ADVERTISEMENT

എനിക്ക് കൊള്ളാവുന്ന ഒരു കോന്ത്രപ്പല്ല് ഉണ്ടാകേണ്ടതായിരുന്നു. അമ്മയാണ് അത് ഇല്ലാതാക്കിയത്. 

കുഞ്ഞുന്നാളിൽ ആരുടെയും ഒരു പേടിസ്വപ്നമാണ് പല്ലുപറിക്കൽ. അഞ്ചര ആറു വയസാകുമ്പോഴേക്കും കുഞ്ഞിപ്പല്ലുകൾ കുലുങ്ങാൻ തുടങ്ങും. മിക്കവാറും താഴേ നിരയിൽ നിന്നായിരിക്കും കുലുങ്ങിത്തുടങ്ങുക. അത് പറിച്ചൊഴിവാക്കണം . പിന്നെ പുതിയ പല്ലുകൾ കിളർത്തുവരും. ജീവശാസ്ത്ര പുസ്തകത്തിൽ പറയുന്ന പ്രകാരമാകുമ്പോൾ  കോമളദന്തങ്ങൾ കൊഴിഞ്ഞു മനുഷ്യന് സ്ഥിരദന്തങ്ങൾ വരും.

പല്ല് കുലുങ്ങിത്തുടങ്ങിയതിനു ഞാൻ വലിയ പ്രചാരം കൊടുത്തില്ല. താൽപര്യമില്ലാത്തതു കൊണ്ടൊന്നുമല്ല. എന്റെ മൂത്തവരുടെ പല്ല് അച്ചാച്ചൻ പറിക്കുന്നത് കണ്ടിട്ടുള്ളതു കൊണ്ടായിരുന്നു. തള്ള വിരലിന്റെ നഖം പല്ലിനിടയിൽ കടത്തി ഇടത്തുനിന്നും വലത്തുനിന്നും എടറ്റിക്കൊടുക്കുന്നതാണ് അതിന്റെ പൊതുരീതി. രക്തപങ്കിലമായ ആ പ്രക്രിയയോട് എനിക്കത്ര താൽപര്യം തോന്നിയില്ല.

പല്ലു കുലുങ്ങാൻ തുടങ്ങുന്നത് എങ്ങനെയാണെന്ന് നമ്മൾ അറിയുന്നത്  ഓർത്തെടുക്കാനാവുന്നില്ല. അത് കുലുങ്ങാൻ തുടങ്ങും. നമ്മൾ കുലുക്കാനും.  കുലുക്കിക്കുലുക്കി പല്ലിന്റെ ‘വേരുകൾ’ പറിച്ചു കൊണ്ടേയിരിക്കണം. വേര് ഓരോന്നും പറയുന്ന ശബ്ദം ‘ക്ശ്‌ശ് ....’ എന്ന് നമുക്ക് കേൾക്കാം. ഒപ്പം വായിൽ തെളിഞ്ഞ ഉമിനീരു പൊടിയും. അതു തുപ്പി ഒഴിവാക്കാം.

നന്നായി പല്ല് കുലുങ്ങികഴിയുമ്പോഴേക്കും  ഓരോരുത്തരു പറഞ്ഞുതുടങ്ങും–

‘‘പറിച്ചുകളാ...... പല്ല് ഊഞ്ഞാലു പോലെ ആടുന്നു.’’
– കേട്ടാൽ തോന്നും കേറിയിരുന്ന് ആടാമെന്ന്.

എന്തായാലും  അതോ‍ടെ നിവൃത്തിയില്ലാതാകും. എത്ര ഒളിച്ചു നടന്നാലും പിടിവീഴും. വിരൽ കൊണ്ടു തള്ളുക, നഖം കൊണ്ട്  എടറ്റുക, നൂലുകെട്ടി വലിക്കുക തുടങ്ങി പല പരിപാടികളുണ്ട് പല്ലുപറിക്കലിന്. 

ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ പറിച്ചെടുക്കുന്ന പല്ലുകളെ നിർമാർജനം ചെയ്യാൻ ഒരു ചടങ്ങുണ്ട്. പറിഞ്ഞു കിട്ടിയ പല്ല് ഒരുരുള ചാണകത്തിനുഉള്ളിൽ തള്ളി കടത്തും. ഒന്നുകൂടി ഉറപ്പിച്ചുരുട്ടി അത് പുരപ്പുത്ത്  എറിഞ്ഞു പിടിപ്പിക്കും. എറിയുമ്പോൾ വരാനിരിക്കുന്ന പല്ലിനായി ഒരു ആഹ്വാനം കൂടിയുണ്ട്. 

‘‘കൊച്ചരിപ്പല്ലേ വാ വാ...
 തൂമ്പാപ്പല്ലേ പോ പോ... ’’

പുതുതായി വരുന്ന പല്ല് എങ്ങനെയായിരിക്കുമെന്ന് ഒരു രൂപവുമില്ല. എന്നാലും മൺവെട്ടിപ്പാകത്തിൽ വലുതായി പോവാതെ സുന്ദരമായ കൊച്ചു പല്ലുകൾ വരണേ എന്നാണ് പ്രാർഥന.

പല്ലുതേക്കുമ്പോൾ കാമദേവനെ ധ്യാനിക്കുന്ന മന്ത്രം ചൊല്ലണമെന്ന് വേദത്തിൽ പറയുന്നത് പല്ല് സുന്ദരമായി ആളു സുന്ദരമാകാൻ വേണ്ടിയാണ്.
‘‘ ഓം ക്ലീം കാമദേവായ നമഃ ’’ എന്നാണു മന്ത്രം.

