ADVERTISEMENT

2018 ൽ കോഴിക്കോടും 2019 ൽ കൊച്ചിയിലും നിപ്പ രോഗം വന്നെത്തിയതോടെ കേരളത്തിലെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ പുതിയ ഒരു വൈറസ് രോഗം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. മരണസാധ്യത കൂടുതലുള്ള രോഗമായതിനാലും പ്രത്യേക ചികിത്സയും വാക്സിനും ഇല്ലാത്തതുകൊണ്ടും വളരെ ഭീതിയോടെയാണ് നാം ഈ രോഗത്തെ കാണുന്നത്. രോഗം വീണ്ടും എത്തും എന്നുതന്നെയാണ് നിപ്പയുടെ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്. എങ്ങനെയാണ് നിപ്പ രോഗം ഉണ്ടാവുന്നത് അല്ലെങ്കിൽ അതു വരുന്ന വഴികളേതെന്ന് എല്ലാവരും അറിഞ്ഞിരുന്നാൽ അവയെ പ്രതിരോധിക്കാൻ എളുപ്പമാവും. 

നിപ്പ ഒരു വൈറസ് രോഗമാണ്. ആർഎൻഎ വൈറസ് ആണ് (Nipah Virus). മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ രോഗം പരത്തുന്ന പുതിയൊരു മൃഗജന്യ വൈറസാണ് നിപ്പ (Zoomosis) ഹെനിപാ വൈറസ് (Henipahvirus) ജീനസിലാണ് ഈ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വവ്വാലുകളാണ് പ്രധാന രോഗാണുവാഹകർ. വവ്വാലിൽ ഇത് രോഗമുണ്ടാക്കുന്നില്ല. വവ്വാലിന്റെ ശരീരത്തിൽ അവ പൊരുത്തപ്പെട്ട് കഴിയുന്നു. 

വൈറസ് എത്തുന്ന വഴികൾ 

പ്രധാനമായും മൂന്നു വഴികളിലൂടെയാണ് നിപ്പ എത്തുന്നത്.

∙വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക്

കേരളത്തിൽ എല്ലാസ്ഥലങ്ങളിലും വവ്വാലുകൾ പ്രത്യേകിച്ച് പഴംതീനി വവ്വാലുകൾ ഉണ്ട്. അവയുടെ ശരീരത്തിൽ നിപ്പ വൈറസുകൾ ഉണ്ടാവാം. 2018 ൽ കോഴിക്കോട് നിപ്പ ബാധിച്ചപ്പോൾ വവ്വാലുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ ഉമിനീരിലും വിസർജ്യത്തിലും വൈറസ് ഉണ്ടാവാം അങ്ങനെയുള്ള വവ്വാലുകൾ കഴിച്ച പഴങ്ങളിൽ വൈറസ് കടന്നു കൂടാം. രോഗമില്ലാത്ത ഒരാൾ ഈ പഴങ്ങൾ കഴിക്കുമ്പോഴോ വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളോ വെള്ളമോ കുടിക്കുമ്പോഴോ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുന്നു. 

∙വവ്വാലുകളിൽ നിന്നും വളർത്തു മൃഗങ്ങളിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും

പന്നികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയിലേക്ക് വവ്വാലുകളിൽ നിന്നും വൈറസ് എത്താം. അവയിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്നു. 1998 ൽ മലേഷ്യയില്‍ ആദ്യമായി നിപ്പ പർന്നു പിടിച്ചത് പന്നികളെ വളർത്തുന്ന കർഷകരിലായിരുന്നു. രോഗാണുക്കളുള്ള മൃഗങ്ങളുമായി സമ്പർക്കമുണ്ടാവുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. 

∙രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക്

രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർക്കും ബന്ധുക്കൾക്കും വൈറസ് ബാധയുണ്ടാവാം. നിപ്പ വൈറസ് ബാധിച്ച കോഴിക്കോട്ടെ ആദ്യ രോഗിയിൽ നിന്നും അയാളുമായി സമ്പർക്കം ഉണ്ടായവരിലേക്കും രോഗം പകരുകയാണുണ്ടായത്. 19 പേർക്കാണ് അങ്ങനെ രോഗബാധ ഉണ്ടായത്.  രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഛർദ്ദിക്കുമ്പോഴുമൊക്കെ ധാരാളം വൈറസുകളെ പുറത്തേക്ക് വിടുകയും അവ ശ്വസിക്കുന്ന മറ്റൊരാളിലേക്ക് രോഗാണു എത്തുകയും ചെയ്യും. രോഗിയിൽ നിന്നു മറ്റുള്ളവരിലേക്ക് വൈറസ് പ്രവേശിക്കുന്നത് പലപ്പോഴും രോഗി ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ്. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് നിപ്പ പ്രധാനമായും പടരുന്നത്. 

മറ്റ് സാംക്രമിക രോഗങ്ങളെപ്പോലെ പകർച്ചശേഷി കൂടിയ ഒരു രോഗമല്ല നിപ്പയെന്ന് ആശ്വാസകരമാണെങ്കിലും മരണനിരക്ക് കൂടുതലാണ് എന്നത് ആശങ്കയ്ക്ക് കാരണമാവുന്നു. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം  അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com