ADVERTISEMENT

ഓരോന്നു വരാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ട. എന്റെ കൈവിരലുകളിലെ വേദനയുടെ കാര്യവും അങ്ങനെ തന്നെ. ഒരുനാൾ വേദന തുടങ്ങി. അതു കൂടിക്കൂടി വന്നു. പത്തു വിരലുകളിലും നടുവിലെ സന്ധിക്കു വേദന. സൂചികയറ്റി വച്ചിരിക്കുന്ന മാതിരി വേദന. സന്ദർശകരും സുഹൃത്തുകളുമൊക്കെ ' ഹലോാാ.. ' എന്നു പറഞ്ഞു കൈപിടിച്ചു കുലുക്കും. നമുക്കു നല്ലജീവൻ എടുത്തുപോകും. കണ്ണുകളിൽ പൊന്നീച്ച പറക്കും..

ഒന്നിലധികം  ഓർത്തൊപ്പീഡിക് വിദഗ്ധരെ കണ്ടു. തന്നതു ഗുളികകളും വിരലുകൾക്ക് വ്യായാമവും. ഗുളിക കഴിക്കുമ്പോൾ വേദന കുറയും. ഒരു ദിവസം കഴിക്കാതിരുന്നാൽ വേദന വരും.

സ്ഥിരമായി ഡോക്ടറെ തേടിപ്പോകണമെന്നതിനാൽ ഞാൻ ഓഫിസിന് അധികം ദൂരെയല്ലാത്ത ഒരാശുപത്രിയിലാക്കി ഇടപാടുകൾ. എല്ലാവരും ഒരേകാര്യം ചെയ്യിക്കുമ്പോൾ എവിടെ ആയാലും മതിയല്ലോ. ഇന്ന് ആ ആശുപത്രി ഇല്ല.

ഏറെ സൗമ്യമായി ഇടപെടുന്ന ചെറുപ്പക്കാരനായ ഡോക്ടർ. എല്ലാം മാറും എന്നദ്ദേഹം ആത്മവിശ്വാസം തന്നു. വിരലുകൾ  മുറുക്കി മടക്കുകയും നിവർത്തുകയും ചെയ്യുക, തള്ളവിരൽ ചെറുവിരലിന്റെ ചുവട്ടിൽ തൊടുവിക്കുക ഇത്യാദിയാണ് വ്യായാമങ്ങൾ. ചുമ്മാ ചെയ്തുകൊണ്ടിരുന്നാൽ മതി. അതൊക്കെ ‍ഞാൻ തുടർന്നു. ഗുളികകളും തുടർന്നു. 

ഗുളിക വേദനസംഹാരി തന്നെ എന്ന് സംശയമൊന്നുമില്ലായിരുന്നു. നിർത്തിയാൽ വേദന മടങ്ങിവരുന്നുണ്ടല്ലോ.

അങ്ങനെ പോകുമ്പാൾ മനോരമയിലെ പത്രപ്രവർത്തകർക്കായി ഒരു പ്രഭാഷണം നടത്താൻ ഞാൻ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ  അന്നു സൂപ്രണ്ടായിരുന്ന പ്രശസ്ത ശിശുരോഗ വിദഗ്ധൻ ‍ഡോ. സി.കെ. ശശിധരനെ സമീപിച്ചു.  പ്രഭാഷണ പരമ്പര സംഘടിപ്പിക്കേണ്ട ചുമതല എനിക്കാണ് ന്യൂസ് എഡിറ്റർ എം. ബാലഗോപാൽ സാർ ഏൽപിച്ചു തന്നിരുന്നത്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പരിപാടിയുടെ ഭാഗമാണ് പ്രഭാഷണങ്ങൾ. ശശിധരൻ ഡോക്ടറെ ഞാൻ പരിചയപ്പെട്ടത് ഐഎംസിഎച്ച് ഏഷ്യയിലെ ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രിയായി അവതരിപ്പിച്ചുള്ള ഫീച്ചർ സൺഡേ സപ്ലിമെന്റിലേക്കു ചെയ്യുമ്പോഴാണ്. നിയോനേറ്റോളജി വിഭാഗത്തിൽ കുട്ടികളുടെ പരിചാരകരായി കുടുംബത്തിലെതന്നെ ഒരു സ്ത്രീയെ നിയോഗിക്കുക എന്ന പരീക്ഷണം നടത്തി വിജയിപ്പിച്ച ഡോക്ടറാണ്. അന്ന് അദ്ദേഹം എന്നെയും പച്ചക്കോട്ടും മാസ്ക്കും ഒക്കെ ധരിപ്പിച്ച് അപ്പോൾ പെറ്റ കുഞ്ഞുങ്ങളുടെ വാർഡായ നിയോനേറ്റോളജി വിഭാഗത്തിൽ കയറ്റി കാര്യങ്ങൾ വിശദീകരിച്ചു തന്നിരുന്നു. ഒപ്പം ഫൊട്ടോഗ്രാഫർ പി. മുസ്തഫയും ഉണ്ടായിരുന്നു.

അന്നത്തെ പരിചയത്തിലാണ് ഞാൻ ഡോക്ടറെ പ്രഭാഷണം നടത്താൻ വിളിക്കുന്നത്. മെഡിക്കൽ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും, അവതരിപ്പിക്കുമ്പോഴുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പത്രപ്രവർത്തകർക്ക് പറഞ്ഞു കൊടുക്കുന്ന ഒരു രണ്ടു മണിക്കൂർ പ്രഭാഷണം. ഉച്ചഭക്ഷണം കഴിച്ചു പിരിയും. ഹോട്ടൽ ഹൈസൺ ഹെറിറ്റേജിലാണ് പരിപാടി. ഡോക്ടർ മൂന്നു മണിക്കൂറിലധികം സംസാരിച്ചു. പ്രഭാഷണത്തിനിടെ ഡോക്ടർ മെഡിക്കൽ രംഗത്തെ ചില അനാശ്യാസ പ്രവണതകളിലേക്ക് കടന്നു. വേണ്ടാത്ത മരുന്നുകൾ കഴിപ്പിക്കൽ. വികസിത രാജ്യങ്ങളിൽ നിരോധിച്ച മരുന്ന് നമ്മുടെ രാജ്യത്ത് പിന്നെയും കൊടുത്തു കൊണ്ടിരിക്കൽ. അങ്ങനെയങ്ങനെ.

ആ കൂട്ടത്തിൽ ഡോക്ടർ പറഞ്ഞു.

‘‘നിമുസിലൈഡ് എത്രയോ കാലമായി യുഎസിലൊക്കെ നിരോധിച്ചിട്ട്.  ഇവിടെ കൊച്ചുകുഞ്ഞുങ്ങൾക്കു പോലും നിമുസിലൈഡ് കൊടുക്കുന്നു. പല കഫ്സിറപ്പിലും അതുണ്ട്.....’’

മണിച്ചിത്രത്താഴിൽ  ഇന്നസെന്റിനു താക്കോൽ ഓർമ വന്ന പോലെ എനിക്കത് കേട്ടപ്പോൾ ഒരു ഓർമ വന്നു.

ഞാൻ വേദനയ്ക്കു കഴിക്കുന്ന നൈസ് എന്ന ഗുളികയുടെ പ്രധാന ഇൻഗ്രേഡിയന്റ്   ‘നിമുസിലൈഡ്’ ആണ്. പ്രഭാഷണം കഴിഞ്ഞ് ഭക്ഷണത്തിലേക്കു കടക്കുംമുൻപുള്ള ഇടവേളയിൽ ഡോക്ടറെ ഒറ്റയ്ക്കു കണ്ടു.

‘‘ ഡോക്ടറേ, കഴിക്കാൻ പാടില്ലെന്നു പറഞ്ഞ നിമുസിലൈഡ് ഞാൻ കഴിക്കുന്നുണ്ട്. കൈവേദനയ്ക്കാ... ’’

ഞാൻ വിരലുകൾ അടച്ചും തുറന്നും കാണിച്ചു.

“എന്തിനായാലും നിർത്തിക്കോ, ഇല്ലെങ്കിൽ നിന്റെ കിഡ്നി അടിച്ചു പോകും. ”

ഡോക്ടർക്ക് ഒരു ദാക്ഷിണ്യവുമില്ല.

“ പക്ഷേ വേദന? ”

‘‘വേദനയ്ക്കു പലതും ചെയ്യാം. കിഡ്നി പോയാൽ പോയതാ’’ 

ഡോക്ടറുടെ ഒപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യ വിളിച്ചു.

“മോന്റെ ചെവിയിൽ മഞ്ചാടിക്കുരു പോയി, ഞാനവനെ ബേബീലോട്ടു കൊണ്ടു പോവാ”

രണ്ടുവയസ്സുള്ള പുത്രൻ വളരെ ശ്രമിച്ചാണ് മഞ്ചാടിക്കുരു ചെവിയിൽ കടത്തിയിരിക്കുന്നത്. ബേബി എന്നാൽ ബേബി െമ്മോറിയൽ ഹോസ്പിറ്റൽ. ഞാൻ ഡോക്ടറോട് അതു പറഞ്ഞു.

“ചെവിയിലല്ലേ, മൂക്കിലല്ലല്ലോ, സാരമില്ല”

ഡോക്ടർ സാരമില്ല എന്നു പറയുമ്പോഴത്തെ ഒരാശ്വാസം ഭയങ്കരമാണ്.

മഞ്ചാടി പുറത്തെടുക്കാൻ മയക്കിയ പുത്രനെ തീരാത്ത മയക്കത്തിൽ തോളിലിട്ടു പുറത്തേക്കിറങ്ങുമ്പോഴേക്കും ഞാൻ തീരുമാനിച്ചിരുന്നു, ഇനി നിമുസിലൈഡ് ഇല്ല.

പിന്നെ എന്തുചെയ്യും?

ഭാര്യ അവരുടെ ഹോമിയോപ്പതി വിജ്ഞാനം മുൻപേ പ്രയോഗിച്ചു പിന്മാറിയതാണ്. ‘റൂട്ട’ പല പൊട്ടൻസിയൊക്കെ പലതവണയായി നോക്കിയിട്ടും വേദന മാറുന്നില്ല. ഒടുവിൽ ഭാര്യ പറഞ്ഞു– ‘‘ഞങ്ങളുടെ ഒരു സേറുണ്ട് ഹോമിയോ കോളേജിൽ. ഒന്നു കാണാം’’. 

