ADVERTISEMENT

സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന 1985 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം അല്ലെങ്കിൽ പിങ്ക് മാസമായി ആചരിക്കുന്നു. സ്തനാർബുദം തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദ ബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജനാവബോധം വളർത്തുന്നതിന് വേണ്ടി ഈ കാലയളവിൽ ലോകമാകമാനമുള്ള പല സന്നദ്ധസംഘടനകളും ആശുപത്രികളും കൂട്ടായ്മകളും സ്തനാർബുദത്തിനെതിരായുള്ള പ്രചാരണപരിപാടികളും സംഘടിപ്പിച്ചു വരുന്നു. 

സ്തനാർബുദം– സ്ഥിതി വിവര കണക്ക്

മുൻപ് വികസിത രാജ്യങ്ങളിൽ കൂടുതലായി കാണപ്പെട്ടിരുന്ന രക്താർബുദം, ജീവിതനിലവാരം ഉയർന്നതിന്റേയും ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റത്തിന്റെയും ഫലമായി, ഇന്ന് ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന അർബുദം ആയി മാറിക്കഴിഞ്ഞുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളിൽ 40 മുതൽ 45 വരെ പേർ അർബുദബാധിതരാവുന്നു. സാധാരണ 40 വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നതെങ്കിലും അപൂർവമായി 20–40 പ്രായക്കാർക്കും ഗർഭിണികൾക്കും അർബുദം ബാധിക്കാം. 

കാരണങ്ങൾ 

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിൽ ആണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതകവ്യതിയാനങ്ങളാണ് അർബുദരോഗബാധയ്ക്കുള്ള പ്രധാന കാരണം. എന്നിരുന്നാലും, സ്ത്രീശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ടറോൺ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ‌ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിത വണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, കൂടുതലായുള്ള ഹോർമോൺ ഉപയോഗം, നേരത്തെയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം തുടങ്ങിയ ഘടകങ്ങളും സ്തനാർബുദ ബാധയ്ക്കുള്ള കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ ശതമാനം സ്ത്രീകളിൽ പാരമ്പര്യമായും സ്തനാർബുദം ബാധിച്ചേക്കാം. 

സ്ത്രീകളിൽ മാത്രമല്ല, അപൂർവമായി പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കാറുണ്ട്. പലപ്പോഴും പുരുഷന്മാരിൽ ഇത്തരം മുഴകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതു കൊണ്ടോ അവഗണിക്കുന്നതു മൂലമോ അർബുദം വളരെ മൂർച്ഛിച്ച അവസ്ഥയിലാണ് കണ്ടുപിടിക്കപ്പെടാറുള്ളത്. 

രോഗലക്ഷണങ്ങൾ

സ്വന്തം സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും വേണ്ടത്ര കരുതലോടെ നിരീക്ഷിച്ചാൽ വളരെ നേരത്തേതന്നെ സ്തനാർബുദം കണ്ടെത്താൻ കഴിയും. എല്ലാ മാസവും കഴിവതും ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തുന്നതുവഴി ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സ്ത്രീകൾക്ക് സാധിക്കും. 

വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകൾ, സ്തനങ്ങളിലെ കല്ലിപ്പ്, ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്നും രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ ഉണ്ടാകുക എന്നിവ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 

എല്ലാ മുഴകളും അപകടകാരികളാണോ?

20–40 പ്രായക്കാരിൽ കാണപ്പെടുന്ന തെന്നിമാറുന്ന മുഴകൾ (Fibroadenoma Cyst), ആർത്തവത്തോടനുബന്ധിച്ചു വരുന്ന വേദനയോടു കൂടിയ കല്ലിപ്പ് (Fibroadenosis), വർഷങ്ങളായി വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകൾ, മുലയൂട്ടുന്ന സമയത്ത് മുലപ്പാൽ കെട്ടിനിന്ന് ഉണ്ടാകുന്ന മുഴകൾ (Abscess, Galatocele) എന്നിവ സ്തനാർബുദം ആയിരിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നിരുന്നാലും ഒരു ഡോക്ടറെ സമീപിച്ച് വേണ്ടത്ര പരിശോധനകൾ നടത്തി ഇക്കാര്യം ഉറപ്പ് വരുത്തുന്നത് അഭികാമ്യം.

എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത്?

ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വളരെ ലളിതമായ ചില പരിശോധനകളിലൂടെ ഇന്ന് സ്തനാർബുദ നിർണയം സാധ്യമാണ്. Triple Test എന്ന് അറിയപ്പെടുന്ന 

1. വിദഗ്ധ ഡോക്ടറുടെ പരിശോധന

2. മാമോഗ്രഫി പരിശോധന

3. പാത്തോളജി പരിശോധന എന്നിവയുടെ സഹായത്തോടെ 99 ശതമാനം മുഴകളിലും രോഗനിർണയം കൃത്യമായി നടത്തുവാൻ സാധിക്കും. 

മാമോഗ്രഫി

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ വേദനരഹിതവും ചെലവ് കുറഞ്ഞതുമായ എക്സ്–റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യമായ പരിശോധനാ ഉപാധി. ഇതിൽ ഉപയോഗിക്കുന്ന താരതമ്യേന ചെറിയ തോതിലുള്ള എക്സ്റേ റേഡിയേഷൻ ശരീരത്തിന് ദോഷകരമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 40 വയസ്സിനപ്പുറം പ്രായമുള്ള സ്ത്രീകൾ ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ മാമോഗ്രഫി പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. 

അൾട്രാസൗണ്ട് മാമോഗ്രാം (സോണോമാമോഗ്രാം)

40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളുടെ സ്തനങ്ങളുടെ ഘടനയുടെ പ്രത്യേകതകൾ കാരണം, ഇക്കൂട്ടരിൽ അൾട്രാ സൗണ്ട് പരിശോധനയാണ് രോഗനിർണയത്തിന് കൂടുതൽ പ്രയോജനപ്പെടുക. ഇത് വളരെ ലളിതവും വേദനാരഹിതവും ചെലവ് കുറഞ്ഞതും റേഡിയേഷൻ ഇല്ലാത്തതുമായ ഒരു പരിശോധനാരീതി ആയതിനാൽ, ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ഉണ്ടാകുന്ന മുഴകളുടെ പരിശോധനയ്ക്കായും ഉപയോഗിക്കാവുന്നതാണ്. 

MR മാമോഗ്രഫി

എക്സ്റേ മാമോഗ്രഫി, സോണോ മാമോഗ്രഫി എന്നിവയുടെ സഹായത്തോടെ രോഗനിർണയം സാധ്യമാകാതെ വരുന്ന സന്ദർഭങ്ങളിൽ, ഇവയ്ക്ക് പൂരകമായി കുറച്ച് കൂടി സൂക്ഷ്മതയുള്ളതും റേഡിയേഷൻ ഇല്ലാത്തതും എന്നാൽ താരതമ്യേന ചെലവേറിയതുമായ MR മാമോഗ്രഫി (Magnetis Resonance Mammography) പരിശോധന ഉപയോഗപ്പെടുത്താം. സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ, കൃത്രിമ സ്തനങ്ങൾ (Implants) ഉപയോഗിക്കുന്നവർ, സ്തനങ്ങളിൽ മുഴകൾ ഉള്ള രോഗികൾ, മാമോഗ്രഫിയിൽ സാധാരണ കാണപ്പെടാത്ത തരം അർബുദം ബാധിച്ചു എന്ന് സംശയിക്കുന്നവർ, ശസ്ത്രക്രിയയ്ക്ക് മുമ്പായി കീമോ ചികിത്സയ്ക്കു വിധേയരായ  രോഗികൾ എന്നിവരിൽ MR മാമോഗ്രഫി കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പാത്തോളജി പരിശോധന

