ADVERTISEMENT

നടുവേദന നിങ്ങളെ ശല്യം ചെയ്യാൻ തുടങ്ങിയോ എന്നറിയാൻ ഒരു ടെസ്റ്റുണ്ട്. കട്ടിലിൽ മലർന്നു കിടന്ന് രണ്ടു കാലും ഒന്നിച്ചോ ഓരോ കാലും വെവ്വേറെയോ മുട്ടു മടക്കാതെ മുകളിലേക്ക് പൊക്കി നോക്കുക. കാലിന്റെ പിൻഭാഗത്ത് അരക്കെട്ടു മുതൽ വേദനയോ കൊളുത്തി വലിക്കലോ ഉണ്ടെങ്കിൽ താമസിയാതെ താങ്കൾക്കു നടുവേദന വരുമെന്ന് ഉറപ്പിച്ചോളൂ. ഇല്ലെങ്കിലോ? ഇതുവരെ നടുവേദന തനിക്കു വന്നില്ലെന്ന് ആശ്വസിക്കാം. 

കാലിന്റെ പിൻഭാഗത്തെ ഈ നാഡിയാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ നാഡി. ആയുർവേദത്തിൽ ‘ഗൃധസി നാഡി (sciatic nerve) എന്നു പറയും. അരക്കെട്ടിനു മുകളിൽ നിന്ന് ഇരുവശങ്ങളിലായി തുടങ്ങി രണ്ടു കാൽപാദങ്ങൾ വരെ ഗൃധസി നീണ്ടു കിടക്കുന്നു. സുഷുമ്നാനാഡിയിൽ നിന്നു തുടങ്ങി, നട്ടെല്ലിന്റെ അടിഭാഗത്തെ നാലു കശേരുകൾക്കിടയിലൂടെ വരുന്ന ശാഖകൾ ഒന്നിച്ചു ചേർന്ന് കയറു പോലെയാണ് അതു രൂപപ്പെടുന്നത്. ഈ നാലു കശേരുകൾക്കിടയിലുള്ള ഡിസ്ക് പുറത്തേക്കു തള്ളുന്നതു മൂലം നാഡിക്കു ക്ഷതം പറ്റാം. പ്രായാധിക്യം കൊണ്ടു നാഡിതന്നെ ദ്രവിച്ചു പോകാം. നടുവിന് അടി, ഇടി, തട്ട് എന്നിവയുണ്ടായാലും പ്രശ്നം തന്നെ. മുഴകൾ, ക്ഷയരോഗം, അസ്ഥി പൊട്ടൽ എന്നിവ മൂലവും നാഡികൾ ക്ഷയിക്കാം. സ്ത്രീകൾക്കു പ്രസവത്തോടനുബന്ധിച്ച് ഈ നാ‍ഡികൾക്കു ബലക്ഷയം വരാം. പെട്ടെന്നു കുനിഞ്ഞ് അധികഭാരം എടുത്താലും നാഡി പിണങ്ങും. പിന്നെ ഒന്നു ചുമച്ചാലും തുമ്മിയാലും കുറെ നേരം ഇരുന്നാലും കാലിന്റെ പിൻഭാഗത്തു വേദന വരാം. അസുഖം കൂടിയാൽ കാലു കുത്താൻ വരെ പറ്റില്ല. നടക്കാനും പ്രയാസമാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. 

നടുവേദനയുടെ സൂചന കിട്ടിയാൽ, മരക്കട്ടിലിൽ കിടക്കയില്ലാതെ കിടന്നുറങ്ങണം. തലയണയും വേണ്ട. തലയണ നിർബന്ധമാണെങ്കിൽ തുണി മടക്കി അധികം കട്ടിയില്ലാതെ വയ്ക്കാം. നടുവിലും കാലിലും ചെറിയ ചൂടോടെ തൈലം പുരട്ടാം. അധികം വേദനയുള്ള ഭാഗത്ത്, ഉഴുന്നുമാവു കുഴച്ച് ഒരു കുഴിയുണ്ടാക്കി തൈലം ചെറു ചൂടോടെ അതിൽ തളം കെട്ടി നിർത്തിയാൽ ആശ്വാസം തോന്നാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com