ADVERTISEMENT

സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനരോഗങ്ങളില്‍ പ്രധാനമാണ് പിസിഒഡി അഥവാ പോളിസിസ്റിക് ഒവേറിയന്‍ സിൻഡ്രം. സ്ത്രീയുടെ പ്രതുല്‍പ്പാദന നിലയെതന്നെ ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. പിസിഓഡി ഉള്ള സ്ത്രീകളില്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആര്‍ത്തവ ചക്രത്തിന്റെ ക്രമത്തെ ബാധിക്കുകയും ആര്‍ത്തവം ഉണ്ടാകാതെ വരികയും ചെയ്യുന്നതിന് കാരണമാകും.  കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ വന്ധ്യത വരെ വരുത്തിയേക്കാവുന്ന രോഗം കൂടിയാണിത്.

അണ്ഡം കൃത്യമായി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ അണ്ഡാശയത്തില്‍ സിസ്റ്റ് രൂപപ്പെടുന്നു. ദ്രാവകം നിറഞ്ഞ അറകളാണ് സിസ്റ്റ്. ഇത്തരത്തില്‍ അണ്ഡാശയം സിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയാണ് പൊളി സിസ്റ്റിക് ഓവറി എന്ന് അറിയപ്പെടുന്നത്. അണ്ഡാശയം ഇത്തരത്തില്‍ സിസ്റ്റുകള്‍ കൊണ്ട് നിറയുന്നതു മൂലം അണ്ഡം ഉത്പാദിപ്പിക്കാതെ വരുന്നു. അണ്ഡോത്പാദനം നിലയ്ക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ നില താഴ്ത്തുന്നു.

ഇത് പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ നില ഉയര്‍ത്തുന്നു. പുരുഷ ഹോര്‍മോണുകളുടെ കൂടുതല്‍ ആര്‍ത്തവ ചക്രത്തെ തകരാറിലാക്കുന്നു. ഇതു കൊണ്ടുതന്നെ പിസിഒഡിയുള്ള സ്ത്രീകളില്‍ ആര്‍ത്തവം ക്രമരഹിതമാകുന്നു. പിസിഒഡിയുടെ യഥാര്‍ഥ കാരണം ഇന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എങ്കിലും രോഗം നേരത്തെ നിര്‍ണയിക്കുന്നത് ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കും. 

അമിതവണ്ണമുള്ള സ്ത്രീകളിലാണ് ഈ രോഗം കാണപ്പെടുക എന്നത് തെറ്റായ ധാരണയാണ്. ‌ആരോഗ്യവതികളായ സ്ത്രീകളിലും ഈ രോഗം കണ്ടെത്താറുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പ്പാദനത്തെയാണ്  പിസിഒഡി തകിടം മറിക്കുന്നത്. ഇതുമൂലം രോഗമുള്ള സ്ത്രീകള്‍ക്ക് വണ്ണം കൂടാറുണ്ട്. 

പിസിസിഒഡിയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല എന്നതും തെറ്റായ ധാരണയാണ്. ശരിയായ ചികിത്സയും മരുന്നുകളും കൊണ്ട് ഗര്‍ഭിണിയാകാം. പിസിഒഡിയുള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം, രക്തസമ്മര്‍ദം, ഉറക്കമില്ലായ്മ, വിഷാദം, സ്‌ട്രെസ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ശരിയായ ചികിത്സ, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവ കൊണ്ട് ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com