ADVERTISEMENT

തെല്ലുനേരത്തേക്കു പോലും മങ്ങാനിഷ്ടപ്പെടാത്ത ചിരിയാണു ജോക്കിൻ. വേദനകളോടൊക്കെ ‘ഓടിക്കോ’ എന്നുകണ്ണുരുട്ടുന്ന ശുഭാപ്തി വിശ്വാസക്കാരൻ. പാട്ട്, ഡാൻസ്, അഭിനയം, ഫാഷൻ, യാത്ര... അങ്ങനെ ഓരോ നിമിഷവും അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കുന്നവൻ. ഇപ്പോൾ മരിക്കും എന്നു പറഞ്ഞാൽ പോലും  ‘രണ്ടു ബിരിയാണി കഴിക്കാനുള്ള സമയം കിട്ടുമോ ചേട്ടാ’ എന്നു ചോദിക്കുന്ന ഭക്ഷണ പ്രിയൻ... 

വൃക്ക മാറ്റിവയ്ക്കാൻ ഒരുങ്ങുന്ന, എഴുനൂറിൽ പരം ഡയാലിസിസുകൾ കഴിഞ്ഞ ജോക്കിന്റെ (33) അതിജീവനപോരാട്ടങ്ങളിലൂടെ. 

വേഷപ്പകർച്ചകൾ

അടൂർ ജാക്ക് ഹോമിൽ ജോർജിന്റെയും ലളിതയുടെയും മകനാണു ജോക്കിൻ. യോഗ്യത: ബിഎസ്‌സി നഴ്സിങ് . അടൂർ ഹോളിക്രോസ് ആശുപത്രി ലാബിൽ ദിവസവും ഉച്ചകഴിഞ്ഞു 3 വരെ കാഷ്യറുടെ ജോലി. തിങ്കളും ബുധനും ജോലി കഴിഞ്ഞാൽ നേരെ ഡയാലിസിസിന്. രാത്രി 10 വരെ അവിടെ. ശനിയാഴ്ചകളിൽ ഡയാലിസിസ് നീളുന്നതിനാൽ അവധി നൽകിയിട്ടുണ്ട്. അന്നു രാവിലെ 10 മുതൽ ഡയാലിസിസ്. മാസം 35,000 രൂപ മരുന്നുകൾക്കു ചെലവുണ്ട്. ഓരോ ഡയാലിസിസിനും 500 രൂപ വേറെ. 

   15 വർഷം മുൻപു മംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ നടുവേദന അലട്ടിയപ്പോഴാണു പരിശോധിച്ചതും മൂത്രത്തിൽ ആൽബുമിന്റെ അളവ് കൂടുതലായി കണ്ടതും. ജീവിത ശൈലിയുടേതാണെന്നും ശരിയാകുമെന്നും ഡോക്ടർ ആശ്വസിപ്പിച്ചു. 10 വർഷം മരുന്നുകളുമായി പോയി. പഠനവും തുടർന്നു. രാത്രി ജോലി ചെയ്ത്, പകൽ കോളജിൽ പോയാണു കോഴ്സ് പൂർത്തിയാക്കിയത്. കോളജിൽ‌ കത്തി നിൽകുന്ന താരവുമായിരുന്നു. ഒന്നാംതരം ഡാൻസർ, പാട്ടുകാരൻ. പാട്ടെഴുതും, ചിട്ടപ്പെടുത്തും ... മിമിക്രി, മോണോ ആക്ട് എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലയില്ല. സ്ഥിരം ആർട്സ് ചാംപ്യൻ. ഇതിനിടെ മ്യൂസിക് ആൽബത്തിലും പ്രവർത്തിച്ചു. നഴ്സിങ് പാസായി ജോലിക്കു കയറിയതോടെ യാത്രകൾ, സുഹൃത്തുക്കൾ, ഭക്ഷണം എന്നിങ്ങനെ സന്തോഷങ്ങൾ കൂടി. 

  2014 ലെ പരിശോധനയിൽ രോഗം കൂടുതലാണെന്നു കണ്ടതോടെ മംഗളൂരുവിൽ നിന്ന് അടൂരിലേക്ക്. രണ്ടര വർഷം മുൻപാണ് വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർ നിർദേശിച്ചത്. ചേരുന്ന വൃക്ക കണ്ടെത്താനുള്ള അന്വേഷണത്തിലായി സുഹൃത്തുക്കൾ. അതിനിടെ, ഡയാലിസിസ് തുടങ്ങി. സാഹചര്യം മനസ്സിലാക്കി ഹോളിക്രോസ് ആശുപത്രിയിലെ കന്യാസ്ത്രീകൾ നൽകിയതാണ് ഈ ജോലി. ഇപ്പോൾ ജോക്കിന്റെ ഏറ്റവും വലിയ ആശ്വാസം.