അങ്ങനെ ഞാൻ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ അധ്യാപകൻ കൂടിയായ ഡോക്ടർ അജയകുമാർ ബാബുവിന്റെ മുൻപിലെത്തി. ഭാര്യ അവരുടെ സേർ എന്നൊക്കെ പറഞ്ഞെങ്കിലും ആൾ  ചെറുപ്പം. സ്റ്റുഡന്റിനെ കുടുംബമായി കണ്ടതിൽ സേറിനും സന്തോഷം. അദ്ദേഹം കുറെ സംസാരിച്ചു. പിന്നെ  ‘ചോദ്യം ചെയ്യൽ’ നടത്തി. സുകുമാർ അഴീക്കോട്  പറഞ്ഞപോലെ  ‘പ്രോബിങ് ക്വസ്റ്റ്യൻസ്’.

പണ്ട് അഴീക്കോട് സാറിനു ദേഹമാകെ ചൊറിച്ചിൽ ബാധിച്ചു. പ്രത്യേകിച്ച് ‘ബാഹ്യസമ്മർദം’ ഒന്നുമില്ലാതെ വന്ന ചൊറിച്ചിലാണ്. വിയ്യൂരിലെ വീട്ടിൽ വിരലുകൾ ചൊറിഞ്ഞു കൊണ്ടിരിക്കെ അഴീക്കോട് സാർ തനതുശൈലിയിൽ പറഞ്ഞു: 

‘‘ജോഷ്വാ, വിരലുകളിലെ ചൊറിച്ചിൽ ചൊറിഞ്ഞു മാറ്റാൻ ഈ പത്തു വിരലുകളും പോരെന്നു വന്നിരിക്കുന്നു.’’

സാറിനെ അന്ന് കന്യാസ്ത്രീയായ ഒരു ഹോമിയോ ഡോക്ടർ ആണ് ചികിത്സിച്ചത്. അവരെക്കുറിച്ചും  ഹോമിയോപ്പതിയെക്കുറിച്ചും പറഞ്ഞ കൂട്ടത്തിലാണ് സാർ  പറഞ്ഞത്, ‘അവർ കുറെയേറെ ‘പ്രോബിങ് ക്വസ്റ്റ്യൻസ്’ ചോദിച്ച് ആളെ വിലയിരുത്തിയാണ് മരുന്ന് തീരുമാനിക്കുന്നത്’. എന്തായാലും സംസാരിച്ചിരിക്കുന്നതിനിടയിൽ ഡോക്ടർ എകെബി പേനകൊണ്ട് മേശമേൽ കൊട്ടി ഫാർമസിസ്സ്്റ്റിനെ വരുത്തി കുറിപ്പടി കൊടുത്തു. ആ കുട്ടി കൊണ്ടുവന്ന കുഞ്ഞു ബ്രൗൺകവർ എനിക്കു തന്ന് നെഞ്ചത്തൊന്നു കൈവച്ച് അദ്ദേഹം പറഞ്ഞു. ‘‘ഒരു പൊതി ഇന്നു രാത്രി. അടുത്തതു നാളെ രാവിലെ. മൂന്നു മാസം കഴിഞ്ഞു വരണം.’’ 

ഞാൻ നോക്കി. രണ്ടേ രണ്ടു ‘ഹോമിയോപ്പൊതി.’ ഇതു മതിയോ എന്നു മനസ്സിൽ തോന്നി. ഇതു വരെ ഹോമിയോ ഡോക്ടർമാർ കുറെ ദിവസത്തേക്കു മരുന്നു തരുമായിരുന്നു. ഇത്.....

ഞാനതു കഴിച്ചു.

മൂന്നാം ദിവസം മുതൽ വേദനയുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. കൂർത്ത മൂർത്ത ഉരുക്കുസൂചി ഉടക്കിയ പോലത്തെ വേദന ഒരുമാതിരി അടിച്ചുപരത്തിയ റബർ പോലത്തെ വേദനയായി. അതു പരന്നു പരന്നു ഒരാഴ്ചകൊണ്ട് സഹിക്കാവുന്ന പാകത്തിലായി. പിന്നെ എപ്പോഴോ എങ്ങനെയോ വേദന പൂർണമായും മാറി. മൂന്നു മാസം കഴിഞ്ഞു ഞാൻ ഡോക്ടറെ കാണാനെത്തുമ്പോൾ മുൻപ് വേദന ഉണ്ടായിരുന്നു എന്ന തോന്നൽ പോലും ശേഷിച്ചിരുന്നില്ല. അന്ന് ഡോക്ടർ ഒരു പൊതി കൂടി തന്നു. ആ രാത്രി കഴിക്കാൻ.

കഴിഞ്ഞു. പിന്നെ ഇക്കാലംവരെ വരെ ആ വേദന വന്നിട്ടില്ല.

എകെബിയെ അതോടെ ഞാൻ എന്റെ ആസ്ഥാന ഹോമിയോ ഡോക്ടറായി മനസ്സാവരിച്ചു. കൊച്ചു കൊച്ചു പ്രശ്നങ്ങൾ വരും. രണ്ടു പൊതിയിൽ പോകും. വലിയ വലിയ പ്രശ്നങ്ങളും അങ്ങനെ തന്നെ. ഗൗട്ടിന്റെ കാൽവിരൽ വേദനയൊക്കെ അങ്ങനെ പോയ കൂട്ടത്തിലുണ്ട്.

ആൾ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയതോടെ കണ്ടുകിട്ടൽ ഒരു പ്രശ്നമായി. നമുക്ക് അസുഖം ഉള്ളപ്പോൾ ആൾ ഉണ്ടാകില്ല. ആൾ ഉള്ളപ്പോൾ നമുക്ക് അസുഖം ഉണ്ടാകില്ല.

അതിനിടെ ശീതം തട്ടിയാൽ പിന്നാലെ കൂടുന്ന ഒരു ചുമ എന്നെ വലയ്ക്കാൻ തുടങ്ങി. മിക്കവാറും മഴക്കാലത്ത്. രാത്രി മഴ പെയ്യുമ്പോൾ ജനൽ തുറന്നിട്ടാൽ,  മഴക്കാലത്ത് ബസിലോ ട്രെയിനിലോ യാത്ര ചെയ്താൽ തൊണ്ട വേദന, ചെവിവേദന. വേഗം  തൊണ്ടയ്ക്കു താഴോട്ടു കരുകരുപ്പും ചുമയും തുടങ്ങും. അതു ‘ലാരിൻജൈറ്റിസ്’ ആകും. കഫം കട്ടകട്ടായി വരും. ചുമയുടെ ശബ്ദം  ഒഴിഞ്ഞ ചെമ്പുകലത്തിൽ തല്ലുമ്പോഴത്തേതു മാതിരിയാകും. മുന്നോട്ടു വളഞ്ഞ് ചുമയ്ക്കുമ്പോൾ കണ്ണ് തെറിച്ചുപോകും എന്നു തോന്നും. 

ആന്റിബയോട്ടിക്സിന്റെ ഫ്രീക്വൻസി കൂടുകയും രണ്ടു കോഴ്സ് തുടർച്ചയായി കഴിക്കുക എന്ന നിലയിൽ എത്തുകയുമൊക്ക ചെയ്യുന്ന സ്ഥിതിയായി. അതിനിടെ ഒരു ചുമവരവിന്റെ സമയത്തുതന്നെ എകെബി ഡോക്ടറെ കോഴിക്കോട്ടു കിട്ടി. മരുന്നും കിട്ടി. കൈവിരൽ വേദന മാറിയ പോലെയായി അതിന്റെ അനുഭവവും. രാത്രി ആദ്യപൊതി കഴിച്ചു. പാതിരാ കഴിഞ്ഞതോടെ ആശ്വാസം ഒാരോ ശ്വാസത്തിലും വരുന്നതറിഞ്ഞു. രാവിലെ രണ്ടാം പൊതി കഴിച്ചു. മൂന്നാം ദിവസം ചുമയുടെ ചില ശേഷിപ്പു മാത്രമായി. പിന്നെ അതൊഴിഞ്ഞുപോയി.

ശീതത്തെ പേടിക്കേണ്ട അവസ്ഥതന്നെയും ഒഴിഞ്ഞു പോയി. ഹോമിയോ ഡോക്ടർമാർ സാധാരണയായി കഴിക്കാൻ തരുന്ന മരുന്ന് ഏതെന്നു പറയാറില്ല. ഒരേ അസുഖത്തിന് ഒരു രോഗിക്കു കൊടുക്കുന്ന മരുന്നാവില്ലത്രെ മറ്റൊരു രോഗിക്കു വേണ്ടിവരിക. ഒരേ രോഗിക്ക് ഒരേ രോഗത്തിന് വേറൊരു സമയത്ത് വേറൊരു മരുന്നായിരുക്കുമത്രെ.

അങ്ങനെയിരിക്കെ നല്ലൊരു മഴക്കാലത്തു ഒരു മരണവുമായി ബന്ധപ്പെട്ട്  കോഴിക്കോട്ടുനിന്ന് അടിയന്തരമായി എനിക്കു തണ്ണിത്തോട്ടിലേക്കു പോകേണ്ടിവന്നു. ട്രെയിൻ ടിക്കറ്റ് ഒന്നും കിട്ടാനില്ല. രാത്രി ബസിൽതന്നെ പിടിച്ചു. ആ മഴക്കാലത്തും തുള്ളി മുറിഞ്ഞാലുടൻ ഷട്ടർ പൊക്കിവയ്ക്കുന്ന ചില കാറ്റാരാധകർ ബസിലുണ്ടായിരുന്നു. അതെല്ലാം കൂടിയായപ്പോൾ കാലത്ത് പത്തനംതിട്ടയിലെത്തുമ്പോഴേക്കും  ചുമ, തൊണ്ടവേദന, ചെവിവേദന എല്ലാം ഒന്നിച്ചുവന്നു. രാത്രി തന്നെ മടക്കയാത്രയമുണ്ട്. ആ യാത്ര പത്തനംതിട്ടയിലെത്തിയപ്പോഴേക്കും ചുമ പാരമ്യത്തിലെത്തി. മടക്കയാത്ര പത്തനംതിട്ടയിലെത്തിയപ്പോൾ ഞാൻ ഡോക്ടറെ വിളിച്ചു സാഹചര്യം പറഞ്ഞു. ‘വഴിയിലാണ്. അന്നത്തെ മരുന്നു കിട്ടിയില്ലെങ്കിൽ നാളെ ഞാൻ കോഴിക്കോട്ടെത്തുമെന്ന് ഉറപ്പില്ല കേട്ടോ.’

