ADVERTISEMENT

നമ്മുടെ നാട്ടിൽ കുഴഞ്ഞുവീണു മരണങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുന്നു. സിൻകോപ്പ് എന്നു വിളിക്കുന്ന ഈ കുഴഞ്ഞു വീഴലിനു പല കാരണങ്ങളുമുണ്ട്. ധമനീസംബന്ധമായ പ്രശ്നങ്ങൾ, തലച്ചോറുമായി ബന്ധപ്പെട്ട തകരാറുകൾ, ഇഎൻടി പ്രശ്നങ്ങൾ, മദ്യവും മരുന്നുകളും കാരണമാകാവുന്ന മെറ്റബോളിക് തകരാറുകൾ, പാനിക് ഡിസോർഡർ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയാലും കുഴഞ്ഞു വീഴൽ സംഭവിക്കാം. എന്നാൽ കുഴഞ്ഞു വീണ് ഉടൻ മരിക്കുന്ന സംഭവങ്ങൾക്കു പിന്നിൽ ഹൃദയസ്തംഭനമാണ് പ്രധാന വില്ലൻ.

സാധാരണരീതിയിലുള്ള തലചുറ്റലാണെങ്കിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ബോധം തിരിച്ചു കിട്ടും. മസ്തിഷ്കത്തിലെ ‘റെട്ടിക്കുലർ’ പ്രവർത്തന വ്യവസ്ഥയിലേക്ക് ആവശ്യത്തിനു രക്തം പ്രവഹിക്കാത്തതാണ് അത്തരം ബോധക്ഷയത്തിനു പിന്നിൽ. കിടക്കുമ്പോൾ തലച്ചോറിലേക്ക് രക്തപ്രവാഹം സുഗമമാകുന്നതിനാലാണ് ഈ ബോധക്ഷയം മാറുന്നത്. 

സങ്കീർണമായ തലകറക്കത്തിനുള്ള ഒരു പ്രധാന കാരണം ധമനീസംബന്ധമായ രോഗാവസ്ഥകളാണ്. ധമനികളിലെ മര്‍ദസ്വീകരണികളിലെ പ്രതികരണ പ്രവർത്തനങ്ങളിലെ വൈകല്യം. പ്രഷർ കുറയുന്നതിനു പിന്നിലെ പാളിച്ചകൾ, 30 ശതമാനം പേരും ഈ വിധത്തിൽ കുഴഞ്ഞു വീഴുന്നവരാണ്. 

എന്നാൽ കുഴഞ്ഞുവീണുണ്ടാകുന്ന പെട്ടെന്നുള്ള മരണത്തിനു പിന്നിൽ ഹൃദ്രോഗമാണ്. ആകെ കുഴഞ്ഞു വീഴുന്ന രോഗികളിൽ ഏതാണ്ട് 20 ശതമാനം ഹൃദയസംബന്ധിയായ രോഗങ്ങളോടനുബന്ധിച്ചാണ്.

രണ്ടു കാരണങ്ങൾ
ഹൃദയവുമായി ബന്ധപ്പെട്ടു തലകറക്കത്തിനു പ്രധാനമായി രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് ഹൃദയഘടനാപരമായ വൈകല്യങ്ങളാൽ രക്തപ്രവാഹം തടസ്സപ്പെടുക, ദിശ തെറ്റുക, പൂർണമായി നിലയ്ക്കുക എന്നിവ.

രണ്ടാമത്തേത് ഹൃദയസ്പന്ദന വേഗം അനിയന്ത്രിതമായി വർധിക്കുക, ക്രമാതീതമായി കുറയുക, താളംതെറ്റി മിടിക്കുക എന്നീ കാരണങ്ങളാൽ ശിരസ്സിലേക്കുള്ള രക്തസഞ്ചാരം ഗണ്യമായി കുറയുമ്പോൾ ബോധം നശിച്ചു തലകറങ്ങി വീഴുക തന്നെ ചെയ്യുന്നു. ഈ രണ്ടു പ്രതിഭാസങ്ങളും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ഹൃദയഘടനയുടെ പാളിച്ചകളാലുള്ള തലകറക്കം മിക്കപ്പോഴും വാൽവുകളുടെയോ ധമനികളുടെയോ അപചയം നിമിത്തം ആവശ്യാനുസരണം രക്തം പ്രവഹിക്കാത്തതു മൂലമാണ് സംഭവിക്കുക. വാതപ്പനിമൂലം വാൽവുകൾ ചുരുങ്ങുമ്പോൾ മുന്നോട്ടുള്ള രക്തസഞ്ചാരത്തിനും വിഘ്നം സംഭവിക്കുന്നു. 

ഉദാഹരണത്തിന് മഹാധമനിയുടെ തുടക്കത്തിലുള്ള ‘അയോർട്ടിക് വാൽവ്’ ചുരുങ്ങുമ്പോൾ അതിലൂടെ രക്തസഞ്ചാരം പ്രയാസമാകുന്നു. അപ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്ത പ്രവാഹം കുറയുകയും തലചുറ്റുകയും ചെയ്യുന്നു.

ഹാർട്ടറ്റാക്കുവന്ന് ഹൃദയപേശികൾ മൃതാവസ്ഥയിലേക്കു നീങ്ങുന്നതു മൂലം ഹൃദയ സങ്കോചനശേഷി കുറയാം. അപ്പോൾ രക്തത്തിന്റെ പമ്പിങ് കുറയുന്നു. തലച്ചോറിലേക്കു രക്തം എത്തുന്നതും കുറയും. അപ്പോഴും കുഴഞ്ഞു വീഴാം.