എത്ര പ്രിയം, ഈ ജീവിതം

‘ എന്റെ ഡ്രസ് എല്ലാം പഴയതായിരുന്നു. ഷർട്ട് എല്ലാം നരച്ച്, നിറം മങ്ങി. പതിയെ ഞാനും മൂഡ് ഓഫ് ആയിക്കൊണ്ടിരുന്നു. ഇനി ഇതൊക്കെ മതിയല്ലോ എന്നൊരു തോന്നൽ മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിയ നിമിഷം തുണിക്കടയിലേക്കോടി. പുതിയ  ഷർട്ടും, ജീൻസും ഷൂസുമൊക്കെ വാങ്ങി. അതോടെ മൂഡോഫ് മാറി. ഈ ഷർട്ട് പുതിയതാണ്. ഇപ്പോൾ രോഗി ആണെന്നു പോലും എനിക്ക് തോന്നുന്നില്ല’– ശരിയാണ്, രൂപത്തിനു ചേരുന്ന നാരങ്ങാമഞ്ഞ നിറമുള്ള ഷർട്ടും നീല ജീൻസുമണിഞ്ഞ ഈ യുവാവിനെ നോക്കുമ്പോൾ നമ്മുടെ മനസ്സിലും പരക്കുന്നുണ്ടൊരു സന്തോഷവെയിൽ.

ജീവിക്കാം, ഈ നിമിഷത്തിൽ

ഓരോ നിമിഷത്തിന്റെയും സന്തോഷം അറിഞ്ഞു ജീവിക്കുന്നതാണു ജോക്കിന്റെ രീതി. സുഹൃത്തുക്കളും കസിൻസുമാണ് ഏറ്റവും വലിയ ശക്തി. ഏറെ സമയവും അവരോടൊപ്പം. ധാരാളം പുസ്തകങ്ങളും വായിക്കും. ബൈബിൾ ഏറെയിഷ്ടം. ശാന്തമായി പ്രാർഥിക്കുന്നതും പ്രധാനമാണ്. മനസ്സിനെ സന്തോഷമായി വയ്ക്കാനുള്ള ഒരു വഴിയും വിട്ടുകളയാതെ നോക്കുന്നു. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പരിശോധനകൾ തുടരുകയും ചെയ്യുന്നു.

ആശുപത്രിയിൽ പോകുമ്പോൾ ഇടയ്ക്കു ജോക്കിൻ ലിഫ്റ്റ് വിട്ട് പടികൾ ഓടിക്കയറും.  കുസൃതിച്ചിരിയോടെ  ഒപിക്കു മുന്നിലെത്തുമ്പോൾ നഴ്സ് ചുറ്റും നോക്കുന്നുണ്ടാകും –പേഷ്യന്റെവിടെ? രോഗിയാണെന്നു കണ്ടാൽ തോന്നില്ലല്ലോ. 

ഇപ്പോൾ ജോക്കിനെ മറ്റൊരു ജോലി കൂടി ആശുപത്രി ജീവനക്കാർ ഏൽപിക്കാറുണ്ട്. എല്ലാം തീർന്നു എന്നു നിരാശയിലാഴ്ന്ന ചില രോഗികളെ ജീവിതത്തിന്റെ ചെറു ചിരികളിലേക്ക് ചേർത്തുപിടിക്കാൻ..

ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ

ജോക്കിൻ പൊന്നുപോലെ സൂക്ഷിക്കുന്നൊരു സഹചാരിയുണ്ട്– 80 മോഡൽ ലാംപി സ്കൂട്ടർ. വിന്റേജ് കാറുകളോടും പ്രിയം.  ഭക്ഷണമാണ് മറ്റൊരു വീക്ക്നസ്. പല നാടുകളിൽ പലയിടങ്ങളിൽ തേടിപ്പിടിച്ചുപോയി ഭക്ഷണം കഴിക്കുമായിരുന്നു. 

ഒരിക്കൽ മഞ്ഞപ്പിത്തം കൂടി ആയുർവേദ ചികിത്സയ്ക്കു കൊണ്ടുപോകാനൊരുങ്ങി വീട്ടുകാർ. നോൺ വെജ് ഉടനൊന്നും പറ്റില്ലല്ലോ എന്നോർത്തപ്പോൾ സഹിച്ചില്ല. ഉടനെ പോയി കഴിച്ചു– ഒന്നല്ല രണ്ടു ബിരിയാണി. എന്നിട്ട് നേരെ ചികിത്സയ്ക്കുപോയി. ഇപ്പോഴും ഭക്ഷണം വിട്ടൊരു കളിയില്ല.

സിനിമയിൽ കയറണം

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ അഭിനയിക്കണം എന്നാണ്. ശസ്ത്രക്രിയ പോലും അതു കഴിഞ്ഞു മതിയെന്നാണു പറയുന്നത്. അടുത്ത വർഷം ആരോഗ്യം അനുവദിച്ചാൽ സുഹൃത്തിനൊപ്പം ലഡാക്ക് യാത്ര.

 ഒന്നര വർഷം മുൻഡ് ഡയാലിസിസ് കഴിഞ്ഞു കാറോടിച്ചു വരുന്നതിനിടെ മയങ്ങിപ്പോയി, വണ്ടി 3 വട്ടം മലക്കം മറിഞ്ഞു. എന്നിട്ടും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത് ഇഷ്ടങ്ങളൊക്കെ പൂർത്തിയാക്കാനാണെന്നു ജോക്കിൻ. 

അല്ലെങ്കിലും സ്വപ്നങ്ങൾ ഉള്ളവന്റെ മനസിലൊരു ‘അഗ്നി’ ഉണ്ടാകും. അതിങ്ങനെ ജ്വലിച്ചുനിൽക്കുമ്പോൾ മുന്നിൽ ഏതിരുട്ടാണ് തടസ്സമാവുക...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com