ADVERTISEMENT

ഡെങ്കിപ്പനിക്കു സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാവുന്ന മഴക്കാലരോഗങ്ങളിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒരു രോഗമാണ് ചിക്കുൻ ഗുനിയ. 2007–ൽ കേരളത്തിൽ പല ജില്ലകളിലും വളരെ വ്യാപകമായ രീതിയിൽ പടർന്നു പിടിച്ചപ്പോഴാണ് ഇങ്ങനെയൊരു പനിയെപ്പറ്റി ജനങ്ങൾ അറിഞ്ഞത്. ഇനിയും ഇത് ആവർത്തിക്കപ്പെടാം. ഈ രോഗത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ രസാവഹമായ പലതും കടന്നു വരുന്നു. 

പേരിന്റെ കാരണം
ഈ പകർച്ചപ്പനിക്ക് ചിക്കുൻ ഗുനിയ എന്ന പേര് ലഭിച്ചതിന് പിന്നിലെ കാരണം തന്നെ അല്പം രസകരമാണ്. ആഫ്രിക്കയിലെ മക്കൊണ്ടെ ഗോത്രഭാഷയിലെ കുൻഗുന്യാല എന്ന വാക്കിൽ നിന്നാണത്രെ ഈ പേര് ലഭിച്ചത്. ഈ വാക്കിന്റെ അർത്ഥം വളയുന്നത് എന്നാണ്. അസഹ്യമായ സന്ധിവേദന മൂലം രോഗി വളഞ്ഞു പോകുന്നതാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. മലയാളത്തിൽ ഈ പേര് പലരും പറയുമ്പോൾ ‘ചിക്കൻഗുനിയ’ എന്നായിപ്പോകുന്നതു കൊണ്ട് ചിക്കനുമായി സാമ്യമുണ്ടോ അല്ലെങ്കിൽ ചിക്കൻ പരത്തുന്ന രോഗമാണോ എന്ന് സംശയിച്ചേക്കാം. 

1952 –ൽ ടാൻസാനിയയിലാണ് ആദ്യമായി ഈ രോഗം രേഖപ്പെടുത്തിയത്. 1950 കളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന രോഗാണുവായ വൈറസ് ക്രമേണ ഏഷ്യൻ രാജ്യങ്ങളിലും കുടിയേറി. ഇന്ത്യയിൽ ആദ്യമായി 1963–ൽ കൽക്കട്ടയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് 1965 ൽ ചെന്നൈയിൽ രോഗം പടർന്നു. ചെന്നൈ നഗരത്തിൽ മാത്രം 3,00,000 പേർക്കാണ് രോഗം ബാധിച്ചത്.

1965–നു ശേഷം ഏതാണ്ട് 4 വർഷക്കാലം രോഗാണുവായ വൈറസ് രോഗമുണ്ടാക്കാതെ ഒളിച്ചു കഴിഞ്ഞു. 2006 –ൽ എട്ടു സംസ്ഥാനങ്ങളിലായി 159 ജില്ലകളിൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു. അതിൽ കേരളവും സ്ഥാനം പിടിച്ചിട്ടുണ്ട്. കർണാടകയിലാണ് ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിച്ചത് (7,52,254) മഹാരാഷ്ട്രയിൽ  2,58,998 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. 2007 ൽ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച ചിക്കുൻഗുനിയ സമീപ ജില്ലകളിലേക്കും വ്യാപിച്ചു. പതിനായിരങ്ങൾ പനി മൂലം വിറച്ചു. രോഗത്തിന്റെ ബാക്കി പത്രമായ സന്ധിവേദനയും നീരും വർഷങ്ങൾക്കു ശേഷവും മാറാതെ ദുരിതം അനുഭവിക്കുന്നവർ ഇന്നും ഉണ്ട്.

കേരളത്തിൽ ഈ രോഗം മൂലം 2006–ൽ 70 പേരും 2007 ൽ പത്തനംതിട്ടയിൽ 50 പേരും മരിച്ചതായി റിപ്പോർട്ട് വന്നിരുന്നു എങ്കിലും പിന്നീട് കേന്ദ്രമന്ത്രാലയം ഇത് നിഷേധിക്കുകയും ചെയ്തു. മരണകാരണം ചിക്കുൻഗുനിയ അല്ലെന്നും രോഗം പിടിപെട്ടതിനുശേഷം ആരോഗ്യസ്ഥിതി മോശമായതാണെന്നും വിലയിരുത്തി. ചിക്കുൻ ഗുനിയ സാധാരണ ഗതിയിൽ മരണകാരണമാവുന്ന രോഗമല്ല. മറ്റെന്തെങ്കിലും രോഗമുള്ളവരിൽ പ്രശ്നമുണ്ടാക്കാം. 

അധികം താമസിയാതെതന്നെ ചിക്കുൻ ഗുനിയ പാക്കിസ്ഥാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ വ്യാപിച്ചു. ഏറ്റവും അവസാനം രോഗം പടർന്നത് ഇറ്റലിയിലാണ്. അതിലും രസകരമായ ഒരു കാര്യം ഉണ്ട്. കേരളത്തിൽ നിന്നാണത്രെ രോഗാണു (വൈറസ്) എത്തിയത്.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com