ADVERTISEMENT

താൻ ഇപ്പോൾ ഗർഭപാത്രമില്ലാതെയാണ് ജീവിക്കുന്നതെന്ന് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്ക രവിശങ്കർ. ഇക്കാര്യം എന്തുകൊണ്ട് തുറന്നു പറയുന്നെന്നും എന്താണ് സംഭവിച്ചതെന്നും സമൂഹമാധ്യമത്തിലൂടെ അനൗഷ്ക വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗർഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗർഭാശയത്തിലുണ്ടായിരുന്ന മുഴ വളർന്നു വലുതായി ആറു മാസം ഗർഭം ഉണ്ടെന്നു തോന്നുന്ന ഘട്ടത്തിലെത്തിയപ്പോൾ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാംസാർബുദമെന്നു തോന്നിക്കുന്ന മുഴകൾ നീക്കം ചെയ്യാനായി ആമാശയത്തിലും ഒരു ശസ്ത്രക്രിയ നടത്തി. ആകെ 13 മുഴകൾ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നിൽക്കുകയായിരുന്നു– അനൗഷ്ക പറയുന്നു.

എന്റെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിപ്രഷനിലായിരുന്നു ഞാൻ. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയിൽ കുട്ടികൾ ഉണ്ടാകില്ല എന്ന ഭയം, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്നാൽ ഞാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിച്ചപ്പോൾ ഗർഭപാത്രം നീക്കം ചെയ്യൽ സാധാരണമാണെന്നും നിരവധി സ്ത്രീകൾ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നുണ്ടെന്നും മനസ്സിലാക്കി. എന്നാൽ ഇത് ആരും തുറന്നു പറയുന്നില്ലെന്നതാണ് വാസ്തവം. 

26–ാമത്തെ വയസ്സിലാണ് എന്റെ ഗർഭപാത്രത്തിനുള്ളിൽ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരൻമാരായ രണ്ട് ആൺമക്കൾക്ക് ജൻമം നൽകി. ഗർഭാശയത്തിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയിൽ ആദ്യത്തേത് എമർജൻസി സിസേറിയൻ ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് മുറിവിൽ അണുബാധ പിടിപെടുകയും വിളർച്ച ബാധിക്കുകയും ചെയ്തു. എല്ലാ ദിവസവും തുന്നിക്കെട്ടിയ മുറിവുമായി ഞാൻ ആശുപത്രിയിൽ പോകുകയും നഴ്സ് മുറിവ് വൃത്തിയാക്കി വിടുകയായിരുന്നെന്നും അനൗഷ്ക പറയുന്നു. 

വ്യക്തിപരമായ ശാരീരിക പ്രശ്നങ്ങൾ അലട്ടുമ്പോൾ മറച്ചു വയ്ക്കാതെ തുറന്നു പറയുകയാണ് വേണ്ടത്. സ്ത്രീകൾക്ക് എന്തുകൊണ്ട് അവരുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൂടാ. രോഗാവസ്ഥ ഒളിച്ചുവച്ച് മനസ്സിടിഞ്ഞ് ജീവിക്കുന്നതെന്തിനെന്നും അനൗഷ്ക ചോദിക്കുന്നു.

സോനം കപൂർ ഉൾപ്പടെയുള്ളവർ അനൗഷ്കയുടെ പോസ്റ്റിനു മറുപടിയും നൽകി. മനഃശക്തിയും പ്രതിഭയുമല്ലാതെ മറ്റൊന്നുമല്ല സ്ത്രീയെ സുന്ദരിയാക്കുന്നതെന്ന് സോനം കുറിച്ചു. അനൗഷ്കയുടെ ഈ കുറിപ്പ്  ഏവരും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com