എന്റെ ശബ്ദവും ചുമയുമൊക്കെ ഫോണിലൂടെ കേട്ട ഡോക്ടർ മരുന്നു പറഞ്ഞുതന്നു. പത്തനംതിട്ടയിൽ അലയാൻ വയ്യാതെ ഞാൻ ബസിൽ കയറി തിരുവല്ല മനോരമ ലേഖകൻ അലക്സിനെ വിളിച്ചു. ‘അലക്സേ, തിരുവല്ലയിൽ  എവിടയാണു ഹോമിയോ മെഡിക്കൽ സ്റ്റോർ? എനിക്കൊരു മരുന്നു വാങ്ങണം.’

‘‘ പത്തനംതിട്ട റോഡ് എംസി റോഡിൽ ചേരുന്നതിനടുത്തുതന്നെ മെഡിക്കൽ സ്റ്റോറുണ്ട്. ’’

എന്റെ അവശത മനസ്സിലാക്കിയിട്ടാകണം അലക്സ് പറഞ്ഞു: ‘‘സാറെത്തുമ്പോഴേക്കും ഞാനവിടെ നിൽക്കാം.’’

‘ആർജെന്റം’ ആയിരുന്നു മരുന്ന്. അതു വർക്ക് ചെയ്തു. യാത്രചെയ്തിട്ടും കോഴിക്കോട്ടിറങ്ങുമ്പോൾ ഞാൻ അവശനായിരുന്നില്ല. അന്നൊരു ദിവസം അവധി പറഞ്ഞ് പിറ്റേന്ന് ഓഫിസിൽ പോയി.

അതു കുറെ വാങ്ങിവച്ചേക്കാൻ ഭാര്യയോടു പറഞ്ഞു.

എന്നാലും പറയട്ടെ, ആരും വാങ്ങിക്കഴിക്കേണ്ട. എനിക്കു ഫലിച്ചെന്നു കരുതി നിങ്ങൾക്കു ഫലിക്കണമെന്നില്ല.

ഒരു ഡോക്ടർ കുറിച്ച മരുന്ന് കഴിക്കരുത് എന്നു ശശിധരൻ ഡോക്ടർ പറഞ്ഞ പോലത്തെ അനുഭവം വേറെയുമുണ്ട്.   മഞ്ചാടി ചെവിയിൽ കയറ്റിയ മകൻ ഡാനി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം അവൻ പറഞ്ഞു: 

“ ടീച്ചർമാർ ക്ലാസ്സിൽ പറയുന്നത് എനിക്കു ശരിക്ക് കേൾക്കാൻ പറ്റുന്നില്ല എന്നൊരു സംശയം. ” 

‘‘സംശയമേയുള്ളോ ?’’   

‘‘അല്ല എനിക്ക് ശരിക്കു കേക്കാമ്പറ്റുന്നില്ല.’’

മക്കളുടെ ചെവിപ്രശ്നത്തിനു ഞാൻ മുൻപേ സമീപിക്കുന്നത് ഡോക്ടർ എം.പി. മനോജിനെയാണ്. കേൾവി ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് കോക്ലിയർ ഇപ്ലാന്റ് വച്ച് കേൾവി നേടിക്കൊടുക്കുന്ന ചികിത്സയ്ക്ക് കേരളത്തിൽ മുന്നിൽനിന്ന ഡോക്ടറാണ്. കോഴിക്കോട് മിംസിൽ വച്ചാണ് ആദ്യം കണ്ടത്. മകനു കുഞ്ഞിലേ ചെവിവേദനയും ചെവിയൊലിപ്പും ഉണ്ടായിരുന്നു. ഡോക്ടർ, സ്വയം ഇല്ലാതായിപ്പോകുന്ന ഒരു ട്യൂബ് അവന്റെ ചെവിക്കുള്ളിൽ പിടിപ്പിച്ചു.  വേദനയും ഒലിക്കലും ഇല്ലാതായി.  പിന്നെ ഡോക്ടർക്കു സ്വന്തം ക്ലിനിക്കായി.   ചെവിപ്രശ്നങ്ങൾ വന്നപ്പോഴൊക്കെ  ഡോക്ടർ തന്നെയാണ് ഞങ്ങളുടെ ചെവി നോക്കിയത്.  

