ADVERTISEMENT

തുടർച്ചയായി രണ്ടാം വർഷവും കേരളം പ്രളയക്കെടുതിയിലാണ്. ധാരാളം വീടുകളിൽ മലിനജനം കയറി വീടും പരിസരങ്ങളും മലിനമാക്കപ്പെട്ടു. വെള്ളമിറങ്ങിയശേഷം അവ വൃത്തിയാക്കുമ്പോഴും മഴക്കെടുതിയിൽ പെട്ടവരെ രക്ഷിക്കുമ്പോഴുമൊക്കെ ഈ മലിനജലവുമായി സമ്പർക്കമുണ്ടാവാനിടയുണ്ട്. ഇങ്ങനെയുള്ള ചില മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ എലിപ്പനി ഉണ്ടാവാൻ സാധ്യതയുണ്ട്. എലിപ്പനി പലപ്പോഴും മാരകമാകാവുന്ന ഒരു പകർച്ചപ്പനിയാണ്. പക്ഷേ അല്പം ശ്രദ്ധിച്ചാൽ എലിപ്പനി വരാതെ നോക്കാം. 

മഴക്കാലത്ത് എലിപ്പനിയുടെ രോഗാണുക്കൾ മലിനജലത്തിൽ ധാരാളമായി ഉണ്ടാവാം. ഈ ജലവുമായി സമ്പർക്കമുണ്ടാവുമ്പോൾ ത്വക്കിൽകൂടിയോ ശ്ലേഷ്മസ്തരത്തിലൂടെയോ ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു. അതുകൊണ്ട് താഴെ ക്കൊടുത്തിരിക്കുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.

∙കെട്ടിക്കിടക്കുന്ന മലിനജലത്തിൽ രോഗാണുക്കള്‍ ദീർഘ നാൾ സജീവമായി നിലനിൽക്കും. അതുകൊണ്ട്, മലിനജലവുമായി സമ്പർക്കം പുലർത്താതിരിക്കുക. ഇനി ആവശ്യമായി വന്നാൽ കയ്യുറയും കാലുറയും ധരിക്കുക. ഇവ ലഭ്യമല്ലെങ്കിൽ കയ്യിലും കാലിലും പ്ലാസ്റ്റിക് കവറുകളിട്ടശേഷം റബർ ബാൻഡിട്ട് കെട്ടുക. പാടത്തും ചെളിയിലും ഓടയിലും കനാൽ പോലെ കെട്ടികിടക്കുന്ന ജലാശയങ്ങളിലും പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്യുന്നവരുമെല്ലാം അങ്ങനെ തന്നെ ചെയ്യണം. പ്രളയകാലത്ത് വീടുകളിൽ വെള്ളം കയറി അതുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ, ക്ലീൻ ചെയ്യാനും മറ്റും എത്തുന്നവർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ഒക്കെ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കേണ്ടതാണ്. 

∙മുകളിൽ പറഞ്ഞിട്ടുള്ള എല്ലാവരും എലിപ്പനി പ്രതിരോധത്തിനുവേണ്ടി ഡോക്സിസൈക്ലിൻ ഗുളികകൾ തുടക്കത്തിലേ തന്നെ കഴിക്കേണ്ടതാണ്. മുതിർന്നവർ 200 മില്ലിഗ്രാം ഗുളിക ആഴ്ചയിൽ ഒരിക്കൽ കഴിക്കണം. 8–12 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 മി.ഗ്രാം മതി. ഗുളിക ആഹാരത്തിനുശേഷം കഴിക്കുക. ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും എട്ടുവയ സ്സിൽ താഴെയുള്ള കുട്ടികളും ഡോക്ടറുടെ നിർദ്ദേശം അനു സരിച്ച് മറ്റു ഗുളികകള്‍ കഴിക്കുക.

∙ചപ്പു ചവറുകൾ വീടിന്റെ പരിസരത്തു നിന്നും നീക്കം ചെയ്യുക. 

∙വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. 

∙ഭക്ഷ്യ പദാർഥങ്ങൾ വീടിനുചുറ്റും ഇടാതിരിക്കുക.

∙തോടുകളും ജലാശയങ്ങളും ശുചീകരിക്കുക.

∙കിണറുകളിൽ എലിമൂത്രം കലരാതെ സംരക്ഷിക്കുക.

∙ജീവനുള്ളതോ ചത്തതോ ആയ എലികളെ കൈകൊണ്ട് തൊടാതിരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. 

∙കുടിക്കാനും കുളിക്കാനും പല്ലു തേക്കാനും മറ്റും ശുദ്ധമായ ജലം മാത്രമേ ഉപയോഗിക്കാവൂ. മൃഗങ്ങളുടെ മൂത്രം കൊണ്ട് മലിനമായവ ഉപയോഗിക്കരുത്. 

∙ശരീരത്തിൽ മുറിവുകളോ വൃണങ്ങളോ ഉള്ളവർ രക്ഷാ പ്രവർത്തനങ്ങളിലും മറ്റും ചേരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഭാഗം മലിനജലവുമായി സമ്പർക്കമുണ്ടായാൽ രോഗാണുക്കൾക്ക് പെട്ടെന്ന് ശരീരത്തിൽ പ്രവേശിക്കാം. മുറിവോ വ്രണമോ ബാൻഡേജ് കൊണ്ട് നല്ലവണ്ണം പൊതിയുക.

∙എലിപ്പനിക്ക് വാക്സിൻ ലഭ്യമല്ലാത്തതിനാലും എലികൾ ഉള്ളിടത്തോളം കാലം രോഗാണുക്കള്‍ കാണും എന്നതിനാലും രോഗപ്രതിരോധത്തിന് മുന്‍തൂക്കം നൽകണം. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com