക്കുന്നതെന്നു ദീപ സ്മരിക്കുന്നു. ജോലിക്കായി കേരളം വിട്ടു ലോകത്തിന്റെ നാനാ ഭാഗത്തേക്കും ചേക്കേറുന്ന പുതിയ തലമുറയിലെ നഴ്സുമാർക്ക് ഈ പള്ളംകാരിയുടെ നിശ്ചയദാർഢ്യവും പരിശ്രമവും നിറഞ്ഞ ജീവിതശൈലി മാതൃകയാക്കാം. ‘‘അധ്വാനിക്കാൻ മനസ്സും സന്നദ്ധതയും ഉണ്ടെങ്കിൽ സമയം തനിയെ ഉണ്ടാകും’’- അതാണ് ദീപ സണ്ണിക്ക് നഴ്സിങ് രംഗത്തെ തുടക്കക്കാർക്ക് നൽകാനുള്ള എളിയ ഉപദേശം.

കാലടി പ്ലാന്റേഷൻ കോർപറേഷനിൽനിന്നു റിട്ടയർ ചെയ്ത പള്ളം തോപ്പിൽ പി.പി. പൗലോസിന്റെയും നഴ്സായിരുന്ന സി.പി. ത്രേസ്യാമ്മയുടെയും മകളായ ദീപയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. ചങ്ങനാശ്ശേരി കുറ്റിക്കൽ വീട്ടിൽ സണ്ണി ജോസഫാണ് ഭർത്താവ്. അപർണ, അലൈന, അ‍ഡ്രിയാന ഇവർ മക്കൾ. 

ദീപ ഫ്രാൻസിസ്
ഡാലസിലെ വാനമ്പാടിയെന്നറിയപ്പെടുന്ന ദീപ ഫ്രാൻസിസ് ഡാലസിലെ മെഡിക്കൽ കോളജായ യൂ ടി സൗത്ത് വെസ്റ്റേൺ ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗത്തിൽ റജിസ്റ്റേർഡ് നഴ്സ് ആണ്. ചെറുപ്പം മുതൽ ക്കു സഹജീവികളോട് കരുണയും ആർദ്രതയും കാണിച്ചിരുന്ന ദീപ, നഴ്സിങ് പ്രഫഷൻ ഒരു പാഷനായി മനസ്സിൽ കൊണ്ടുനടന്നിരുന്നു. ആറുകാണി ഹോളി ഫാമിലി ഹൈ സ്കൂൾ, മാർത്താണ്ഡം ക്രിസ്തുരാജ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാ ക്കിയതിനു ശേഷം ബെംഗളൂരു സെന്റ് ജോൺസ് നാഷനൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ ആയിരുന്നു നഴ്സിങ് പഠനം. 

പഠന ശേഷം സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നഴ്സായും കൃപാനിധി നഴ്സിങ് കോളജിൽ ലെക്ചറർ ആയും ജോലി ചെയ്തിരുന്നു. 2006 ലാണ്  ദീപ ഭർത്താവിനൊപ്പം അമേരിക്കയിലെത്തുന്നത്. 

Deepa-Francis-Family
ദീപ ഫ്രാൻസിസും കുടുംബവും

നഴ്സിങ് പ്രഫഷനോടുള്ള സമർപ്പണം ജോലിയിൽ മാത്രമൊതുക്കി നിർത്താതെ പറ്റുമ്പോഴൊക്കെ സൗജന്യ മെഡിക്കൽ ക്യാംപുകളിൽ സഹായിക്കുവാനും കുട്ടികളുടെ സ്കൂളുകളിൽ വോളന്റിയർ ജോലികൾ ചെയ്യുവാനും ഹെഡ് ഫോർ ദി ക്യൂവർ 5 K മാരത്തോൺ ഓട്ടത്തിനും എല്ലാം ദീപ സമയം കണ്ടെത്തുന്നു. അമേരിക്കയുടെ നഴ്സുമാരുടെ സംഘടനയായ IANANT, അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ എന്നിവയിലെല്ലാം ദീപ പ്രവർത്തിക്കുന്നു.

െചറുപ്പം മുതലേ സംഗീതം, നൃത്തം ഇവയിൽ മികവ് തെളിയിച്ചിരുന്നു. മകളുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കൾ അമ്പുരിയിലുള്ള രാമചന്ദ്രൻ മാസ്റ്ററുടെ കീഴിൽ അഞ്ചാം വയസ്സു മുതൽ സംഗീതം അഭ്യസിപ്പിച്ചു. കുമാർ ഷാജിയും മോഹനൻ മാസ്റ്ററുമായിരുന്നു ദീപയുടെ നൃത്താധ്യാപകർ. പതിനാലാം വയസ്സിൽ കർണാടിക് സംഗീതത്തിൽ അരങ്ങേറ്റം നടത്തി. ബെംഗളൂരുവിലെ പഠനകാലത്ത് സെന്റ് തോമസ് പള്ളി ഗായക സംഘത്തിലും ബെംഗളൂരു ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിന്റെ ഗാനമേളകളിലും ദീപ സജീവ സാന്നിധ്യമായിരുന്നു. ടെക്സസിലെ ലഫ്ക്കിൻ സിറ്റി മലയാളിക്കൂട്ടായ്മയിൽ ദീപയുടെ ഗാനങ്ങൾ പ്രശംസിക്കപ്പെട്ടു. ഗാർലാൻഡ് സെന്റ് തോമസ് പള്ളിയിലെ സ്ഥിര ഗായികയായ ദീപ ഫ്രാൻസിസ് ഡാലസ് മെലഡിസ്, ശ്രീരാഗ മ്യൂസിക്ക് എന്നീ ഗാനമേള ഗ്രൂപ്പുകളിലെ അംഗവുമാണ്. ഡാലസിലെ മിക്ക വേദികളിലും ദീപ പാടിയിട്ടുണ്ട്. അമേരിക്ക സന്ദർശിക്കുന്ന പല പ്രമുഖ കലാകാരന്മാരുടെയും സംഘത്തിനൊപ്പം ദീപ പാടിയിട്ടുണ്ട്. വിനയം നിറഞ്ഞ പുഞ്ചിരി മുഖമുദ്രയായ ഈ തികഞ്ഞ കലാകാരി പുതു തലമുറയിലെ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനും മടി കാണിക്കുന്നില്ല. നിരവധി മ്യൂസിക് ആൽബങ്ങളിൽ പാടിയ ദീപ ഫ്രാൻസിസിന്റെ ഗാനങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. 

അധ്യാപകരായി റിട്ടയർ ചെയ്ത ഫ്രാൻസിസ് തോട്ടത്തിലും ലീലാമ്മയുമാണ് മാതാപിതാക്കൾ. ദീപയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. അറിയപ്പെടുന്ന കവിയും ഗായകനുമാണ് ദീപയുടെ പിതാവ്. ഭർത്താവ് ജെയ്സൻ ആലപ്പാടനും കലാകാരനും ഗായകനുമാണ്. സ്വരൂപ്, സംഗീത്, സൂരജ് ഇവരാണ് മക്കൾ. ഡാലസിലെ ഗാർലൻഡിലാണ് ദീപ ഫ്രാൻസിസും കുടുംബവും താമസിക്കുന്നത്. 

(കവയിത്രിയും ചെറുകഥാകൃത്തുമായ ലേഖിക യുഎസിലെ ഡാലസിൽ താമസിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com