ഒരാൾ മറ്റുള്ളവർക്ക് സുന്ദരരൂപിയായി കാണപ്പെടാൻ കാമദേവന്റെ അനുഗ്രഹമാണ് വേണ്ടത്. അതായത് മുഖം സുന്ദരമാകാൻ പല്ലു സുന്ദരമാകണം. പല്ലു സുന്ദരമായാൽ ചിരി സുന്ദരമാകും.   ചിരി സുന്ദരമാകുന്നതിന്റെ ഫലവും ആളു സുന്ദരമാകുന്നതു തന്നെ. അതിനാണു മന്ത്രം.

വീട്ടിൽ ഞങ്ങൾ ഒരിക്കൽ ഈ മന്ത്രം ചർച്ച ചെയ്തു. മകൻ കൊച്ചായിരിക്കുന്ന കാലമാണ്.  

പിറ്റേന്ന് അവൻ പല്ലുതേക്കുമ്പോൾ മന്ത്രം കേട്ടു.

‘‘ ഒാം ക്ലീൻ കാമദേവായ നമഃ ’’  
‘‘ അതെന്താഡേ ഒരു ക്ലീൻ ? ’’

‘‘ അതങ്ങനാ. നമ്മൾ പല്ല് ക്ലീൻ ചെയ്യുകയല്ലേ.. അതുകൊണ്ട് ഒാം ക്ലീൻ....’’
ഞാൻ സുല്ലിട്ടു.

മന്ത്രം എങ്ങനെയായാലും ആളിന്റെ ലുക്ക് തീരുമാനിക്കുന്നതിൽ പല്ലുകൾക്ക് വലിയ റോൾ ഉണ്ട്. എന്റെ അമ്മയുടെ പല്ലുകൾ മാറ്റി സെറ്റുപല്ല് വച്ചപ്പോൾ അതു കണ്ടതാണ്. നാട്ടിൽ തന്നെ പുതുതായി ഒരു പുതിയ ഡെന്റിസ്റ്റ് തുടങ്ങിയ ക്ളനിക്കിലാണ് അമ്മയുടെ പല്ലുകൾ വച്ചത്. ഏറെ ശ്രദ്ധാപൂർവം നടപടിക്രമങ്ങളുറപ്പിച്ചാണ് എല്ലാം ചെയ്തത്. പക്ഷേ, പല്ലു വച്ചുകഴിഞ്ഞപ്പോൾ അമ്മ പഴയ അമ്മയല്ല. എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ എന്ന് അമ്മയെ അറിയുന്ന എല്ലാവർക്കും അറിയാനാകും.

കോന്നിയിൽ കെട്ടിച്ചുവിട്ട അടുത്ത വീട്ടിലെ മണി സ്വന്തം വീട്ടിലേക്കു വിരുന്നു വരുംവഴി അമ്മയെ മുറ്റത്തു കണ്ടു ഞങ്ങളുടെ പടിക്കലൊന്നു നിന്നു. 

‘‘ അയ്യോ, പെണ്ണമ്മച്ചിക്കിതെന്തു പറ്റി. വേറാരോ ആണോന്നെനിക്കങ്ങു തോന്നിപ്പോയി.’’

വലിയ പ്രശ്നങ്ങളൊന്നുമില്ല. അതു വരെ കണ്ടവർക്ക് അമ്മയെ കണ്ടാൽ അമ്മയാണെന്നല്ല, അമ്മയുടെ സഹോദരിയാണെന്നാണു തോന്നുക. അങ്ങനെയൊരു വ്യത്യാസം മാത്രം.

ഒടുവിൽ അമ്മയെ ഞാൻ കോഴിക്കോട്ടു കൊണ്ടുവന്നു. ഡെന്റൽ കോളജിലെ പ്രഫസർ പ്രോസ്തോഡോന്റിസറ്റ് ഡോ. എം.ഗോപിനാഥനെ കാണിച്ചു. അളവും കനവും ഒക്കെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു.

‘‘നന്നായിട്ടൊക്കെത്തന്നെയാ ചെയ്തിരിക്കുന്നേ.... പക്ഷേ, ലേശത്തിനൊരു വലിപ്പം കൂടിപ്പോയി.’’ 

‘ഒരു പൊടിക്ക് ഹൈറ്റ് കൂടിപ്പോയി, വച്ച പല്ലിന്’ എന്നദ്ദേഹം വിശദീകരിച്ചു.

അതാണ്. നേരിയ പ്രശ്നം മതി, വലിയ പ്രശ്നമാകാൻ.

ഗോപിനാഥൻ ഡോക്ടർ ആ സെറ്റ് മാറ്റി പുതിയ സെറ്റ് വച്ചുതന്നു. അമ്മ പഴയ ചേലിലുമായി.

മനസ്സിലായല്ലോ, പല്ലുകളുടെ ആകൃതിപ്രകൃതയൊക്കെ നന്നായിരിക്കാനുള്ള പ്രാർഥനയുടെ ഒരു പ്രസക്തി .

എന്റെ പല്ലുപറിക്കലിലേക്കു മടങ്ങിവരാം. പല്ലുപറിക്കൽ എങ്ങനെയെങ്കിലും ഒഴിവായിപ്പോകാൻ ഞാൻ പ്രാർഥിച്ചു. പല്ലിനു പോകണമെങ്കിൽ തനിയെ അങ്ങ് പോയ്ക്കൂടേ എന്നൊക്കെ ഞാൻ ചിന്തിച്ചു. അതിനു പകരം ഇത് ഓരോ കുന്തപ്പനാണ്ടിപ്പരിപാടികൾ. ഹോ! എന്റെ പല്ലു പറിക്കപ്പെടുന്ന  ആ ഘോര നിമിഷമോർത്തു  പലപ്പോഴും നടുങ്ങി. ഓർമയിലെ ആ നടുക്കം കാരണം പല്ലു കുലുക്കിക്കൊടുക്കുക, വേരു പറിക്കുക തുടങ്ങിയ കർമങ്ങൾ ഒന്നും ഞാൻ ചെയ്തില്ല. കുറെ കഴിഞ്ഞപ്പോൾ പല്ലിന്റെ ആട്ടം കുറഞ്ഞു. അതു നല്ലതായി എനിക്ക് തോന്നി. പക്ഷേ അടുത്തതായി സംഭവിച്ചത് ആ പല്ലിന്റെ ഉള്ളിലായി പുതിയൊരു പല്ലു മുളച്ചുവരികയാണ്.

