ADVERTISEMENT

വറുത്തതും പൊരിച്ചതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ശീലമാക്കിയവർക്ക് പാഠമാണ് യുകെ സ്വദേശിയായ കൗമാരക്കാരന്റെ അനുഭവം. ഉപ്പേരി, വറുത്ത പലഹാരങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇവ മാത്രം കഴിച്ചിരുന്ന കുട്ടിക്ക് നഷ്ടമായത് കാഴ്ചയും കേൾ‌വിയുമാണ്. ജങ്ക് ഫൂഡ് മാത്രം കഴിച്ചതിന്റെ ഫലമായി, വൈറ്റമിനുകളോ പോഷകങ്ങളോ ലഭിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അപൂർവമായ ഒരു ഈറ്റിങ് ഡിസോർഡർ ആയ Avoidant Restrictive Food Intake Disorder (ARFIO) കുട്ടിക്കാലം മുതലേ അവനെ ബാധിച്ചിരുന്നു. 

ARFIO ബാധിച്ചവർ ചില പ്രത്യേക നിറത്തിലും രൂപത്തിലുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കും. ശരീരഭാരത്തെയോ രൂപത്തെയോ കുറിച്ച് ഇവർക്ക് ഒരാശങ്കയും ഉണ്ടാകില്ല. കുട്ടിക്കാലത്തുതന്നെ ഈ അവസ്ഥ ആരംഭിക്കുമെന്നും ഗവേഷകർ പറയുന്നു. 

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നാഡീവ്യവസ്ഥയെ, പ്രത്യേകിച്ച് കാഴ്ചയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും പൊണ്ണത്തടി, ഹൃദ്രോഗം, കാൻസർ ഇവയ്ക്കു കാരണമാകാമെന്നും എന്നും അനൽസ് ഓഫ് ഇന്റേണൽ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ കൗമാരക്കാരന്റെ രക്തപരിശോധനാ റിപ്പോർട്ടിൽ വൈറ്റമിൻ B12 ന്റെ അളവ് വളരെ കുറഞ്ഞതിനാൽ വിളർച്ച ബാധിച്ചതായി പറയുന്നു. സ്കൂൾ കാലം മുതൽ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കില്ലായിരുന്നുവെന്നും ചിപ്സ്, ഫ്രൈകൾ, വൈറ്റ് ബ്രഡ്, പ്രോസസ്ഡ് ഹാം സ്ലൈസസ്, സോസേജ് ഇവയായിരുന്നു ഈ കൗമാരക്കാരന്റെ ഭക്ഷണമെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു. 

15 വയസ്സായപ്പോഴേക്കും കേൾവിശക്തി നഷ്ടപ്പെടുകയും കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഡോക്ടർമാർക്ക് കാരണം വ്യക്തമായില്ല. രണ്ടു വർഷത്തിനുള്ളിൽ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. വിശദമായ നേത്ര പരിശോധനയിൽ ഒപ്റ്റിക് നെർവിന് തകരാർ സംഭവിച്ചതായി കണ്ടു. പോഷകങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന ന്യൂട്രീഷണൽ ഒപ്റ്റിക് ന്യൂറോപ്പതി ആണെന്നു തിരിച്ചറിഞ്ഞു.

ജീവകം ബി 12 ന്റെ അഭാവം കൂടാതെ കോപ്പർ, സെലനിയം, ജീവകം ബി എന്നിവയും കുറഞ്ഞ അളവിലേ ഉള്ളൂവെന്നു ഡോക്ടർമാർ കണ്ടെത്തി. വൈറ്റമിനുകളുടെ അഭാവം ക്രമേണ നാഡീ കോശങ്ങളുടെ നാശത്തിനു കാരണമാകും. ന‌്യൂട്രീഷണൽ ഒപ്റ്റിക് ന്യൂറോപ്പതി മൂലമുള്ള കാഴ്ചനഷ്ടം നേരത്തെ തിരിച്ചറിഞ്ഞാൽ പരിഹരിക്കാവുന്നതാണ്. എന്നാൽ ഈ കൗമാരക്കാരന്റെ കാര്യത്തിൽ ഇനി ഇത് സാധ്യമല്ല. 

കണ്ണട ധരിച്ചതു കൊണ്ടും കാര്യമില്ല. കാരണം ഒപ്റ്റിക് നെർവിനുണ്ടാകുന്ന കേടുപാട് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാനാവില്ലെന്ന് ഗവേഷകനും ബ്രിസ്റ്റോൾ മെഡിക്കൽ സ്കൂൾ ആൻഡ് ബ്രിസ്റ്റോൾ ഐ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി സീനിയർ ലക്ചററുമായ ഡോ. ഡെനീസ് അടൻ പറയുന്നു. 

സ്ഥിതി കൂടുതൽ മോശമാകാതിരിക്കാൻ കുട്ടിക്ക് ന്യൂട്രീഷനൽ സപ്ലിമെന്റുകൾ നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com