ഇതിനൊക്കെ പുറമേ ഹൃദയഭിത്തി ക്രമാതീതമായി തടിക്കുന്ന ‘ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി’ രോഗം ഉള്ളവരിൽ ഇടത്തെ കീഴറയിലെ ഘടനാവ്യതിയാനങ്ങൾ മൂലവും താളംതെറ്റിയുള്ള ഹൃദയമിടിപ്പ് മൂലവും മുന്നോട്ടുള്ള രക്ത പ്രവാഹം അലങ്കോലപ്പെടുന്നു. ഇതും തലകറങ്ങിവീഴാൻ ഇടയാക്കാം.

കൂടാതെ ശ്വാസകോശധമനികളെ ബാധിക്കുന്ന രോഗാവ സ്ഥകളും (പൾമനറി എംബോളിസം, പൾമനറി ഹൈപ്പർ ടെൻഷൻ) തലകറക്കത്തിനു കാരണമാകാം.

ഹൃദയസ്തംഭനം
പെട്ടെന്നു കുഴഞ്ഞു വീണു മരണം സംഭവിക്കുന്നതിനു പിന്നിലെ പ്രതിയാണ് ഹൃദയസ്തംഭനം (Cardiac arrest). പൊടുന്നനെ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ ശ്വാസ കോശത്തിലേക്കും തലച്ചോറിലേക്കുമൊന്നും രക്തപ്രവാഹം ഇല്ലാതായി രോഗി മരിക്കുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്കു ജീവനെടുക്കുന്ന മാരകമായ അവസ്ഥ.

എന്തെങ്കിലും ചെയ്താൽ തന്നെ മിനിറ്റുകൾക്കുള്ളിൽ ചെയ്യണം. അതിനകം ഹൃദയത്തെ പ്രവർത്തിപ്പിക്കാനോ പ്രാണ വായു നൽകാനോ കഴിയണം. ഹൃദയം നിലച്ചു പോയാൽ ശരീരത്തിലെ രക്തസഞ്ചാരം നിലയ്ക്കും. തലച്ചോറിന് ഓക്സിജൻ ലഭിക്കാതാകും. നാലേ നാലു മിനിറ്റ് ഹൃദയം പ്രവർത്തിക്കാതിരുന്നാൽ തലച്ചോറിലെ കോശങ്ങൾ ഓക്സി ജനില്ലാതെ നശിക്കാൻ തുടങ്ങും. ഇതുകൊണ്ടാണ് ആശുപ ത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ ഹൃദയസ്തംഭനം വന്ന് കുഴഞ്ഞു വീണ ഡോക്ടറെ പോലും ചിലപ്പോൾ രക്ഷിക്കാൻ കഴിയാതെ പോകുന്നത്.

ഹൃദയസ്തംഭനം ഉണ്ടോ?

ഒട്ടേറെ കാരണങ്ങളാൽ ഒരാൾ കുഴഞ്ഞു വീഴാം എന്നു നേരത്തേ പറഞ്ഞല്ലോ. എന്നാൽ കുഴഞ്ഞു വീണ രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ടോ എന്ന് ഉടനേ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഹൃദയസ്തംഭനം സംഭവിക്കുന്ന രോഗികളിൽ 50 ശതമാനം പേരും മരിക്കുന്നത് ആദ്യ ഒരു മണിക്കൂറിനുള്ളിലാണ്. ഈ സമയത്തു നൽകുന്ന പ്രഥമ ശുശ്രൂഷയാവും ജീവൻ രക്ഷിക്കാൻ ഉതകുക. അതിനാൽ ഹൃദയസ്തംഭനം തിരിച്ചറിയണം. അതിനായി നാഡിമിടിപ്പും ശ്വസനവും നോക്കണം. 

കിടക്കുന്ന രോഗിയുടെ കഴുത്തിന്റെ വശത്ത് വിരലുകൾ അമർത്തി നാഡിമിടിപ്പ് പരിശോധിക്കാം. സ്വയം നമ്മുടെ തന്നെ കഴുത്തിന്റെ വശത്ത് അമർത്തി പൾസറിയാൻ നേരത്തേ പഠിച്ചിരിക്കുന്നത് നല്ലതാണ്. 

രോഗിയുടെ കഴുത്തിലെ പൾസ് നോക്കുന്നതിനിടയിൽ തന്നെ നെഞ്ചിന്റെ ചലനം നോക്കിയും രോഗിയുടെ മൂക്കിനോടു ചെവി ചേർത്തു ശ്വാസഗതിയും ഉറപ്പാക്കാം. രണ്ടും ഇല്ലെന്നുറ പ്പായാൽ ഹൃദയസ്തംഭനം സംഭവിച്ചു കഴിഞ്ഞു. 

എന്തു ചെയ്യണം?
കൺമുന്നിൽ ഒരാൾക്ക് ഹൃദയസ്തംഭനം സംഭവിച്ചാൽ, ആ രോഗി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർക്കണം. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. പക്ഷേ, ഉടൻ തന്നെ ആളു മരിക്കാം. ഇത് അക്ഷരാർഥത്തിൽ ‘ഡു ഓർ ഡൈ’ സിറ്റുവേഷ നാണ്. ഓട്ടമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ എന്ന ഉപകരണം ലഭ്യമാണെങ്കിൽ (AED) എത്രയും വേഗം അത് രോഗിയിൽ പ്രയോഗിക്കണം. ഇല്ലെങ്കിൽ നെഞ്ചിൽ കൈ കൊണ്ട് അമർത്തി ഹൃദയം ഉത്തേജിപ്പിക്കാനുള്ള (കാര്‍ഡിയാക് മസാജ്) ശ്രമവും കൃത്രിമശ്വാസവും നൽകുന്ന സി പി ആർ ആരംഭിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com