–മൊടമ്പല്ല് !!! 

മൊടമ്പല്ല് ഉള്ളിലൂടെ കിളിർത്തു വന്നാൽ ആദ്യത്തെ പല്ല് ഉറയ്ക്കും. എന്നിട്ട് രണ്ടും ‘സ്ഥിരദന്തങ്ങൾ’ ആയി മാറും . അങ്ങനെ കോന്ത്രപ്പല്ല് ഉണ്ടാകും.

ഉണ്ടാകാൻ പോകുന്ന കോന്ത്രപ്പല്ലിനെകുറിച്ച്  കണ്ടുമുട്ടിയവരെല്ലാം എനിക്ക് മുന്നിൽ ഭീഷണമായ ചിത്രങ്ങൾ വരച്ചു. വായിൽ കൊള്ളാതെയായിപ്പോകുന്ന പല്ലിനെക്കുറിച്ചോർത്ത് ഞാൻ കൂടുതൽ നടുങ്ങി.

അമ്മ അടുത്തിരുത്തി കാര്യങ്ങൾ വിശദീകരിച്ചു. എന്തായാലും  കുലുങ്ങിയ പല്ലിനെ പറിച്ചു കളയണം. അല്ലെങ്കിൽ ആകെ വൃത്തികേടായിരിക്കും. പ്രേരണ സന്ധ്യയോളം തുടർന്നു. മറിച്ചൊന്നു ചിന്തിക്കാൻ ഇട തരാതെ. വൈകുന്നേരം മുൻവാതിന്റെ കട്ടിളപ്പടിയിൽ ഇരുന്ന അച്ചാച്ചന്റെ മുന്നിൽ നടക്കല്ലിൽ വായും തുറന്നു ഞാൻ നിന്നു. സാധാരണയിലും കൂടുതൽ സമ്മർദം ചെലുത്തിയിട്ടും ഒരൊന്നൊന്നര പിടിത്തത്തിനൊന്നും പല്ലു പറഞ്ഞില്ല. എന്റെ വായിൽ ഉമിനീരും ചോരയും നിറയുകയും ഞാനത് നടക്കല്ലിൽ തുപ്പിക്കൊണ്ടിരിക്കുകയും ചെയ്തു. കുറെ നേരത്തെ ക്രിയക്ക് ശേഷം പല്ല് പറിഞ്ഞു താഴെ വീണു.

കണ്ണീരൊലിപ്പിച്ച എന്നെ അമ്മ  ഉപ്പുനീര് കവിൾക്കൊള്ളിച്ചു. എന്റെ പല്ലും പുരപ്പുറത്തായി. ആരാണെറിഞ്ഞതെന്നു ഞാൻ കണ്ടില്ല. ചേട്ടനാകാം. പെങ്ങളാകാം. എല്ലാം കഴിഞ്ഞ് ഞാൻ ഡെസ്കിന്റെ മുകളിൽ വച്ചിട്ടുള്ള കണ്ണാടിയെടുത്തു വാ തുറന്നു നോക്കി.

‘‘ദൈവമേ.... ’’ 

എന്റെ പുതിയ പല്ല് വായിൽ കുറെ ഉള്ളിലാണ്. ഇപ്പോഴത്തെ കണക്കിൽ രണ്ടോ മൂന്നോ മില്ലിമീറ്റർ എന്നു പറയാമെങ്കിലും അന്ന് അതെനിക്ക് ഒരു മുഴം ഉള്ളിലായി നിൽക്കുന്നതായാണ് തോന്നിയത്. ഇത് ഇനി വളർന്ന് എങ്ങോട്ട് പോകുമോ, എന്റെ നാക്ക് തുളയ്ക്കുമോ എന്നൊക്കെ ഞാൻ പേടിച്ചു. രാത്രി അമ്മ കൂടെ കിടത്തി ആശ്വസിപ്പിച്ചു.

പിറ്റേന്ന് അമ്മ എനിക്ക് പല്ല് നേരെയാക്കാനുള്ള വഴി പറഞ്ഞു തന്നു.

‘‘മോൻ എപ്പോഴും നാക്കുകൊണ്ട് ആ പല്ല് പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കണം.’’

ഞാൻ തള്ളു തുടങ്ങി. ഉറക്കത്തിൽ പോലും ഞാൻ പല്ലിനിട്ടു തള്ളി. മാസങ്ങളോളം.

അൽഭുതം സംഭവിച്ചു.

എന്റെ പല്ല് നേരെയായി. കറക്ടായി നിരയൊത്തു മറ്റു പല്ലുകളോട് അത് ചേർന്നുനിന്നു.

അപ്പോഴേക്കും വെറുതെ നാക്കുകൊണ്ട് പല്ലിനിട്ടു തള്ളുക എന്നത് എനിക്കൊരു ശീലമായിക്കഴിഞ്ഞിരുന്നു.  ഒടുവിൽ അമ്മ പറഞ്ഞു:

‘‘നിർത്തിക്കോണം. ഇനിയും തള്ളിക്കൊണ്ടിരുന്നാ തവിക്കണ കൊണ്ട് നിന്റെ താടിക്കു ഞാൻ തല്ലും.’’

–നാക്കു പേടിച്ചുപോയി. 

തളളു നിന്നു.

