ADVERTISEMENT

ഇരുവിരലുകൾക്കിടയിൽ എരിഞ്ഞുതീരുന്നത് ജീവിതമാണ്. ആ പുക പരക്കുന്നത് ഭാവിയിലേക്കാണ്. ഇരുൾ മൂടുന്നത് സ്വപ്നങ്ങളിലാണ്. ഇന്ന് ലോക പുകയില വിരുദ്ധ ദിനം. 7 സെന്റീമീറ്റർ നീളമുള്ള ഒരു സിഗരറ്റുകൊണ്ട് ചുറ്റുമുള്ള 7 പേർക്ക് കാൻസർ നൽകുകയാണ് ഓരോ പുകവലിക്കാരനും ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

2017ലെ രാജ്യാന്തര പുകയില സർവേ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 12.7% പേരും പുകയില ഉപയോഗിക്കുന്നവരാണ്. കോഴിക്കോട് ജില്ലയിലെ ആകെ ജനസംഖ്യയിൽ 10% പേർ പുകയില ഉപയോഗിക്കുന്നവരാണ് . മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നവരുടെ എണ്ണം (പാസിവ് സ്മോക്കേഴ്സ്) 16%  വരും.

കോഴിക്കോട് ജില്ലയിലും വിദ്യാർഥികളാണ് പുകയില വിൽപനക്കാരുടെ പ്രധാന ഇരകളെന്ന് കണക്കുകൾ പറയുന്നു. കോഴിക്കോട്, താമരശ്ശേരി,  നാദാപുരം, വടകര, പേരാമ്പ്ര തുടങ്ങിയ  പ്രദേശങ്ങളിൽ കഞ്ചാവും ലഹരിമരുന്നുകളുമാണ് പിടിമുറുക്കുന്നത്. എന്നാൽ ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ സിഗരറ്റിലേക്കാണ് വഴുതിവീഴുന്നതെന്ന് കണക്കുകൾ പറയുന്നു.

ഈയിടെ നഗരപരിധിയിൽ പിടിയിലായ സ്കൂൾ വിദ്യാർഥിനികളുടെ ബാഗിൽനിന്ന് അതിതീവ്ര ലഹരിമരുന്നുകളുടെ പായ്ക്കറ്റാണ് പിടികൂടിയത്. യൂണിഫോം ധരിച്ച പെൺകുട്ടികളാണ് പിടിയിലായതെങ്കിലും ദൂരെനിന്നുള്ള കുട്ടികളായതിനാൽ സംശയംതോന്നിയാണ് പൊലീസ്  ചോദ്യം ചെയ്തത്.

നഗരപരിധിയിൽ റെയിൽവേട്രാക്കുകളോടു ചേർന്നുള്ള കാടുപിടിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി വിൽപന. 

ദീർഘദൂര ട്രെയിനുകൾ നിർത്താത്ത ചെറിയ സ്റ്റേഷനുകൾ വഴിയാണ് ലഹരി നഗരത്തിലേക്ക് എത്തുന്നത്. ഇതു പോയി ശേഖരിക്കാനും വിവിധ ഇടങ്ങളിലേക്ക് സംശയരഹിതമായി കൈമാറാനും സ്കൂൾ‍ വിദ്യാർഥികളെയാണ് ഉപയോഗിക്കുന്നത്.

വിമുക്തി പോലുള്ള പദ്ധതികളുമായി എക്സൈസ് വകുപ്പും പൊലീസും സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഈ വർഷം ജില്ലയിലെ സ്കൂളുകളിൽ ‘യെല്ലോ ലൈൻ’ എന്ന ബോധവത്കരണ പരിപാടിയുമായാണ് എക്സൈസ്, ആരോഗ്യ വകുപ്പുകൾ എത്തുന്നത്. 'പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്നതാണ് ഈ വർഷത്തെ വിഷയം.

പുകവലി ഉപേക്ഷിക്കാൻ പദ്ധതി
പുകവലി നിർത്താൻ എന്തുചെയ്യണമെന്നു പഠിപ്പിക്കാൻ മെഡിക്കൽ കോളജിൽ പുതിയ പദ്ധതി. രോഗം പിടിപെട്ട് ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോകുമ്പോൾ പുകവലി നിർത്തണമെന്നു 75% പേർക്കും ഉപദേശം ലഭിക്കാറുണ്ട്. എന്നാൽ അതിനു കൃത്യമായ മാർഗനിർദേശം ലഭിക്കാറില്ല. ഇത്തരമൊരു സാഹര്യത്തിലാണ് 3 മാസം മുൻപ് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ‘എംഎസ് ചാറ്റ് ട്രയൽ’ എന്ന പദ്ധതിക്കു തുടക്കമിട്ടത്. ക്ലീവ്‌ലാൻഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, കൊൽക്കത്തയിലെ സെഹാസ് എന്നിവയുടെ സഹകരത്തോടെയാണ് ഇതു നടപ്പാക്കുന്നത്.

മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികൾ‌ അടങ്ങുന്ന 30 പേർക്ക് ഡോ. ദാരവ്‌ഷയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ.കെ.തുളസീധരൻ,  ഡോ. റോജിത് കെ.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ വിദ്യാർഥി ആർ.രാഗേന്ദു, ശ്രീഹരി എന്നിവരാണ് കോ ഓർഡിനേറ്റർമാർ. ആദ്യഘട്ടം ഇരുന്നൂറോളം രോഗികളെ തിരഞ്ഞെടുത്തു. ഇതിൽ 100 പേർക്ക് കൗൺസലിങ് നൽകി. 

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷവും രോഗികളെയും അവരുടെ മക്കളേയും ടീം അംഗങ്ങൾ ഫോണിൽ‌ ബന്ധപ്പെടുന്നുണ്ട്. പുകവലിയിൽ നിന്നു മുക്തമായി വരുന്നതായാണ് ഇവർക്ക് ലഭിച്ച വിവരം. ഏറെ പേരും പിന്നീട് പുകവലിച്ചിട്ടില്ലെന്നറിയിച്ചിട്ടുണ്ട്. ഇതെല്ലാം ശരിയാണോയെന്നു നോക്കാൻ 6 മാസം കഴിയുമ്പോൾ ഇവരെ പങ്കെടുപ്പിച്ച് ആശുപത്രിയിൽ നിന്ന് ശാസ്ത്രീയ പരിശോധന നടത്തും. ഇതിലും ഇവർ പുകവലിയിൽ നിന്ന് മുക്തമായെന്നു തെളിഞ്ഞാൽ പദ്ധതി വിപുലമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com