‍ഡോക്ടർ മനോജിനെത്തന്നെയാണാദ്യം ഓർത്തത്. എന്നാലും വൈകുന്നേരം ആയിക്കഴിഞ്ഞതിനാലും ഡോ.മനോജിന്റെ ക്ളിനിക്കിൽ എത്തുന്നതിന്റെ പകുതിയിലും കുറഞ്ഞ ദൂരത്തിൽ എത്താവുന്ന കുറെക്കൂടി അടുത്തുള്ള കുറെക്കൂടി വലിയ ഒരു ഇഎൻടി ക്ലിനിക് ഉള്ളതിലേക്കാണ് പുത്രനെയും കൂട്ടി പോയത്. ചെറിയൊരു കേൾവിപ്രശ്നമല്ലേയുള്ളു എന്ന വിചാരവുമുണ്ട്.

ക്ലിനിക്കിലെത്തി. ഓഡിയോളജി ടെസ്റ്റ് നടത്തിയതിന്റെ ഫലവും കൊണ്ട് പ്രധാന  ഡോക്ടറെ കണ്ടു.

റിപ്പോർട്ടിൽ നോക്കി കുറെ നേരം ചുണ്ടു കൂട്ടിക്കടിച്ചിരുന്ന ഡോക്ടർ പിന്നെ കാരുണ്യപൂർവം എന്നെ നോക്കി.

‘‘ഇത്തിരി സീരിയസായ പ്രശ്നമാണ് മോന്....”

ഞാൻ ചെവി കൂർപ്പിച്ചു. 

‘‘ നേർവ് ആണ് വിഷയം.........’’ 

‘‘....... ഇപ്പോഴത്തെ സ്ഥിതിക്ക് ഇവന് 40 ശതമാനം കേൾവി പോയിക്കഴിഞ്ഞിരിക്കുന്നു.”

‘‘....... ആൻഡ് ഇറ്റീസ് ഫാസ്റ്റ് പ്രോഗ്രസിങ്.” 

ആകെത്തകർന്ന് ഞാൻ ഇരുന്നു.

ബാഹ്യകർണത്തിലും മധ്യകർണത്തിലുമൊന്നും പ്രശ്നമില്ലെന്നും അപ്പോൾ ഉൾക്കർണത്തിലും അതിനുമപ്പുറവും നാഡീതന്തുക്കളുടെ ശോഷണമാണു സംഭവമെന്നും  ഡോക്ടർ വിശദീകരിച്ചു പറഞ്ഞു.

‘‘നമുക്ക് ഉടൻ മരുന്നു തുടങ്ങാം. എത്രയും വേഗം അത് ‘അറസ്റ്റ്’ ചെയ്യണം”

ഡോക്ടർ രണ്ടു മരുന്നെഴുതി എന്നെ ആശ്വസിപ്പിച്ചു ഫാർമസിയിലേക്കു വിട്ടു.

അവിടെ ഒരു മരുന്നില്ല. ഒന്നില്ലെങ്കിൽ മറ്റതും കൂടി കിട്ടുന്ന എവിടെയെങ്കിലും പോയി വാങ്ങാം എന്ന് അപ്പോഴത്തെ അസ്വസ്ഥത കൊണ്ടാകണം ഞാൻ തീരുമാനിച്ചു.

തിരിഞ്ഞു നടന്നു വീണ്ടും ഡോക്ടറുടെ മുറിക്ക് മുന്നിലെത്തി. ഡോക്ടർ ഒറ്റയ്ക്കിരുപ്പാണ്. മകൻ കൂടെയില്ലാതെ ഡോക്ടറോട് ഒന്നുകൂടി സംസാരിക്കണം എന്നെനിക്ക് തോന്നി. അവനെ പുറത്തു നിർത്തി വീണ്ടും ഡോക്ടറെ കണ്ടു. നേർവ് വിഷയം ഡോക്ടർ വീണ്ടും വിശദീകരിച്ചു.

‘‘എത്ര വേഗമാണത് പ്രോഗ്രസ് ചെയ്യുക എന്നു പറയാനാകില്ല. നേർവിന്റെ കാര്യം അങ്ങനെയാ. മരുന്നു  തുടങ്ങിക്കോ...  പെട്ടെന്ന്  അറസ്റ്റ് ചെയ്യുകയാണു വേണ്ടത്” എന്നു പറഞ്ഞു കുറിപ്പടി തിരികെ വാങ്ങി ഡോക്ടർ ഒരു മരുന്നു കൂടി കുറിച്ചു.

അങ്ങനെ രണ്ടാമത് കണ്ടപ്പോൾ മൂന്നാമത്തെ മരുന്നു കുറിച്ചത് എന്തോ  എനിക്കിഷ്ടപ്പെട്ടില്ല.  കുറിപ്പടിയുമായി ക്ലിനിക്കിന്റെ പടിയിറങ്ങിക്കൊണ്ടിരിക്കുമ്പോൾ മകൻ എന്നോട് ചോദിച്ചു:

‘‘പപ്പാ, ഞാൻ ബീഥോവനെപ്പോലെ ആയിക്കൊണ്ടിരിക്കുവാണോ? ”

ഉള്ളൊന്നുലഞ്ഞു‌!

‘ബീഥോവനാകുന്നത് നല്ലതല്ലേടാ’ എന്നു പറഞ്ഞു ഞാൻ അവനെ ചേർത്തുപിടിച്ചു.

