ADVERTISEMENT

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആണ് മദേഴ്‌സ് ഡേ ആയി എല്ലാ വർഷവും ആഘോഷിക്കുന്നത്. നഴ്‌സസ് ഡേ മെയ് 12ഉം. ഈ വർഷം ഇവരണ്ടും ഒരുമിച്ചാണ് വന്നത്. അമ്മമാരുടെയും മാലാഖമാർ എന്ന വിളിപ്പേരുള്ള നഴ്സുമാരുടെയും ദിനം.

ഈ ദിവസം ഞാൻ ഓർക്കുന്നത് എന്റെ കൂടെ കുറച്ചു നാൾ ജോലി ചെയ്ത ഷീന സിസ്റ്ററെയാണ്. ഒരുപക്ഷേ ഞാൻ ഇത്ര നാൾ കൊണ്ട് കണ്ട ഏറ്റവും മികച്ച നഴ്‌സും ഷീന സിസ്റ്റർ ആയിരിക്കും.

വിദേശത്ത് കുറച്ചു കാലം നഴ്‌സ് ആയി ജോലി ചെയ്ത ശേഷമാണ് അത്യാവശ്യം പ്രാരാബ്ധങ്ങൾ ഉണ്ടായിട്ടും കുടുംബം മിസ് ചെയ്യാതിരിക്കാൻ സിസ്റ്റർ നാട്ടിലെ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്.

ഡ്യുട്ടിക്ക് എത്തിയാൽ വാർഡിലെ ഓരോ രോഗിയും സിസ്റ്റർക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവരാണ്. രോഗികളോട് ഇത്രയും സൗമ്യമായും കാരുണ്യത്തോടെയും പെരുമാറുന്ന വേറെ ഒരു നഴ്‌സിനെ എന്റെ കരിയറിൽ ഞാൻ കണ്ടിട്ടില്ല. രോഗത്തിന്റെ ആധിക്യം കൊണ്ടും പല അസൗകര്യങ്ങൾ കൊണ്ടും രോഗികളോ ബന്ധുക്കളോ പലപ്പോഴും ഒച്ചയെടുക്കുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യാറുണ്ട്. ചിലർ കണ്ണ് നിറയുന്ന രീതിയിൽ അപമാനിക്കാറുണ്ട്.

പക്ഷേ സിസ്റ്റർക്ക് എല്ലാവരോടും തിരിച്ചുള്ള പെരുമാറ്റം സ്നേഹത്തോടെ മാത്രമായിരിക്കും. അങ്ങേയറ്റം വേദനിപ്പിക്കുന്നവരുടെ മുന്നിൽ നിന്ന് മൗനമായി ചിരിച്ചു കൊണ്ട് തിരികെ പോരും. പക്ഷേ അവരുടെ ഒക്കെ പരാതികൾ നിമിഷ നേരം കൊണ്ട് സിസ്റ്റർ പരിഹരിക്കും. ഒരിക്കൽ ദേഷ്യപ്പെട്ടവർ പോലും അടുത്ത തവണ കാണുമ്പോഴേക്ക് ആ ദേഷ്യം മറന്നു കാണും.

  ഒരു വർഷം കൂടെ ജോലി ചെയ്തിട്ടും ഒരിക്കൽ പോലും ഒരു രോഗിയെ പോലും സിസ്റ്റർ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽ ഞാൻ ചോദിച്ചിട്ടുണ്ട്, സിസ്റ്ററുടെ മക്കൾ ഒന്നും അല്ലല്ലോ...ചൊറിയുന്നവരോട് തിരിച്ച് അതേ ഭാഷയിൽ മറുപടി പറഞ്ഞുടെ എന്ന്.

എന്നോട് പറഞ്ഞത് മോനെ എന്റെ മക്കൾക്ക് ഒരു  രോഗാവസ്ഥ വരുമ്പോ പെരുമാറാൻ സാധ്യതയുള്ള പോലെ ഒക്കെത്തന്നെ അവരും പെരുമാറുന്നുള്ളൂ, അവരുടെ ഉള്ളിലെ വിഷമങ്ങൾ ആണ് ഇങ്ങനെ ഒക്കെ പ്രകടിപ്പിക്കുന്നത് എന്ന്.

സിസ്റ്റർ അങ്ങനെ ആയിരുന്നു. എല്ലാ രോഗികളും സിസ്റ്റർക്ക് അവരുടെ മക്കൾക്ക് തുല്യർ. അവർ ജീവിതത്തിൽ നല്ലൊരു അമ്മയും  കൂടെ ആയിരുന്നു. അല്ലെങ്കിലും നല്ല അമ്മമാർ ആണല്ലോ ഏറ്റവും നല്ല നഴ്‌സുമാർ.

ഇടയ്ക്കിടെ ഞാൻ ഇപ്പോഴും സിസ്റ്ററെ ഓർക്കാറുണ്ട്...ഇത്ര നാളത്തെ കരിയറിലും ഷീന സിസ്റ്ററിന്റെ ഹൃദയ വിശാലത കൈവരിക്കാൻ എന്നിലെ നഴ്‌സിന് എന്നെങ്കിലും സാധിക്കുമോ എന്നും ഞാൻ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട്.

പറ്റില്ലായിരിക്കും അല്ലേ...കാരണം ഞാനൊരു 'അമ്മ ആയിട്ടില്ലല്ലോ എന്തായാലും.... സിസ്റ്ററെ പോലെ ഒരു അമ്മയുടെ മനസ്സ് എന്നിൽ ഉണ്ടാകാൻ പോകുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ പോലും എനിക്ക് ഒരു നഴ്‌സ് എന്നതിന് ഏറ്റവും വലിയ മാതൃക എന്നെന്നും അവർ ആയിരിക്കും.

മാതൃദിന-നഴ്‌സ് ദിന ആശംസകൾ ഞാൻ ഒരുമിച്ച് ആശംസിക്കുന്നത് ഷീന സിസ്റ്ററെ പോലെ ഉള്ള അനേകം നഴ്‌സുമാർക്ക് തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com