പല്ലിൽ കൊലുസു കെട്ടി നടക്കുന്നവരെ കാണുമ്പോഴൊക്കെ ഞാൻ എന്റെ പഴയ തള്ള് ഓർക്കും. അകത്തായിപ്പോയ പല്ലിനെ പുറത്തേക്ക് കൊണ്ടുവരാൻ നാവുകൊണ്ട് തള്ളിയാൽ മതിയെങ്കിൽ പുറത്തേക്ക് തള്ളുന്ന പല്ലിനെ അകത്തേക്ക് കൊണ്ടുപോകാൻ പുറത്തുനിന്ന് പ്രഷർ കൊടുത്താൽ പോരേ? എന്നുവച്ചാൽ വിരൽ കൊണ്ട് അമർത്തിത്തേച്ചാൽ പോരേ ?

ഇത്തിരി കാര്യമായി തള്ളിയിട്ടുണ്ടെങ്കിൽ തേപ്പു പോരാ. കെട്ടു തന്നെ വേണം. അതുള്ളതു നല്ലതു തന്നെ. പണ്ട് അങ്ങനെയില്ലാതിരുന്നതിന്റെ പ്രശ്നം എത്രയോ പേർ അനുഭവിച്ചു.   കെട്ടിയതു വഴി ചില പല്ലുകൾ നന്നായി ഉടമസ്ഥരുടെ ലുക്ക്  നന്നാക്കിയതു നേരട്ടറിയുകയും ചെയ്യാം. പക്ഷേ, പ്രശ്നമൊന്നും ഉണ്ടെന്നേ തോന്നാത്തവർ കെട്ടിയ പല്ലുമായി പ്രത്യക്ഷപ്പെടുമ്പോൾ ചെറിയൊരു സംശയം ഉണ്ടായിവരും. പിന്നെ ഇല്ലാതെയായിപ്പോകും. ഉണ്ടായിട്ടു കാര്യമില്ലല്ലോ. അവർക്കു പ്രശ്നം തോന്നുന്നുണ്ടാകും. പരിഹാരം ഉള്ളപ്പോൾ അതു സ്വീകരിക്കുന്നതുതന്നെ നന്ന്. 

എന്നാലും വിരൽകൊണ്ട് പല്ലുതേക്കുന്നതു നിന്നതോടെയാണോ കൂടുതൽ പേർക്ക് പല്ലിന് കമ്പിയിടേണ്ടിവരുന്നത് എന്ന് എനിക്കൊരു സംശയം ഉള്ളിലുണ്ട്.

പല്ലുകാര്യത്തിൽ ഞാൻ ഒരിക്കൽ വർഗീസ് മേച്ചേരിയെ ഒന്നുപദേശിച്ചു. 

മേച്ചേരിയേട്ടൻ സാധാരണ പുള്ളിയല്ല. മാളയിൽ കെ. കരുണാകരനെതിരെ പൊതുസ്ഥാനാർഥിയായി നിന്ന് കരുണാകരനെതിരെ കഷ്ടിച്ചു മാത്രം തോറ്റുപോയ  പുലിയാണ്. 

ഫാ. വടക്കന്റെ ടീമിൽ ‘തൊഴിലാളി’ യിലെ പത്രപ്രവർത്തകനും കെഎസ്പി യുടെ നേതാവുമായിരുന്നു– കെ.ആർ. ചുമ്മാറിന്റെയൊക്കെ കൂടെ. സോഷ്യലിസ്റ്റുൾക്ക് മാന്ദ്യം ബാധിക്കുകയും തൊഴിലാളിപ്പത്രം പൂട്ടുകയുമൊക്കെ ചെയ്തപ്പോൾ മേച്ചേരിയേട്ടൻ തൃശ്ശൂരിൽ മലയാള മനോരമയിൽ പത്രപ്രവർത്തകനായി.

തൃശൂരിൽ ഞാൻ റിപ്പോർട്ടറായിരിക്കെ ഒപ്പം മേച്ചേരിയേട്ടനുമുണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പക്കാർ രാവിലെ പണി തുടങ്ങും. ഞങ്ങൾക്കു വർഗീസേട്ടനായ മേച്ചേരിയേട്ടൻ ഉച്ചയ്ക്കാണ് പണി തുടങ്ങുക. തൃപ്രയാറടുത്ത് വലപ്പാട് ആണ് അദ്ദേഹത്തിന്റെ നാട്.  കുഞ്ഞുണ്ണിമാഷിന്റെയും നാട്. എന്നും വർഗീസേട്ടൻ വലപ്പാട്ടുനിന്നാണു വരിക.  

ഒരു ദിവസം വർഗീസേട്ടനു പല്ലുവേദന, ഞാൻ പറഞ്ഞു ഡോക്ടറെ കാണാൻ.

വർഗീസേട്ടൻ അതുകേട്ട പോലെ തോന്നിയില്ല. ഒന്നുകൂടി പറഞ്ഞപ്പോൾ ഒന്ന് മൂളി.

വേറൊന്നുമില്ല.

വൈകുന്നേരമായപ്പോൾ വർഗീസേട്ടൻ ഒരു കഥ പറഞ്ഞു.

" അതേയ് ജോഷ്വ ..... വി.എസ്. കേരളീയൻ പണ്ടൊരാളെ പല്ലുതേപ്പിച്ച ഒരു സംഭവമുണ്ട്. ".

കേരളത്തിലെ രണ്ടു പ്രശസ്തരായ കേരളീയൻമാരാണ് വി.എസ്. കേരളീയനും കെ.എ. കേരളീയനും. സാമൂഹിക പരിഷ്കർത്താക്കൾ. സ്വാതന്ത്ര്യ സമരസേനാനികൾ. വി.എസ്. കേരളീയൻ തൃശ്ശൂർ എങ്ങണ്ടിയൂരുകാരനാണ്. അധഃസ്ഥിതർക്കിടയിലായിരുന്നു പ്രവർത്തനങ്ങൾ ഏറെയും. 

‘‘അതെന്തു സംഭവമാ വർഗീസേട്ടാ...’’

‘‘ അതേയ്, ഇഷ്ടൻ 75 വയസ്സായ ഒരാളെ പല്ലുതേപ്പിച്ചു. അതുവരെയും പല്ലുതേച്ചിട്ടില്ലാത്ത ഒരാളെ...’’

അതു കൊള്ളാമല്ലോ. ഞാൻ ചെവി കൂർപ്പിച്ചു 

‘‘കഥയെന്താന്നു വച്ചാൽ ആ 75 വയസ്സ് വരെ പല്ലുതേക്കാത്തയാൾ ആദ്യമായി അന്നു പല്ലുതേക്കുമ്പോൾ അയാൾക്കു മുഴുവൻ പല്ലും ഉണ്ടായിരുന്നു!!!’’

പറഞ്ഞിട്ടു വർഗീസേട്ടൻ വിശാലമായി ചിരിച്ചു. 

കേട്ടിരുന്ന ഞാനും തോമസ് ഡൊമിനിക്കും അരുൺകുമാറും  ഹരികൃഷ്ണനുമെല്ലാം ഒന്നിച്ചു ചിരിച്ചു.

വർഗീസേട്ടൻ ഡോക്ടറെ കാണാൻ പോയില്ല. അദ്ദേഹത്തിന് പല്ലുമായുളള ഇടപാടിന് അദ്ദേഹത്തിന്റെതായ വേറെ വഴിയുണ്ട്.

ഈ വിവരം എവിടെയാണുള്ളതെന്ന് ഞാൻ പിന്നീടു വർഗീസേട്ടനോടു ചോദിച്ചപ്പോൾ കേരളീയന്റെ ജീവചരിത്രത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.

ജീവചരിത്രത്തിൽ അതു കണ്ടെത്താനായില്ല. അതുകൊണ്ട് ഞാൻ ജീവചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരിയോട് അതേപ്പറ്റി അന്വേഷിച്ചു. 

ജീവചരിത്രത്തിലല്ല. താൻ എഴുതിയ ഒരു ലേഖനത്തിലാണ് അക്കാര്യം പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോടു ജില്ലയിലെ ഒരു കോളനിയിലാണ് സംഭവം നടന്നതെന്നും സാക്ഷ്യപ്പെടുത്തി. മുഴുവൻ പല്ലും ഉണ്ടായിരുന്നോ എന്നതു പക്ഷേ പണിക്കശ്ശേരിസാർ സാക്ഷ്യപ്പെടുത്തിയിട്ടില്ല.

എന്റെ അമ്മയ്ക്കു പല്ലുവേദന വരുമായിരുന്നു. 

അമ്മ അതിനു കുഞ്ഞിക്കുട്ടി വൈദ്യരുടെ എണ്ണ തേക്കുകയാണു ചെയ്തിരുന്നത്. അരുമേദാദി, നാഗരാദി, കാർപ്പാസാദി, ബലാഗുളിച്യാദി ഇങ്ങനെ ആദികളായ കുറെ കാച്ചെണ്ണകളുണ്ടാകും പണ്ടു വീടുകളിൽ സ്ഥിരമായി. 

കുഞ്ഞിക്കുട്ടി വൈദ്യരുടെ വൈദ്യശാലയിലെ എണ്ണകളാണ് അമ്മയ്ക്കു വിശ്വാസം. കുഞ്ഞിക്കുട്ടി വൈദ്യർ കോന്നിയിലാണുള്ളത്. തിരുവിതാംകൂറിൽ തന്നെ ആദ്യത്തെ ക്വാളിഫൈഡ് വനിതാ വൈദ്യരാണ്. വൈദ്യശാല ഇപ്പോഴുമുണ്ട്. ഒരു മകളുടെ മകൾ ഡോ. സുഷയാണിപ്പോൾ കുടുംബത്തെ ചികിൽസാലയം നോക്കുന്നത്. മകളുടെ ഭർത്താവ് ഡോ. ദയാനന്ദന്റെ വൈദ്യശാലയും അടുത്തുണ്ട്.

കുട്ടിക്കാലത്തൊക്കെ പല്ലു പരിപാലനത്തിന് 2 വഴികളാണുള്ളത്. ഒന്നു മാവില. രണ്ട് ഉമിക്കരി,

" പഴുത്ത മാവിലകൊണ്ടു പല്ലു തേച്ചാൽ പുഴുത്ത പല്ലും ശുദ്ധമാകും  "

എന്നാണ് പ്രമാണം..

ഉമിക്കരിക്കു പ്രമാണമൊന്നുമില്ല..

അത്  ' ഉമിക്കരിക്കുടുക്ക  ' യിൽ കിടന്നോളും. ഒരു മുട്ട് മുളങ്കുറ്റിയുടെ ഒരു വശത്ത് ഒരു തുളയിട്ടതായിരുന്നു ഞങ്ങളുടെ നാട്ടിലൊക്കെ എല്ലാ ഉമിക്കരിക്കുടുക്കയും. അതിൽനിന്ന് ഉമിക്കരി കുടഞ്ഞ് ഇടതുകയ്യിലിട്ട് വലതു തള്ളവിരൽ കൊണ്ട് അർത്തിപ്പൊടിച്ചിട്ട് ചൂണ്ടു വിരൽകൊണ്ട് അമർത്തിത്തേക്കും.. ഉള്ളിലൊക്കെ ക്ലീൻ ആക്കാൻ തള്ള വിരലിന്റെയും സഹായം ഉണ്ടാകും.

ഉമിക്കരി ചിലപ്പോൾ ഉപ്പും കുരുമുളകുമിട്ട്  വിശിഷ്ടമാക്കും..

