ADVERTISEMENT

പുകയില ഉപയോഗിക്കുന്നവരിൽ പകുതിപ്പേരെയും കൊല്ലുന്നതു പുകയില തന്നെ. മരണവുമായി ഇത്രമേൽ ബന്ധപ്പെടുത്താവുന്ന മറ്റൊരു ശീലമില്ല.  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു വർഷം തോറും 70 ലക്ഷത്തിലധികം പേരെയാണു പുകയില വകവരുത്തുന്നത്. 

പുകവലിക്കാതിരുന്നിട്ടും ബോധപൂർവമല്ലാതെ പുക ശ്വസിക്കുന്നതിലൂടെ (പാസീവ് സ്മോക്കിങ്) വർഷം തോറും മരിക്കുന്നവരുടെ എണ്ണവും ഒരു കോടി കടക്കുമെന്നാണു കണക്കുകൾ.

സിഗററ്റ്, ബീഡി, ചുരുട്ട്, ഹുക്ക, മുറുക്കാൻ എന്നിവയാണു പുകയില ഉപയോഗത്തിന്റെ സാധാരണ മാർഗങ്ങൾ. ഉപയോഗിക്കും തോറും തീവ്ര അഭിനിവേശം വളർത്തി അടിമയാക്കുന്ന നിക്കോട്ടിനു പുറമേ, അപകടകാരികളായ മറ്റു വിഷവസ്തുക്കളും പുകയിലയിലുണ്ട്. 

കാർബൺ മോണോക്‌സൈഡ്, ടാർ എന്നിവ ഇതിൽപ്പെടും. മനുഷ്യ ശരീരത്തിൽ പുകയിലയ്ക്കു കേടുവരുത്താനാകാത്ത ഒരു അവയവം പോലുമില്ല. ഗർഭിണിയായ സ്ത്രീ പുകയില ഉപയോഗിക്കുമ്പോൾ അതു ഗർഭസ്ഥശിശുക്കളേയും ബാധിക്കുന്നു. 

ജന്മവൈകല്യങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ, പെട്ടെന്നുള്ള മരണം തുടങ്ങിയവയാണ് ഇത്തരം കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. 

ദീർഘകാലമായി വലിക്കുന്ന ഒരാളുടെ ആയുസ്സ് ഏതാണ്ട് 10-11 വർഷം കുറയുമെന്നാണു കണക്കുകൾ.  2019-ലെ പുകയില വിരുദ്ധ ദിനത്തിന്റെ ഇതിവൃത്തം പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ ആരോഗ്യവും എന്നതാണ്. 

എന്നാൽ സുരക്ഷിത പുകയില ഉപയോഗം എന്നൊരു അവസ്ഥയില്ല. പുകയിലയ്ക്കു മരണം എന്നൊരു പര്യായം മാത്രമേയുള്ളൂ.

പുകയിലയിൽനിന്നു  വഴിമാറി നടക്കാനും പതിയെ ഉപേക്ഷിക്കാനും സഹായിക്കുന്ന നിക്കോട്ടിൻ ഗം, പാച്ചസ്, മിഠായികൾ, ഇൻഹേലറുകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനു ദേശീയ, സംസ്ഥാനതലങ്ങളിൽ ഒട്ടേറെ നയപരിപാടികളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കിലേ ഇവ വിജയം കാണുകയുള്ളൂ.

പുതിയ രോഗങ്ങൾ
പുകയില ഉപയോഗം മൂലം 15 തരം അർബുദം ഉണ്ടാകാം. ശ്വാസകോശം, തൊണ്ട എന്നിവയെ ബാധിക്കുന്ന കാൻസറാണു പ്രധാനം. ഇതിനു പുറമേയാണു പുതുതായി കണ്ടുപിടിച്ച ഇസ്സേമിയ (കോശങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുന്ന അവസ്ഥ) പോലെയുള്ള രോഗങ്ങൾ.  കിഡ്‌നിരോഗം, ഉയർന്ന രക്തസമ്മർദം മൂലമുള്ള ഹൃദ്രോഗം തുടങ്ങിയവയും ഉണ്ടാകാം.
(എറണാകുളം മെഡിക്കൽ സെന്ററിലെ കാൻസർ രോഗ വിദഗ്ധൻ ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com