ADVERTISEMENT

എലിപ്പനി ബാധിച്ചുള്ള മരണം നമ്മുടെ നാട്ടിൽ കൂടുതലാണ്. എലിപ്പനിക്ക് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും എന്തുകൊണ്ട് മരണങ്ങൾ സംഭവിക്കുന്നുവെന്ന് അറിഞ്ഞിരിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. എലിപ്പനി അപകടകാരിയാവാതിരിക്കണമെങ്കിൽ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

∙ രോഗനിർണയം വൈകിപ്പിക്കരുത്

കേരളത്തിൽ എല്ലാ കാലത്തും എലിപ്പനി ഉണ്ടാവാറുണ്ടെങ്കിലും മഴക്കാലത്തും പ്രളയാനന്തരവും ആണ് രോഗസാധ്യത കൂടുതൽ. അതുകൊണ്ട് ഈ കാലത്ത് ഉണ്ടാവുന്ന ഏതു പനിയും എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. പ്രത്യേകിച്ചും ശക്തമായ പനിക്കൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങളോ, ശരീരത്തിൽ ചുവന്ന പാടുകളോ, കണ്ണിൽ ചുവപ്പു നിറമോ ഏതെങ്കിലും ഉണ്ടാവുന്നുവെങ്കിൽ. എലിപ്പനിയുടെ ആരംഭത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും ഡെങ്കിപ്പനി, വൈറൽപനി എന്നിവയ്ക്ക് സമാനമായുള്ളതാണ്. അതുകൊണ്ട് പലരും ഈ വക പനിയാണെന്ന് കരുതി രോഗനിർണയവും ചികിത്സയും വൈകിപ്പിക്കുന്നു.

∙ ചികിത്സ ആരംഭത്തിൽ തന്നെ തുടങ്ങണം

എലിപ്പനിയുടെ ചികിത്സ വിജയിക്കണമെങ്കിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ചികിത്സ ആരംഭിക്കണം. ചികിത്സ താമസിക്കുന്തോറും ശരീരത്തിൽ രോഗാണുക്കളുടെ എണ്ണം വർധിക്കുകയും പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചുകഴിഞ്ഞ് രോഗാണുക്കളെ നശിപ്പിക്കുവാൻ ആന്റിബയോട്ടിക് മരുന്നുകൾ നൽകിയാലും ഫലപ്രദമാകണമെന്നില്ല.

∙ സ്വയം ചികിത്സ പാടില്ല

സ്വയം ചികിത്സ രോഗനിർണയവും ചികിത്സയും വൈകിപ്പിക്കുന്നതു മൂലം രോഗം ശരീരത്തിന്റെ പ്രധാന അവയവങ്ങളെ ബാധിക്കുന്നു. അതിനുശേഷം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയാലും വിജയിക്കണമെന്നില്ല. പനി തുടങ്ങി ദിവസങ്ങൾക്കകംതന്നെ വേണ്ട ചികിത്സ ലഭ്യമാക്കിയാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി.

∙ എലിപ്പനിയുടെ സങ്കീർണതകൾ ഉണ്ടാവുന്നത്

എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം സങ്കീർണതകളായ വൃക്കപരാജയം, കരൾ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, രക്തസ്രാവം എന്നിവ ഉണ്ടാവുന്നതാണ്. ഇവയിലേതെങ്കിലും ഉണ്ടായാൽ ചികിത്സയും സങ്കീര്‍ണമാവുന്നു. ആന്റിബയോട്ടിക് മരുന്നുകളും വിദഗ്ധ ചികിത്സയും നൽകിയാലും മരണം സംഭവിക്കാം.

∙ പ്രമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ഗർഭിണികൾ, രോഗപ്രതിരോധശക്തി കുറവുള്ളവർ എന്നിവരിലൊക്കെ രോഗത്തിന്റെ സങ്കീർണതകൾക്ക് സാധ്യത കൂടുതലാണ്. അപകടസാധ്യതയും കൂടുന്നു.

∙ ആന്റിബയോട്ടിക് ചികിത്സ ഇടയ്ക്കു വച്ച് നിർത്തുന്നതും മരുന്ന് ഡോസ് കുറച്ച് ഉപയോഗിക്കുന്നതുമൊക്കെ സങ്കീർണതകള്‍ വിളിച്ചുവരുത്തും. ചികിത്സ പരാജയപ്പെടാൻ കാരണമാവും.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com