കുടുക്കയിലെ ഉമിക്കരി കുറെയെടുത്ത് ഉപ്പും കുരുമുളകും  നന്നായി പൊടിച്ച് ചേർത്തിളക്കി വഴുനീറ്റിലയിൽ പൊതിഞ്ഞുവയ്ക്കും. വഴുനീറ്റില എന്നാൽ പഴുത്തുണങ്ങിയ വാഴയിലയാണ്. വാവട്ടമുള്ള കുപ്പി കിട്ടിയാൽ അതിലാക്കിയും വയ്ക്കും ഉപ്പും കുരുമുളകുമിട്ട ഉമിക്കരി. അത്തരം കുപ്പി കിട്ടാൻ പക്ഷേ, വലിയ പ്രയാസമാണ്. 

ഇങ്ങനെയൊരു കൂട്ടുകൊണ്ടു തേച്ചാൽ പല്ലു നന്നാകുന്നതു കൂടാതെ സകല മോണരോഗങ്ങളും ഇല്ലാതാകുകയും ചെയ്യും എന്നാണ് വയ്പ്. ഇതൊക്കെക്കൊണ്ടാവണം എനിക്കു പുഴുപ്പല്ലുണ്ടായിരുന്നില്ല.

സ്കൂളിലൊക്കെ അപൂർവം ചിലർ മാത്രം ' പുഴുപ്പല്ലൻ  ' എന്ന് വിളി കേട്ടു. എങ്ങനെയോ അവരുടെ കോമളദന്തങ്ങൾ ദ്രവിച്ചിരുന്നു.

' പുഴുപ്പല്ലൻ ചിറകെട്ടി ' 

കിഴക്കെല്ലാം മഴപെയ്തു....'

എന്നൊക്കെ പാട്ടും ചിലപ്പോഴൊക്കെ കേട്ടു.

എന്റെ മകളുടെയും പല്ലുകൾ ദ്രവിക്കുന്ന സ്വഭാവം കുറച്ചൊക്കെ ഉള്ളവയായിരുന്നു.  കുലുങ്ങുന്നതിനു മുന്‍പേ ദ്രവിക്കാനാണ് അവയ്ക്കു തോന്നിയത്. മുൻപല്ലുകൾ കുലുങ്ങിപ്പറിഞ്ഞു പുതിയ പല്ലു വരാൻ കാലമാകുന്നതിനും മുൻപ്  അതിൽ താഴേ നിരയിലെ ഒരു പല്ല് ദ്രവിച്ച് ഇത്തിരി പ്രശ്നമാകും എന്നു തോന്നിയപ്പോൾ ഞങ്ങൾ അതൊരു ഡെന്റിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു. ആ ചുമതല സന്തോഷപൂർവം ഭാര്യയ്ക്കു വിട്ടു കൊടുത്തു. ഭാര്യ മകളെയും കൂട്ടി ദമ്പതികളായ രണ്ടുപേർ നടത്തുന്ന ഒരു ഡെന്റൽ ക്ലിനിക്കിലെത്തി. അപ്പോൾ അവിടെ ‘ദം’ മാത്രമേ ഉണ്ടായിരുന്നുള്ളു. പതി ഉണ്ടായിരുന്നില്ല. ആകെ മൊത്തം നോക്കിയിട്ട് ‘ദം’ ആ പല്ല് പിഴുതു കളയാൻ തീരുമാനിച്ചു. വളരെ ശ്രമം ചെയ്ത് അതു കുറ്റിയടക്കം പിഴുതു കളഞ്ഞു. പുതിയ പല്ലു വന്നോളും  എന്ന്  വിദഗ്ധാഭിപ്രായവും പറഞ്ഞു.

പുതിയ പല്ലു വരുന്നതും കാത്തിരിക്കുന്നതിനിടെ അതിന്റെ തൊട്ടടുത്ത പല്ലിനും ദ്രവിക്കൽ.

വീണ്ടും ദമ്പതി ക്ലിനിക്കിലേക്കു തന്നെ ചെന്നു. അന്നു ‘ദം’ ഇല്ലായിരുന്നു. പതി മാത്രം.

കുട്ടിയുടെ വായ് പിടിച്ചു നോക്കിയിട്ട് അദ്ദേഹം ചൂടായി. 

“ ആരാണി കുട്ടിയുടെ പല്ലെടുത്തത് ? എന്താവശ്യത്തിന് ? ഇങ്ങനെ പല്ലെടുത്താൽ സ്പെയ്സിങ് പ്രശ്നമാകും ”

‘‘അത് ഇവിടെത്തന്നെയാണ് എടുത്തത്. ഇവിടുത്തെ വനിതാ ഡോക്ടർ തന്നെയാണ്.’’

ഭാര്യ ഭവ്യതയോടെ അറിയിച്ചു.

“ ആവശ്യമില്ലായിരുന്നു. ങാ.. ശ്രദ്ധിച്ചാൽ മതി ”

അദ്ദേഹം ആ രണ്ടാമത്തെ പല്ല് എടുത്തില്ല. അതു പിന്നീട് സ്വയം പോയി.

എന്തായാലും സ്ഥിര ദന്തങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായില്ല.

അവർ രണ്ടാളും രണ്ടു തരത്തിലാണ് ഒരേ പ്രശ്നത്തെ സമീപിച്ചതെന്ന ഗൗരവമുള്ളൊരു പരാതി ഭാര്യ എന്റെ മുന്നിൽ ഉന്നയിച്ചു. എന്നോടു പറഞ്ഞിട്ടെന്തു കാര്യം. അക്കാര്യത്തിലെങ്കിലും അവർക്ക് ഒരഭിപ്രായവ്യത്യാസം ഉണ്ടായിക്കോട്ടെ എന്നു ഞാൻ പറഞ്ഞൊഴിഞ്ഞു. അതത്ര നല്ല അഭിപ്രായമായി ഭാര്യയ്ക്കു തോന്നിയതായി എനിക്കു തോന്നിയില്ല. 

