sections
MORE

മലേറിയ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

malaria
SHARE

മലേറിയ ബാധിച്ച് പനിച്ചു വിറച്ചു മനുഷ്യർ കൂട്ടത്തോടെ മരിച്ചു കൊണ്ടിരുന്ന അവസ്ഥ അരനൂറ്റാണ്ടു മുമ്പു വരെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. സർക്കാർ തലത്തിൽ നടത്തിയ മലേറിയ നിർമാർജ്ജന പ്രവർത്തങ്ങളുടെ ഫലമായി അതിന് വളരെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും പലകാരണങ്ങൾ കൊണ്ടും ഇന്നും മലേറിയ ഭീഷണി നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ മലേറിയ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. ഒരു വലിയ പരിധിവരെ മലേറിയയെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. 

അനോഫിലിസ് വിഭാഗത്തിൽ പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. അങ്ങനെയുള്ള കൊതുകുകൾ കുത്തുമ്പോഴാണ് രോഗാണുക്കൾ (പ്ലാസ്മോഡിയം) ശരീരത്തിൽ പ്രവേശിക്കുന്നത്. കൊതുകുകടി ഏൽക്കാതിരുന്നാൽ രോഗമുണ്ടാവില്ല. മലേറിയ രോഗബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുമ്പോഴും രോഗാണു നമ്മുടെ നാട്ടിൽ പ്രവേശിച്ച് രോഗമുണ്ടാക്കാം. മലേറിയയ്ക്കെതിരെ വാക്സിൽ ലഭ്യമല്ലാത്തതിനാൽ മലേറിയ ബാധിത പ്രദേശങ്ങളിൽ പോകുന്നവർക്ക് താൽക്കാലിക പ്രതിരോധത്തിനായി മലേറിയയ്ക്ക് എതിരായ മരുന്നുകൾ പ്രതിരോധമരുന്നായി (Prophylatic Treatment) നൽകുന്നുണ്ട്.

പ്രധാനമായും കൊതുകു നിയന്ത്രണമാണ് പ്രതിരോധത്തിന്റെ കാതൽ, മൂന്നു തലത്തിലാണ് ഇത് നടപ്പിലാക്കേണ്ടത്. കൊതുകു നശീകരണം, കൊതുകിന്റെ ലാർവകളുടെ നശീകരണം, കൊതുകുകടിയിൽ നിന്നു സ്വയം സംരക്ഷണം എന്നിവയാണ് അവ.

കൊതുകു നശീകരണം
1940 – ല്‍ ഡിഡിറ്റി (DDT) കണ്ടു പിടിക്കപ്പെട്ടത് മലേറിയപ്രതിരോധം പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തി. വീടുകൾക്കുള്ളിലെ ഭിത്തികളിലും മറ്റും ഇത് സ്പ്രേ ചെയ്ത് കൊതുകുകളെ കൂട്ടത്തോടെ കൊന്നൊടുക്കി. തൽഫലമായി കേരളത്തിൽ മലേറിയയുടെ വ്യാപനം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. ഡിഡിറ്റിയെ കൂടാതെ മലത്തയോൺ (malathion) എന്ന മരുന്നു കൊതുകുകളെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. മലേറിയ ബാധിത പ്രദേശങ്ങളിലും മറ്റും കൊതുകുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കീടനാശിനികൾ ഫോഗ് (fog) അല്ലെങ്കിൽ മിസ്റ്റ് രൂപത്തിൽ പ്രത്യേക ഉപകര ണത്തിന്റെ സഹായത്തോടെ സ്പ്രേ ചെയ്യാറുണ്ട്. ഇതിനെ ഫോഗിങ് എന്നു വിളിക്കുന്നു. 

കൊതുകുകളുടെ വംശവർധനവ് കുറയ്ക്കാൻ പല മാർഗങ്ങളുണ്ട്. 

∙വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക.

∙കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക. പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദി ക്കാതിരിക്കുക.

∙കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക.

∙കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക. 

കൊതുകു കടിയിൽ നിന്നു സ്വയം സംരക്ഷണം

∙രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽതന്നെ കിടക്കണം. രോഗമില്ലാത്തവരും രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. 

∙ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. 

∙വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. 

∙കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുക. 

മലേറിയ ചികിത്സയ്ക്കു ശേഷം

മലേറിയയ്ക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മിക്കവർക്കും വീട്ടിൽ വച്ചുള്ള ചികിത്സ മാത്രം മതിയാവും. ചിലപ്പോൾ ആശുപത്രിയിൽ താമസിച്ചുള്ള ചികിത്സ ആവശ്യമായി വരും. ചികിത്സയ്ക്ക് ശേഷവും രോഗി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും മറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ അദ്ദേഹം നിർദ്ദേശിക്കുന്ന കാലയളവ് മുഴുവൻ കഴിച്ചാലും പൂർണ ആരോഗ്യം വീണ്ടെടുക്കണമെങ്കിൽ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും, പ്രത്യേകിച്ചും സെറിബ്രൽ മലേറിയയോ മറ്റു സങ്കീർണതകളോ ഉണ്ടായിട്ടുള്ളവരിൽ.

മലേറിയയ്ക്ക് പൂർണ ചികിത്സ എടുത്തവരിൽ പോലും പനി രണ്ടാമതും ഉണ്ടാവാം. ചിലപ്പോൾ അത് മറ്റു പകർച്ചാപ്പനികൾ (ഉദാ: ഡെങ്കിപ്പനി) ആവാം. മറ്റു ചിലരിൽ  രോഗാണുക്കൾ (പ്ലാസ്മോഡിയംവൈവക്സ്, പ്ലാസ്മോഡിയം ഒവലെ) രോഗിയുടെ കരളിൽ സ്ഥിരതാമസമാക്കി രോഗാണുക്കളെ രക്തത്തിലേക്ക് കടത്തിവിട്ട് രോഗം ഉണ്ടാക്കുന്നു. രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം ഇങ്ങനെ മലേറിയ വീണ്ടും ഉണ്ടാവാം. രോഗ ചികിത്സയ്ക്കു േശഷം വീണ്ടും കൊതുകു കടിയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴും രോഗമുണ്ടാവാൻ സാധ്യതയുണ്ട്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മിക്ക മരുന്നുകൾക്കും ഇന്ന് drug resistance ഉണ്ട് ഇതും രോഗം വീണ്ടും ഉണ്ടാവാൻ കാരണമാവാം.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA