ADVERTISEMENT

ജീവിതത്തിലെ  ഒരു അപ്രതീക്ഷിത മുഹൂർത്തത്തിൽ ആരോഗ്യത്തിനും ആയുസ്സിനും അന്ത്യം കുറിക്കുവാൻ പാഞ്ഞെത്തുന്ന ഹാർട്ടറ്റാക്ക് വരുത്തിവയ്ക്കുന്ന വിനകൾ ഏറെയാണ്. അന്നുവരെ എല്ലാമാസ്വദിച്ച് മതിമറന്ന് നടന്ന ജീവിതത്തിന്റെ വിരിഞ്ഞു നിൽക്കുന്ന മാറിൽ മൂർച്ചയുള്ള ഒരു കഠാര കുത്തിയിറക്കിയ പ്രതീതിയാണ് പലർക്കുമുണ്ടാകുക. അറ്റാക്കിനെ അതിജീവിച്ച് ഇനി ആശുപത്രി വിട്ടിറങ്ങിയാലും പിന്നെയുള്ള ജീവിതം ഒരു ജീവശ്ശവമായിട്ടായിരിക്കുമെന്ന ചിന്തയും ഒരുവന്റെ മനോമണ്ഡലത്തെ മൃതപ്രായമാക്കുന്നു.

എല്ലാം കെട്ടടങ്ങിയെന്ന നൈരാശ്യം, അറ്റാക്കു കഴിഞ്ഞ ഹൃദയത്തിന് ഇനിയൊരു ആയാസം താങ്ങാനുള്ള കരുത്തില്ലെന്ന ഉത്കണ്ഠ, അന്നു വരെ ഊർജ്ജസ്വലതയോടെ നടത്തിപ്പോന്ന ജോലികളും സാമൂഹ്യപ്രവർത്തനങ്ങളും കുടുംബജീവിതവുമെല്ലാം ജലരേഖകൾ പോലെ മാഞ്ഞു പോകുന്ന അവസ്ഥാവിശേഷം. ഇനി കാര്യമായൊന്നും തന്നെക്കൊണ്ടാവില്ലെന്ന ചിന്ത ഒരുവനെ വല്ലാത്തൊരു വിഷാദാവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. സമയോചിതമായി പിടിയിലൊതുക്കപ്പെടാത്ത ഈ ഭയവും വിഷാദാവസ്ഥയുമാണ് വാസ്തവത്തിൽ ഹൃദയാഘാതത്തിനുശേഷമുള്ള ഒരാളുടെ ജീവിതത്തിന് യഥാർത്ഥ ഭീഷണിയാകുന്നത്. 

എന്നാല്‍ വാസ്തവമതാണോ, ശിഷ്ടജീവിതം ആസ്വദിച്ചനുഭവിക്കുന്നതിനെതിരേയുള്ള ചുവന്ന കൊടിയാണോ ഹാർട്ടറ്റാക്ക്? നൂറുശതമാനവും അല്ലെന്നുതന്നെ പറയാം. ആരോഗ്യത്തിനു ഭീഷണിയാകുന്ന മറ്റേത് അസുഖത്തേയും പോലെ ഹൃദ്രോഗത്തേയും, ക്രിയാത്മകവും വിവേകപൂർണവുമായ രീതിയിൽ കൈകാര്യം ചെയ്താൽ തുടർന്നുള്ള ജീവിതം തികച്ചും ആസ്വാദ്യകരമാക്കാൻ സാധിക്കും, സംശയമില്ല.

മനസ്സിൽ വിങ്ങിപ്പൊട്ടുന്ന ആശങ്കകളോടെയാണ് അറ്റാക്ക് കഴിഞ്ഞ് രോഗി വീട്ടിലെത്തുന്നത്. സെക്സിനെപ്പറ്റിയുള്ള ആശങ്കയും ലൈംഗികാസക്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവും, പൊതുവെ ലൈംഗികവേഴ്ചയിൽ നിന്ന് വിട്ടു നിൽക്കുവാൻ രോഗിയെ പ്രേരിപ്പിക്കുന്നു. ഇക്കാരണങ്ങളാൽ തന്റെ പങ്കാളിയോട് ഇതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുക കൂടി ചെയ്യാതെ നിശബ്ദമായ ജീവിതം നയിക്കുവാൻ പല രോഗികളും ഒരുമ്പെടുന്നു. രോഗിയുടെ പങ്കാളിയാകട്ടെ, രോഗിക്കുണ്ടാകുന്ന ഏതൊരായാസവും വീണ്ടും അയാളെ ഹാർട്ടറ്റാക്കിനോ പെട്ടെന്നുള്ള മരണത്തിനോ ഇരയാക്കും എന്ന ഭയത്താൽ ലൈംഗിക ബന്ധത്തെക്കുറിച്ച് അയാളുമായി സംസാരിക്കുവാൻ കൂടി താല്പര്യപ്പെടാതെ വിട്ടു നിൽക്കുന്നു. 

എന്നാൽ മറ്റേത് പ്രവൃത്തിയിലും ഏർപ്പെടും പോലെയുള്ള ആയാസമേ ലൈംഗിക ബന്ധത്തിനുമുള്ളൂ എന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ വിഷയത്തിന് പരിഹാരമാകും. ഹാർട്ടറ്റാക്കേൽപ്പിച്ച പരുക്കുകളില്‍ നിന്ന്  കരകയറി മറ്റ് പ്രവൃത്തികളിലേർപ്പെടും പോലെ ഒരുവന് ലൈംഗികബന്ധത്തിലും അനായാസം ഏർപ്പെടാം. കൈവീശി ഏതാണ്ട് ഇരുപത് മിനിട്ട് നടക്കുമ്പോഴുള്ള ആയാസമേ ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴും വേണ്ടു. സ്ഖലനത്തിനാകട്ടെ ഇതോടൊപ്പം ഗോവണിയുടെ രണ്ട് പടി കൂടി കയറുന്ന ശേഷിയും വേണം. ഇത്രയൊക്കെ ആയാസകരമായ പ്രവൃത്തികൾ അറ്റാക്കിനുശേഷമുള്ള വ്യായാമത്തിന്റെ ഭാഗമായി ഒരാൾ ദിവസവും ചെയ്യുന്നുണ്ടാകും. ഒരർത്ഥത്തിൽ ശരീരത്തിന് വ്യായാമത്തിന്റെ ഗുണം നൽകുന്നതാണ് സെക്സും. 

രണ്ടുനിലവരെ കോണിപ്പടികൾ നെഞ്ചുവേദനയോ കിതപ്പോ ഇല്ലാതെ നടന്നു കയറുവാൻ സാധിക്കുമെങ്കിൽ ഒരാളുടെ ഹൃദയത്തിന് ലൈംഗികവേഴ്ചയുടെ സമ്മർദ്ദം താങ്ങാൻ കരുത്തുണ്ട് എന്ന് മനസ്സിലാക്കണം. ബന്ധപ്പെടുമ്പോൾ നെഞ്ചിടിപ്പ് വർധിക്കാം, രക്തസമ്മർദം അധികരിക്കാം; അതിന്റെ അർത്ഥം ഹൃദയം കൂടുതലായി അധ്വാനിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ ഹൃദയപേശികളിലെ രക്തദാരിദ്ര്യം വഷളാകുമ്പോൾ മാത്രമാണ് നെഞ്ചു വേദനയോ ശ്വാസം മുട്ടലോ ഒക്കെ ഉണ്ടാകുന്നത്. ഇതുണ്ടാകാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരായാസം യാതൊരു പ്രശ്നവുമുണ്ടാക്കുന്നില്ല. 

ഹാർട്ടറ്റാക്കിനു ശേഷം സാധാരണ രീതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കു ശേഷം ലൈംഗിക ബന്ധം തുടങ്ങാം. ഇനി ഹാർട്ടറ്റാക്കുണ്ടാകാത, നെ‍ഞ്ചുവേദനയ്ക്കുള്ള ആൻജി യോപ്ലാസ്റ്റി നടത്തിയവരിലാണെങ്കിൽ ഏതാനും ദിവസങ്ങൾക്കു ശേഷം തന്നെ ലൈംഗികബന്ധമാവാം. 

ഹാർട്ടറ്റാക്കിനുശേഷം യാതൊരു മുൻകരുതലുമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും അപകടമില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. െസക്സിലേർപ്പെടുമ്പോൾ ലൈംഗികാവയവത്തിലേക്ക് കൂടുതൽ രക്തമൊഴുകും. ഇതിനായി ഹൃദയം കൂടുതല്‍ വേഗത്തിൽ സ്പന്ദിക്കേണ്ടി വരുമ്പോൾ ഹൃദയപേശികളിലേക്ക് അധികമായി രക്തപ്രവാഹം ഉണ്ടാവണം. 

ഈ രക്തം ഒഴുകിയെത്തുന്നതിന് കൊറോണറികളിലെ തടസ്സം വിഘാതമാകുന്നുവെങ്കിൽ ഹൃദ്രോഗലക്ഷണങ്ങൾ ഉണ്ടാകും. ചിലപ്പോൾ ഇത് ഹൃദയാഘാതത്തിന് വഴി തെളിക്കും. ഇതുകൊണ്ടാണ് അറ്റാക്ക് കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനശേഷിയെ വിലയിരുത്തുന്നതിനായി ഭിഷഗ്വരൻ പ്രത്യേക പരിശോധനകൾ നടത്തുന്നത്. ഇതിനായി നടത്തുന്ന പ്രധാന പരിശോധനകൾ ട്രെഡ്മില്ലും, എക്കോകാർഡിയോഗ്രാഫിയുമാണ്. 

ഹൃദയപ്രവർത്തനത്തിന് യാതൊരു പ്രശ്നമുണ്ടാകാതെ രോഗിക്ക് എത്രമാത്രം ആയാസപ്പെടാൻ കഴിയുമെന്ന് ട്രെഡ്മിൽ പരിശോധനയിലൂടെ ശാസ്ത്രീയമായി അറിയാം. അദ്ധ്വാനിക്കുമ്പാൾ അപകടകരമായി രക്തസമ്മര്‍ദ്ദം ഉയരു ന്നുണ്ടോ, ഹൃദയമിടിപ്പ് അമിതമാകുന്നുണ്ടോ, നെഞ്ചുവേദന യോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്നുണ്ടോ തുടങ്ങി പലതും ഈ പരിശോധനയിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഡോക്ടർ നൽകുക. അതു കൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള ആയാസം താങ്ങാനുള്ള കരുത്ത് രോഗിയുടെ ഹൃദയത്തിനുണ്ടോയെന്ന് മുൻകൂട്ടി തിട്ടപ്പെടുത്തണം. 

ഹൃദയാഘാതമുണ്ടായവർ ‘വയാഗ്ര ’ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് തീർച്ചയായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. അറ്റാക്കുണ്ടാകാതെ അൻജൈന മാത്രമുള്ളവർക്കും ഇത് ബാധകമാണ്. ഇക്കൂട്ടർ സാധാരണ കഴിക്കാറുള്ള ‘നൈട്രേറ്റ്’ ഗുളികകൾ, രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തസഞ്ചാരം ഊർജ്ജിതപ്പെടുത്തുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക

ഹാർട്ടറ്റാക്ക് കഴിഞ്ഞ രോഗികൾ ലൈംഗികബന്ധത്തിലേർ പ്പെടുന്നതിനു മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു.

∙ചികിത്സകന്റെ അനുമതി തേടുക. 

∙നെ‍ഞ്ചുവേദന, ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ്, തളർച്ച എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ ഭിഷഗ്വരനെ അറിയിക്കുക.

∙അമിതായാസം വേണ്ടിവരുന്ന ലൈംഗിക ചേഷ്ടകൾ ഒഴിവാക്കുക.

∙ഭക്ഷണം കഴിച്ച ശേഷം മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞേ ബന്ധപ്പെടാവൂ.

∙എല്ലാ മരുന്നുകളും കൃത്യമായി കഴിക്കുക. ‘ബീറ്റാ ബ്ലോക്കർ’ മരുന്നുകള്‍ കഴിക്കുന്നത് നെഞ്ചിടിപ്പ് കൂടാതിരിക്കാൻ സഹായ കരമാകും. എന്നാൽ ഈ മരുന്നുകൾ ഉദ്ധാരണശേഷിയെ തളർത്തുവാനിടയുണ്ട്. 

∙പ്രഷർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ അവയെ കർശനമായി നിയന്ത്രണം വിധേയമാക്കുക. അല്ലാത്തപക്ഷം അത് ലൈംഗിക ശേഷിയെ ബാധിക്കും.

∙അവിഹിതമായ ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുക. അത് പൾസും പ്രഷറും കൂട്ടി ഹൃദയാഘാതം ഉദ്ദീപിപ്പിക്കുവാൻ കാരണമാകും. 

∙ലൈംഗികബന്ധത്തിനു മുമ്പ് ലഹരിപദാർത്ഥങ്ങളോ വയറ് നിറയെ ഭക്ഷണമോ കഴിക്കരുത്.

∙ഹൃദ്രോഗത്തിനുള്ള മരുന്നു കഴിക്കുന്നവർ ലൈംഗികോ ത്തേജന ഔഷധമായ ‘വയാഗ്രാ’ (സിൽഡെനാഫിൽ) ഉപയോഗിച്ചു തുടങ്ങുന്നതിനുമുമ്പായി തീർച്ചയായും ഹൃദ്രോഗവിദഗ്ധന്റെ അഭിപ്രായം ആരായുക.

∙എന്തെങ്കിലും സംഭവിക്കുമോ എന്ന അനാവശ്യഭയം വേണ്ട. എല്ലാ പ്രവൃത്തികളും പോലെയുള്ള ആയാസപ്രവർത്തനം മാത്രമാണ് ലൈംഗികവേഴ്ചയും. ഇത് മനസ്സിന് ഉല്ലാസവും ശാരീരിക സമ്മർദങ്ങൾക്ക് അയവും തരുന്ന പ്രവർത്തനം കൂടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com