ഇന്നും അവർക്കങ്ങനെ തോന്നിയിട്ടില്ല.

ഇടയ്ക്കിടെ അതു പറയും. മകളുടെ പല്ലിന്റെ കാര്യത്തിൽ ആ ഡോക്ടർമാർക്ക് അഭിപ്രായൈക്യം ഇല്ലാതിരുന്ന കാര്യം. പല്ലു ഡോക്ടറായ ആങ്ങളയോടും പറയുന്നതു കേട്ടിട്ടുണ്ട്.

ഉപ്പിട്ടു പല്ലു തേക്കുക, ഉപ്പുവെള്ളം വായിൽ കൊണ്ട് മോണകളുടെ ആരോഗ്യം നിലനിർത്തുക, കരയാമ്പൂ കടിച്ച് പല്ലുവേദനയ്ക്കു ശമനം വരുത്തുക തുടങ്ങിയ പല്ലുവൈദ്യമടക്കം, നമ്മുടെ വീടുകളുടെ അകത്തും പുറത്തുമൊക്കെയായി കുറെ വൈദ്യം നിലനിന്ന ഒരു കാലം ഓർമയിലേ ഇല്ലാതാകുകയാണ്. മനുഷ്യന്റെ ചികിൽസയും മൃഗങ്ങളുടെ ചികിത്സയും ഒക്കെ  വീട്ടുകാര്യംപോലെയായിരുന്ന കാലം.

 'കുടലുമറിഞ്ഞ ' കുഞ്ഞുങ്ങളെ അയലത്തെ വീടുകളിൽ നിന്നൊക്കെ ഞങ്ങളുടെ വീട്ടിൽ കൊണ്ടു വന്നിരുന്നത് ഓർമ വരുന്നു.

മുറ്റത്ത് ഒരു ലോട്ടയിൽ വെള്ളവുമെടുത്ത് അവരുടെ വയറ് വെള്ളം തൊട്ടു തടവി കയ്യിൽ പൊക്കി കുലുക്കിയാട്ടി അച്ചാച്ചൻ അവരെ സുഖപ്പെടുത്തി വിടുന്നത് ഏറെ കണ്ടിട്ടുണ്ട്. കടുത്ത തൂറ്റലുമായി വരുന്ന പൊടിക്കുഞ്ഞുങ്ങൾക്ക് മറ്റൊരു മരുന്നുമില്ലാതെ സുഖപ്പെട്ട വിവരം അമ്മമാർ പിന്നീടു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

പിണർനിൽക്കുന്നതിലെ കുഞ്ഞച്ചനച്ചായൻ കുഞ്ഞുങ്ങൾക്ക് ഒരു കസ്തൂര്യാദി ഗുളികയും കൊടുക്കുമായിരുന്നു. ഫ്രീയായി. പിള്ളേർക്കതു പക്ഷേ, ഇഷ്ടമല്ല.

പട്ടി കടിച്ചാൽ പ്രഥമ ചികിത്സ കൊള്ളിവെള്ളം ഒഴിക്കുകയായിരുന്നു. എന്നെ രണ്ടു തവണ പട്ടികടിച്ചു. കൊടുമണ്ണെ പട്ടിയും തുണ്ടിയത്തെ പട്ടിയുമാണ് കടിച്ചത്. പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴാണ് കൊടുമണ്ണെ ചെമ്പൻ എന്നെ കടിച്ചത്. നല്ല കട്ടിയുള്ള ഒരു കാക്കി നിക്കറായിരുന്നതിനാൽ മർമ്മപ്രധാന സ്ഥാനങ്ങളൊക്കെ രക്ഷപ്പെട്ടു. തുടയ്ക്കു മാത്രമായി ഒതുങ്ങി മുറിവ്. ആരെ എവിടെ പട്ടി കടിച്ചാലും അടുത്ത വീട്ടിലെ അടുപ്പിൽ നിന്ന് ഒരു തീക്കൊള്ളിയെടുക്കും. അതു കടിപ്പാടിനു മീതെ പിടിച്ച് ഒരു പാത്രത്തിലെടുത്ത വെളളം  കനൽക്കൊള്ളിയിലൂടെ മുറിവിലേക്കൊഴിക്കും. അതു കഴിഞ്ഞേയുള്ളു മരുന്നുവയ്പ്. എന്റെ ഭാര്യയെ എൽപി ക്ളാസിൽ പഠിക്കുംകാലം പട്ടി കടിച്ചപ്പോൾ കൊള്ളിവെള്ളമൊഴിച്ചില്ലത്രെ. നേരേ ആശുപത്രിയിലേക്കാണു പോയത്. ചാത്തന്നൂരിനൊക്കെ അപ്പോഴേക്കും പട്ടണസ്വഭാവം വന്നു കൊള്ളിവെള്ളമൊക്കെ ഒഴിഞ്ഞുപോയിരുന്നു.  

കൊള്ളിവെള്ളം  ഒഴിക്കുന്നതിന്റെ മറ്റൊരു രൂപമായിരുന്നു ചെവിവേദനയ്ക്ക് ചൂരൽ കത്തിച്ച് എണ്ണയൊഴിക്കുന്നത്.