മാമോഗ്രാഫി പരിശോധനയ്ക്ക് മുമ്പോ അതിനു ശേഷമോ ആയി പാത്തോളജി പരിശോധനയും രോഗനിർണയത്തിന് ആത്യാവശ്യമാണ്. ഇതിനായി മുഴകളിൽ നിന്നും ചെറിയ ഒരു സൂചി ഉപയോഗിച്ച് ദ്രവം കുത്തിയെടുത്തുള്ള പരിശോധനയോ (FNAC), ഒരു ബയോപ്സി ഉപയോഗിച്ചുള്ള പരിശോധന യോ ( Core Needle Biopsy), മുല ഞെട്ടിൽ നിന്നും വരുന്ന സ്രവത്തിന്റെ പരിശോധനയോ ചെയ്യാവുന്നതാണ്. അർബുദം സ്ഥിരീകരിച്ചവരിൽ രോഗത്തിന്റെ ഘട്ടം (Staging) നിർണയിക്കുന്നതിനായി സിടി സ്കാൻ, PET- CET സ്കാൻ, ബോൺ സ്കാൻ തുടങ്ങിയ പരിശോധനകൾ കൂടി ആവശ്യമായി വന്നേക്കാം.

ചികിത്സ

ഏതൊരു അർബുദം പോലെ സ്തനാർബുദത്തിനും മേൽപ്പറഞ്ഞ പോലെ പല ഘട്ടങ്ങൾ (Stages) ഉണ്ട്. ഏതു ഘട്ടത്തിലാണോ രോഗനിർണയം സാധ്യമാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് രോഗിയുടെ രോഗനിദാനവും ചികിത്സാ മാർഗങ്ങളും നിർണയിക്കപ്പെടുക. 

പ്രാരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സ കൊണ്ട് സ്തനാർബുദം ഭേദമാക്കാം. കണ്ടുപിടിക്കാൻ കാലതാമസം ഉണ്ടാകുന്തോറും രോഗം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കുകയും ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവും ആയിത്തീരുകയും ചെയ്യും. 

സ്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന 2 സെ. മീ –ൽ താഴെ വലിപ്പമുള്ള മുഴകൾ (Stage 1), 2–5 സെ.മീ വരെ വലിപ്പമുള്ള മുഴകൾ  (Stage 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ് ഏറ്റവും ഫലപ്രദം. 

സ്തനങ്ങളിലുള്ള മുഴകളോടൊപ്പം കക്ഷത്തെ കഴലകളിലേക്കോ നെഞ്ചിന്റെ ഭിത്തിയിലേക്കോ അർബുദം വ്യാപിച്ചാൽ  (Stage 3), ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവുമാവുന്നു. ഈ രോഗികൾക്ക് പലപ്പോഴും ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ കീമോ ചികിത്സയും പിന്നീട് റേഡിയേഷൻ ചികിത്സയും ആവശ്യമായി വരുന്നു. 

ശരീരത്തിലെ കരൾ, എല്ലുകൾ, ശ്വാസകോശം, മസ്തിഷ്കം തുടങ്ങിയ ഇതര അവയവങ്ങളിലേക്ക് അർബുദം വ്യാപിച്ചു കഴിഞ്ഞാൽ (Stage 4), രോഗിക്ക് പൂർണ രോഗമോചന ചികിത്സ എന്നതിലുപരി സാന്ത്വന ചികിത്സ (Palliative Care)യാണ് ഡോക്ടർമാർ നിര്‍ദേശിക്കാറുള്ളത്.

സ്തനാർബുദം ശസ്ത്രക്രിയാരംഗത്ത് ഇന്ന് അത്ഭുതാവഹമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുമ്പു കാലത്ത് അർബുദം ബാധിച്ച സ്തനം പൂർണമായും നീക്കം ചെയ്തു വന്നിരുന്നു. ഇത് സ്ത്രീകളിൽ ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതം വളരെ വലുതാണ്. എന്നാൽ ഇപ്പോൾ സ്തനങ്ങളുടെ ആകൃതിയും വലിപ്പവും നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാരീതികൾ ആണ് കൂടുതലും ചെയ്തു വരുന്നത്. (Breast Conservation Surgery and Breast Reconstruction Surgery) ഒരേ സമയം സ്തനങ്ങളുടെ പലഭാഗങ്ങളിൽ അർബുദം ബാധിക്കുന്നു. അപൂർവം അവസരങ്ങളിൽ മാത്രമേ സ്തനം പൂർണമായും നീക്കം ചെയ്യേണ്ടി വരികയുള്ളൂ. 

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അർബുദജൈവഘടനാ പരിശോധനയിൽ (Cancer Biology), അർബുദകോശങ്ങളുടെ ഹോർമോൺ സെൻസിറ്റിവിറ്റി (ER, PR, HER-2) നിർണയിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചില രോഗികൾക്ക് പൂർണരോഗശമനം ഉറപ്പു വരുത്തുന്നതിനും അർബുദം തിരിച്ചു വരാതിരിക്കാനുമായി ഹോർമോൺ ചികിത്സയും ആവശ്യമായി വന്നേക്കാം. 

റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, ഓങ്കോസർജൻ, റേഡിയോളജിസ്റ്റ്, പാലിയേറ്റീവ് സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ ഉൾപ്പെട്ട ഒരു Multidisciplinary ടീമിന്റെ നേതൃത്വത്തിൽ രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ രോഗമോചനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് ഇന്ന് സ്വീകരിച്ചു വരുന്നത്. 

ചികിത്സ പൂർത്തിയാക്കി രോഗവിമുക്തി നേടിക്കഴിഞ്ഞാലും ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായ ഇടവേളകളിലുളള തുടർപരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനപ്പെട്ടതും, എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു പ്രവണതയാണ്. രോഗം ഭേദമായ ശേഷമുള്ള ആദ്യത്തെ വർഷമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കാരണം രോഗം വീണ്ടും പിടിപെടാനുള്ള സാധ്യത താരതമ്യേന ഈ കാലയളവിൽ കൂടുതലാണ്. രണ്ടാം വർഷം മുതൽ ഈ സാധ്യത കുറഞ്ഞു വരുന്നതായാണ് കാണപ്പെടുന്നത്. 

വിദേശ രാജ്യങ്ങളിലേതു പോലെ ഇൻഷുറൻസ് പരിരക്ഷയോടെയുള്ള നിർബന്ധിത സ്തനാർബുദ പരിശോധനകൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിലില്ല. വർധിച്ച ജനസംഖ്യാ നിരക്കും സാമ്പത്തിക പശ്ചാത്തലവും ഒക്കെ കണക്കിലെടുക്കുമ്പോൾ ഇത് ഇന്ത്യയിൽ അത്ര പ്രാവർത്തികവുമല്ല.

അതിനാൽ, സ്ത്രീകള്‍ മാസത്തിൽ ഒരിക്കലെങ്കിലും സ്വയം സ്തനപരിശോധന ഒരു ശീലമാക്കുകയും കൃത്യമായ വ്യായാമ ശീലങ്ങൾ പിന്തുടരുകയും അമിതവണ്ണം ഒഴിവാക്കുകയും ജീവിതശൈലിയിലും ആഹാരക്രമത്തിലും ആവശ്യമുളള മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഒരു പരിധിവരെ സ്തനാർബുദത്തെ തടയാൻ നമുക്ക് സാധിക്കും. പ്രാരംഭഘട്ടത്തിൽതന്നെ രോഗം തിരിച്ചറിയുക എന്ന ലക്ഷ്യത്തിനാണ് ഈ സ്തനാര്‍ബുദ അവബോധ മാസത്തിൽ നാം ഊന്നൽ നൽകേണ്ടത്. ചുരുക്കത്തിൽ, സ്തനങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും മാറ്റങ്ങളോ മുഴകളോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഒട്ടും ഭയപ്പെടാതെ തക്കസമയത്തുതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി അവ ഉപദ്രവകാരികളല്ലെന്ന് ഉറപ്പ് വരുത്താൻ എല്ലാ സത്രീകളും ശ്രദ്ധിക്കേണ്ടതാണ്. 

(പട്ടം എസ്‌യുടി ഹോസ്പിറ്റലിലെ കൺസൽട്ടന്റ് റേഡിയോളജിസ്റ്റ് ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com