താഴെയിറങ്ങി അകലേക്കു നോക്കുമ്പോൾ ‘ഓപ്പൺ മെഡിസിൻ’ എന്ന ബോർഡ് കാണാം. ഏതു മരുന്നും കിട്ടും എന്നു ഖ്യാതിയുള്ള മെഡിക്കൽ ഷോപ്പ്. മരുന്നില്ലെങ്കിൽ ഓപ്പണിലെ നൗഷാദ് ഏതു മരുന്നും എവിടെനിന്നും എപ്പോഴായാലും വരുത്തിത്തരും. 

അങ്ങോട്ടു നീങ്ങുന്നതിനിടെ എനിക്ക് ഭാര്യയെ വീട്ടിലേക്ക് ഒന്നു വിളിക്കാൻ തോന്നി. 

എല്ലാം കേട്ടിട്ട്, അവരുടെ സ്കൂൾ ക്ലാസ്മേറ്റായ കൊല്ലത്തെ ഒരു ഇഎൻടി സ്പെഷലിസ്റ്റിനെ ഒന്നു വിളിച്ചോട്ടെ എന്നു പറഞ്ഞു.

ആ ഡോക്ടർ എന്നെ തിരിച്ചു വിളിച്ചു. ഞാൻ റോഡരികിൽ നിന്നുതന്നെ കാര്യങ്ങളെല്ലാം പറഞ്ഞു.

‘‘മരുന്ന് ഏതാണ്?’’ 

ഞാൻ മരുന്നുകൾ പറഞ്ഞുകൊടുത്തു.

‘‘എന്തായാലും മരുന്ന് കഴിക്കാൻ വരട്ടെ.  ഓഡിയോളജി റിപ്പോർട്ട് ഒന്ന് ഇമെയിൽ ചെയ്തു താ ”

ഞാൻ ഓടി വീട്ടിലെത്തി റിപ്പോർട്ട് ഇ മെയിൽ ചെയ്തു.

വീണ്ടും ഡോക്ടർ വിളിച്ചു.

‘‘ നാളെ ഇങ്ങോട്ട് പോര്. ഇവിടെ ചെയ്യുന്ന ഓഡിയോളജി റിപ്പോർട്ടേ  ഞാൻ ഡിപ്പൻഡ് ചെയ്യാറുള്ളൂ. മരുന്ന് ഏതായാലും ഇപ്പോ കഴിക്കണ്ടാ.”

രാത്രി വളരെ വൈകിയിരിക്കുന്നു.  കോഴിക്കോട്ടുനിന്ന് കൊല്ലത്തെത്താനാണു  പറയുന്നത്. കോഴിക്കോട്ട് വേറെയും ഇഎൻടി ഉണ്ടല്ലോ എന്ന ചിന്ത എന്റെ ഉള്ളിലുദിച്ചു.

രാവിലെ ഡോക്ടർ മനോജിന്റെ ക്ലിനിക്കിൽ വിളിച്ചു. 

ഡോക്ടർ ഇല്ല. നാളെ ചെന്നൈയിൽ സെമിനാറുണ്ട്. ഇന്ന് പോവുകയാണ്.

അപ്പോൾ പിന്നെ വേറെ ആരെയാണ് കാണേണ്ടത് എന്നതു സംബന്ധിച്ച് ഒരു ഗവേഷണം നടത്താൻ തീരുമാനിച്ചു. വെറുതെ ചെന്ന് ആരെയും കാണുന്നില്ല. ആശുപത്രി മേഖലയിലെ പരിചയക്കാരെയും ഡോക്ടർമാരെയും ഞാൻ ഓഫീസിൽ ഇരുന്ന് വിളിച്ചുകൊണ്ടിരുന്നു. പല പേരിൽ നിന്ന് ഒരു പേരിലെത്താൻ. ഇതിനിടെ ഡോക്ടർ മനോജിന്റെ ക്ലിനിക്കിൽനിന്ന് തിരിച്ചൊരു കോൾ.

" ഡോക്ടറുടെ ചെന്നൈ സെമിനാർ കാൻസൽ ആയി. അതുകൊണ്ട് നാളെ വേണമെങ്കിൽ ബുക്കിങ് കിട്ടും.

മനസ്സിൽ മഴവില്ലു വിരിഞ്ഞു.  

പിറ്റേന്നു രാവിലെതന്നെ പ്രതിയെയും  ഒരു ബലത്തിന് അവന്റെ അമ്മയെയും കൂട്ടി ഡോക്ടർ മനോജിന്റെ മുന്നിലെത്തി.

ഓഡിയോളജി ആണ് ആദ്യം.

അത് നോക്കിയിട്ട് ഡോക്ടർ കുറിപ്പടിയെടുത്തു.  

‘‘ഈ മരുന്ന് കഴിച്ചോ?’’

‘‘ ഇല്ല ’’ 

‘‘ നന്നായി ’’  

ഡോക്ടർ തുടർന്നു: 

‘‘സാധാരണയായി ഒരാൾക്ക് വേണ്ടതിലും കേൾവി ലേശം കുടുതലേ ഉള്ളു ഇവന്. കുറവില്ല.’’

