ADVERTISEMENT

മധ്യവയസ്കരായ ദമ്പതികളാണ് ഞങ്ങൾ. നഴ്സായിരുന്നു ഭാര്യ ഈ കഴിഞ്ഞവർഷം റിട്ടയർ ചെയ്തു. ഇതുവരെ ഇല്ലാതിരുന്ന ചില പെരുമാറ്റ പ്രശ്നങ്ങൾ വിരമിച്ചതിനുശേഷം കാണുന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം ചിട്ടയോടെ ചെയ്തിരുന്ന ആൾ ഇപ്പോൾ ഒന്നിലും ശ്രദ്ധ കാണിക്കുന്നില്ല. നന്നായി ഒരുങ്ങുകയും ഡ്രസ് ചെയ്യുകയും ചെയ്തിരുന്ന ആൾ ഇപ്പോൾ വളരെ അലക്ഷ്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്. മുടി ഡൈ ചെയ്യുന്നുമില്ല. ചായയില്‍ പഞ്ചസാരയ്ക്കു പകരം ഉപ്പ് പല പ്രാവശ്യം ഇട്ടു. ഗ്യാസ് ഓഫ് ചെയ്യാൻ മറക്കുന്നത് പതിവായിരിക്കുകയാണ്. വീട്ടിൽ മറ്റ് അംഗങ്ങൾ ഉണ്ടെന്ന കാര്യം മറന്ന മട്ടിൽ ശരിയായി ഡ്രസ് ചെയ്യാതെ കുളിമുറിയിൽ നിന്നു പുറത്തു വരുന്നു. ഇതിനൊക്കെ പല പ്രാവശ്യം ശാസിച്ചിട്ടും ഉപദേശിച്ചിട്ടും മാറ്റം കാണുന്നില്ല. ഒരു കൗൺസലിങ്ങിന് പോയപ്പോൾ റിട്ടയർ ചെയതതിന്റെയും മക്കൾ കൂടെ ഇല്ലാത്തതിന്റെയും മാസമുറ നിന്നതിന്റെയും ഒക്കെ മാനസിക പ്രതികരണങ്ങളാവാം എന്നാണു പറഞ്ഞത്. പക്ഷേ, പ്രശ്നങ്ങൾ കൂടിവരുന്നതല്ലാതെ കുറയുന്നില്ല. എന്താണു ചെയ്യേണ്ടത്?

പ്രതികരണം: അൻപതുകളിലോ അറുപതുകളിലോ ഒരു വ്യക്തിയുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ മാറ്റങ്ങൾ കാണുമ്പോൾ അത് അയാളുടെ പ്രായത്തിന്റെയോ ജീവിത ഘട്ടത്തിന്റെയോ സവിശേഷതകളായും റോൾ മാറ്റത്തോടുള്ള പ്രതികരണങ്ങളായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

∙ഫ്രോണ്‍ടോ– ടെംപറൽ ഡെമൻഷ്യ (Fronto-Temporal Dementias) എന്ന വിഭാഗത്തിൽ പെടുന്ന മേധാക്ഷയത്തിന്റെ ലക്ഷണങ്ങളാണ് കത്തിലെ വിവരണം സൂചിപ്പിക്കുന്നത്.

∙തലച്ചോറിന്റെ മുൻഭാഗത്തെയും മധ്യഭാഗത്തെയും കോശങ്ങൾക്ക് ഉണ്ടാകുന്ന നാശം മൂലം സ്വന്തം വ്യക്തിത്വം തന്നെ മാറിപ്പോകുന്ന ഒരു അവസ്ഥയാണിത്. സാമൂഹികബോധമില്ലാത്ത പെരുമാറ്റം, മറവി, സംസാരത്തിലെ അപാകതകൾ ഇവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

∙തൈറോയ്ഡ് രോഗം തുടങ്ങിയ മെഡിക്കൽ തകരാറുകൾ കൊണ്ടും ഇത്തരം അവസ്ഥകൾ ഉണ്ടാകാം. 

∙മരുന്നു ചികിത്സ കൊണ്ട് ഭാഗികമായ മാറ്റങ്ങൾ ഉണ്ടാകും. പക്ഷേ, ഇത്തരം രോഗങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിലുള്ള പരിചരണമാണു വേണ്ടത്. ഒരു ന്യൂറോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ അഭിപ്രായം എത്രയും വേഗം തേടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com