ചെവിവേദന കത്തിക്കയറിയ ഒരു രാത്രി അത് ഒതുങ്ങിയത് അങ്ങനെയൊരു പ്രയോഗത്തിലാണ്. അച്ചാച്ചൻ ഒരു ചൂരൽ വടിയുടെ തുമ്പ് കത്തിച്ചിട്ട് കറക്ടായി ചെവിക്കുഴിക്കു മേലേ അതു പിടിച്ച് അതിനുമേൽ എണ്ണയിറ്റിച്ചു. പിറ്റേന്നു വേദന പോയിരുന്നു. ചെറുനാരകത്തിന്റെ ഇല കുമ്പിൾ കുത്തി അതിൽ എണ്ണ നിറച്ച് എണ്ണയിൽ മുക്കിയ തിരിയുടെ നാളത്തിൽ ചൂടാക്കിയിട്ട് നാരക മുള്ള് കൊണ്ടു തന്നെ ഇലയുടെ ചുവട് കുത്തി എണ്ണ ചെവിയിൽ ഇറ്റിക്കുന്നതായിരുന്നു മറ്റൊരു രീതി. കുളഞ്ഞിക്കൊമ്പിലെ അക്കാൾ ആണ് ആ തന്ത്രം വീട്ടിൽ അവതരിപ്പിച്ചതും അമ്മ അത് എന്റെ ചെവിയിൽ പ്രയോഗിച്ചതും. വേദന പോയി.

ഇന്നൊക്കെ ഓപ്പറേഷൻ തിയറ്ററിൽ കിടക്കുന്നമാതിരിയാണ് അന്ന് ഇതിനൊക്കെയായി നിസ്സഹായനായി കിടക്കേണ്ടി വന്നിട്ടുള്ളത്. 

ഓപ്പറേഷൻ തിയറ്ററിൽ ഒന്നും അറിയുന്നില്ല. ചെവിയിൽ എണ്ണ വീഴുമ്പോൾ പക്ഷേ, എല്ലാം അറിയും.

ആദ്യത്തെ തുള്ളി ' ബ്ലും ' എന്നു വീഴുന്നത്. ചൂടുപരത്തുന്നത്. അടുത്ത രണ്ടോ മൂന്നോ തുള്ളികൾ കൂടി വീഴുന്നത്. വശം ചരിഞ്ഞ് ഇത്തിരി കിടന്ന ശേഷം കുറെ കഴിഞ്ഞ് അത് ചരിച്ച് ഒഴിച്ചു കളയുമ്പോൾ ചെവി വല്ലാത്തൊരു സുഖം അറിയുന്നത്.

ചെവിയിൽ പ്രാണി പോയാലും എണ്ണയായിരുന്നു പ്രയോഗം. ചെവിയിൽ കടക്കുന്ന പ്രാണി മിക്കവാറും ഉറുമ്പാകും.

ചെവിയിൽ കടക്കുന്നതേ ഉറുമ്പു പരിഭ്രമിക്കു. പിന്നെ അവൻ നമ്മുടെ ചെവിയെ സർക്കസിലെ മരണക്കിണറാക്കും.. ചെവിക്കുള്ളിൽ പാഞ്ഞു കറങ്ങും. പാവം മരണവെപ്രാളംകൊണ്ടു ചെയ്യുന്നതാണ്. മരിച്ചാകും പുറത്താകുന്നതും. അനന്ന എണ്ണയിൽ മുങ്ങിയാണ് അവന്റെ മരണം.

ചെവിയിൽ എണ്ണയൊഴിക്കുന്നത് അപകടകരമാണെന്നാണ് ഇന്നു ഡോക്ടർമാർ പറയുന്നത്.

വളർത്തുന്ന പക്ഷി മൃഗാദികളുടെ ചികിത്സയൊക്കെ വീട്ടിൽതന്നെയായിരുന്നു. കോഴിക്ക് പച്ച മഞ്ഞൾ അരച്ചത് ആണ് ഏതാണ്ടെല്ലാ രോഗത്തിനും മരുന്ന്. പട്ടിക്ക് മുറിഞ്ഞാൽ ചാരം എന്നൊക്കെ വേറെ ചില സൂത്രവാക്യങ്ങളുമുണ്ട്.

കന്നുകാലികളുടെ ചികിത്സയ്ക്കായി പണ്ട് ഞങ്ങളുടെ വീട്ടിൽ ‘മാട്ടുരോഗ ചികിത്സാരത്നം’ എന്നൊരു പുസ്തകമുണ്ടായിരുന്നത് നല്ല ഓർമയുണ്ട്. അതിന്റെ പുറത്തെ പശുവിന്റെ ചിത്രവും. പിന്നെ വീട്ടി‍ൽ പശുക്കളില്ലാതായി. പുസ്തകവും കാണാതായി.

പശുക്കൾക്കുള്ള മരുന്നിൽ കുരുമുളക്, കുടുക്കമൂലി, കൊടമ്പുളി, മഞ്ഞൾ ഇതൊക്കെ ഉണ്ടാകാറുണ്ട്. അരച്ചുകലക്കി ‘കുംഭ’ത്തിലാക്കി അണ്ണാക്കിൽ ഒഴിച്ചു കൊടുക്കും. നീണ്ട മുളനാഴിയാണ് ‘കുമ്പം’. തുറന്ന അറ്റം 45 ഡിഗ്രി ചരിച്ചായിരിക്കും മുറിച്ചിട്ടുണ്ടാകുക. അവിടമാണ് പശുക്കളുടെ വായിൽ കടത്തുക.

കാഴ്ചയ്ക്കൊരു പീഡനം തന്നെ. പക്ഷേ പശുക്കളെ രക്ഷിച്ചെടുക്കാൻ വേറെ വഴിയില്ല.

ഇന്ന് പശുക്കൾക്കും ഇൻജക്‌ഷനും ഗുളികയുമായി. നല്ലത്.

ചികിത്സ എല്ലാം എപ്പോഴും എല്ലാവർക്കും സുഖചികിൽസയാകട്ടെ. എല്ലാ ജീവികൾക്കും അതങ്ങനെയാകട്ടെ.

അപ്പോഴും ഒരു തോന്നൽ– 

പഴയ ചികിത്സകളിൽ ‘വാല്യൂ അഡിഷൻസ്’ നടത്തി അവയിലെ നന്മ നാളെകളിലേക്കു പകരാനാകുമോ?. 

ആകുമോ?
(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com