ആശ്വാസം ഉള്ളിലുണരുന്നത് നന്നായി അറിഞ്ഞു. ഡോക്ടർ മനോജ് ഒരു മരുന്നും കുറിച്ചില്ല. ഞങ്ങൾ ഓരോ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു മടങ്ങി.

നേർവ് പോകുകയാണെന്നു പറഞ്ഞ ഡോക്ടർ മരുന്നു കഴിച്ചു രണ്ടാഴ്ച കഴിഞ്ഞു ചെല്ലാനാണ് നിർദേശിച്ചിരുന്നത്. 

ആ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ‘ബീഥോവനെയും’ കൂട്ടി അദ്ദേഹത്തെ ചെന്നു കണ്ടു.

ഓഡിയോളജി ടെസ്റ്റ് വീണ്ടും. അത് കണ്ടിട്ട് ഡോക്ടർ ഉത്സാഹഭരിതനായി.

‘‘ദിസ് ഈസ് മിറാക്കിള്‍!’’

‘‘സാധാരണ ഈയൊരവസ്ഥയിൽനിന്ന് ഇങ്ങനെയൊരു ഇംപ്രൂവ്മെന്റ് ഉണ്ടാകില്ല. റിയൽ മിറാക്കിൾ.’’

അദ്ദേഹം കുറിപ്പടി പരിഷ്കരിക്കാൻ തുടങ്ങി.

അപ്പോൾ ഞാൻ പറഞ്ഞു: ‘‘ഡോക്ടർ, അങ്ങ് എഴുതിയ ഒരു മരുന്നും ഇവൻ കഴിച്ചിട്ടില്ല.  ക്ഷമാപണത്തോടെ പറയട്ടെ.  ഞാൻ രണ്ടാമതൊരു ഡോക്ടറെകൂടി കാണിച്ചപ്പോൾ അദ്ദേഹം ഇയാൾക്ക് ഒരു കേൾവിക്കുറവും കണ്ടില്ല.  മരുന്ന് കഴിക്കരുതെന്ന് പറയുകയും ചെയ്തു.’’

ഡോക്ടർ എന്നെ സൂക്ഷിച്ചു നോക്കിയിരുന്നു ഇത്തിരി നേരം. പിന്നെ പറഞ്ഞു:

‘‘ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ പരിശോധനയിലും നിരീക്ഷണത്തിലും എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്ന് നിർദേശിച്ചത്. അത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’’

‘‘നാല്പതു ശതമാനം കേൾവി പോയി എന്ന് പറഞ്ഞാണു അങ്ങ് എന്നെയും ഈ കുട്ടിയെയും പേടിപ്പിച്ചത്.’’

‘‘ അത് ഇനി ശ്രദ്ധിക്കാം. ആളുകൾ ഭയപ്പെടാത്ത രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാൻ  സ്വയം പരിശീലിക്കേണ്ടതാണെന്നു ഞാൻ മനസ്സിലാക്കുന്നു.’’

‘‘പക്ഷേ ഒരു മരുന്നും കഴിക്കാതെയാണ് ആ 40 ശതമാനം അങ്ങു ശരിയായത്.’’

‘‘യേസ്, അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. അതിൽ എനിക്ക് ഒന്നും പറയാനില്ല. എന്റെ ബോധ്യത്തിനനുസരിച്ചാണ് പ്രവർത്തിച്ചത്. അതു ഞാൻ ചെയ്യേണ്ടതുമാണ്.’’

ചെറുതായൊരു ചൊറിഞ്ഞുകയറൽ വന്നെങ്കിലും അത് പിടിച്ചു നിർത്തി.

ബോധ്യങ്ങളാൽ നീതീകരിക്കപ്പെട്ട ഡോക്ടർ കല്ലുപോലെ ഇരിക്കുകയാണ്. 

അദ്ദേഹത്തിനു നന്മ നേർന്ന് എഴുന്നേറ്റു പുറത്തേക്കു നടക്കുമ്പോൾ തടിയൻ ഓഡിയോളജിസ്റ്റ് മുറിവാതിൽ നിറഞ്ഞു നിൽക്കുന്നു. 

പഴയ ഓഡിയോളജി റിപ്പോർട്ട് നീട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു: 40 ശതമാനം കേൾവി പോകാനും മാത്രം ഇവന്റെ നേർവൊക്കെ ദ്രവിച്ചുപോയെന്ന് നിങ്ങൾക്കെങ്ങനെയാണ് ഈ റിപ്പോർട്ടു കിട്ടിയത്?’’

അദ്ദേഹം റിപ്പോർട്ടു വാങ്ങിനോക്കി.

‘‘നേർവോ? അതൊന്നുമില്ല. ഓനു പനിയായിട്ടുണ്ടാവും അപ്പോ...’’

ഞാൻ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിനൊന്നു കൈ കൊടുത്തു ക്ളിനിക്കിന്റെ പടിയിറങ്ങി. 

ആ റിപ്പോർട്ടും മരുന്നുകുറിപ്പടിയും ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്താണെന്നറിയില്ല, ക‌ളയാൻ തോന്നുന്നില്ല.

(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com