ADVERTISEMENT

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ യുവതിക്കു കോട്ടയം മെഡിക്കൽ കോളജിൽ കീമോതെറപ്പി നടത്തിയെന്ന വാർത്ത കേട്ട് ഞെട്ടാത്തവരില്ല. ഒന്നാമത് കാൻസറിനെ ഭീതിയോടെ കാണുന്ന ഒരു യുവതയാണ് നമുക്കു മുന്നിലുള്ളത്. എത്രയൊക്കെ വിദഗ്ധ ചികിത്സ ഉണ്ടെന്നു പറഞ്ഞാലും ആ വാക്കു കേൾക്കുമ്പോൾ ആദ്യം ഒന്നു പതറിപ്പോകുക സ്വാഭാവികം. ഇതിനിടിയിലാണ് ഇല്ലാത്ത കാൻസറിനു കീമോ ചെയ്ത് അതിന്റെ ദൂഷ്യഫലങ്ങൾകൂടി അനുഭവിക്കേണ്ടി വരുന്നത്.

മാറിടത്തിൽ മുഴയുമായാണ് ആലപ്പുഴ സ്വദേശി രജനി(38)ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളജിലെത്തുന്നത്. പന്തളത്തെ തുണിക്കടയിൽ ജീവനക്കാരിയായ രജനിക്ക് എട്ടു വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. സർജറി വിഭാഗം ബയോപ്സി നിർദ്ദേശിച്ചു. മെഡിക്കൽ കോളജിൽ ഫലം വൈകുമെന്നതിനാൽ അടുത്തുള്ള സ്വകാര്യ ലാബിൽ കൂടി പരിശോധിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ലാബിൽ നിന്നു കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ കീമോതെറപ്പി ആരംഭിച്ചു.

ആദ്യഘട്ട കീമോ കഴിഞ്ഞപ്പോഴാണ് മെഡിക്കൽകോളജ് പതോളജി ലാബിൽ നിന്ന് മുഴ കാൻസർ സ്വഭാവം ഉള്ളതല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് ഏപ്രിലിൽ ആർസിസിയിൽ പോയി. അവിടെയും കിട്ടി കാൻസർ ഇല്ലെന്ന റിപ്പോർട്ട്. 

ഏപ്രിലിൽ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തിരുന്നു. ഇതിന്റെ സാംപിൾ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്. 4.5 സെന്റിമീറ്റർ വലുപ്പമുണ്ടായിരുന്നു മുഴയ്ക്ക്. സാധാരണ രീതിയിൽ ഇത്തരം മുഴകൾ കാൻസർ സാധ്യതയുള്ളതാണ്. മാമോഗ്രാം പരിശോധനയിൽ കാൻസർ സാധ്യത കണ്ടതിനാലാണ് സ്വകാര്യലാബ് ഫലത്തെ ആശ്രയിച്ച് ചികിത്സ തുടങ്ങിയതെന്നാണ് മെഡിക്കൽ കോളജിന്റെ വാദം.

ന്യായീകരണങ്ങൾ എന്തൊക്കെ ഇനി നടത്തിയാലും കീമോയുടെ ദുരിതം പേറുന്നതും ഇതിന്റെ പേരിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതും ഒരു പാവം സ്ത്രീക്കാണ്. കീമോയ്ക്കും മുമ്പും ശേഷവുമുള്ള അവരുടെ ഫോട്ടോ മാത്രംമതി തെളിവായി. ഡോക്ടർമാരുടെ ഭാഗത്തു പിഴവില്ലെന്നും എത്രയും പെട്ടെന്ന് ചികിത്സ നൽകാനായി സ്വകാര്യലാബ് ഫലത്തെ ആശ്രയിച്ചതാണെന്നുമാണ് അവരുടെ വാദം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കു പരാതി നൽകിയിരിക്കുകയാണ് രജനി.

കീമോതെറപ്പി എങ്ങനെ, എന്തിന്?

പടരുന്ന കാൻസറിനെ തടയാനാണു കീമോതെറപ്പി  ഫലപ്രദം. കാൻസർ കോശങ്ങളുടെ അമിത വളർച്ചയും പടർച്ചയും തടയുകയാണു കീമോതെറപ്പിയുടെ ലക്ഷ്യം. രോഗാവസ്ഥ കണക്കിലെടുത്ത് വിദഗ്ധസംഘം നിർണയിക്കുന്ന വ്യത്യസ്ത കോഴ്സുകളായിട്ടാണ് കീമോ ചെയ്യുക. ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി. ഏറ്റവും ഫലം നൽകുന്ന കീമോ തെറപ്പിയിൽ മരുന്നു കയ്യിലെ ഞരമ്പുകളിലേക്കു കുത്തിവയ്ക്കുന്ന രീതിയാണു പൊതുവായി സ്വീകരിക്കാറുള്ളത്. 

പാർശ്വഫലങ്ങള്‍

കീമോതെറപ്പിയിൽ ശക്തിയേറിയ മരുന്നുകൾ ശരീരത്തിന്റെ എല്ലാ ഭാഗത്തു കൂടിയും കടന്നുപോകുന്നതിനാൽ അതിന്റേതായ പാർശ്വഫലങ്ങളുണ്ടാവാം. കീമോതെറപ്പിയിൽ രണ്ടുതരത്തിലുള്ള പാർശ്വഫലങ്ങള്‍ ഉണ്ടാവാറുണ്ട്. 1. ഉടനെയുണ്ടാകുന്നവ (അക്യൂട്ട്) 2. കാലങ്ങൾക്കുശേഷം ഉണ്ടാകുന്നവ (ഡിലേയ്ഡ്)‌‌

മുടികൊഴിച്ചിൽ, ഛർദി, വായിലുണ്ടാകുന്ന അണുബാധ, പ്രതിരോധശേഷി കുറയൽ എന്നിവ ഉടനെയുണ്ടാകുന്ന ഗണത്തിൽ പെടുന്നു. ഇവയെല്ലാം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. കീമോതെറപ്പി ചെയ്യുമ്പോൾ പ്രതിരോധശേഷി കുറയും. അതിനാൽ മറ്റസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കോ പരിചയക്കാർക്കോ സംഭവിച്ചിട്ടുണ്ടോ. എങ്കിൽ എഴുതാം customersupport@mm.co.in ലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com