ADVERTISEMENT

മഴയ്ക്കൊപ്പം ഡെങ്കിപ്പനിയും വൈറൽ പനിയും വർധിക്കാനുള്ള സാഹചര്യം ജനങ്ങളെ ഭീതിയിലാക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വൈറൽ പനി വർധിക്കുന്നതിന് ഇടയാക്കുന്നത്. എന്നാൽ കൃത്യമായ മുൻകരുതലുകളിലൂടെയും ബോധവൽക്കരണ–ശുചീകരണ പ്രവർത്തനങ്ങളിലൂടെയും ഡെങ്കിപ്പനി നിയന്ത്രിക്കാനാവും.

ഡെങ്കിപ്പനി  ലക്ഷണങ്ങൾ 

ശക്തമായ പനി, തലവേദന, സന്ധികളിൽ വേദന, കണ്ണിന്റെ പിൻഭാഗത്ത് ഉണ്ടാകുന്ന വേദന. ശരീരത്തിൽ  ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം കലശലായാൽ ബോധക്ഷയവും ആന്തരിക രക്തസ്രാവവും ഉണ്ടാകും. ഇത്തരത്തിലുള്ള അവസ്ഥയാണു രോഗിയെ ഗുരുതരാവസ്ഥയിൽ ആക്കുന്നത്. 5 തരം വൈറസുകളാണു ഡെങ്കിപ്പനിയിൽ കണ്ടുവരുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്ട്സ് എന്നീ ഇനങ്ങളിൽ പെട്ട കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. 

ഡെങ്കിപ്പനി ബാധച്ചയാളെ കടിക്കുന്ന കൊതുക് അടുത്തയാളെ കടിക്കുന്നതോടെ രക്തത്തിലൂടെ അയാൾക്കും രോഗം പകരും. രോഗപ്പകർച്ച തടയുന്നതിനു പ്രധാനമായി കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയാണു ചെയ്യേണ്ടത്. രോഗം ബാധിച്ചവരും കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം. കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണു രോഗം പടരുന്നതു തടയുന്നതിനുള്ള പ്രധാന കാര്യം. 

മണ്ണിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈ ഇനം കൊതുകുകൾ വളരില്ല.  അതേ സമയം പാത്രങ്ങളിലും ടയറുകൾ, ടെറസ്, റഫ്രിജറേറ്ററിന്റെ പിൻഭാഗം, കൊക്കോക്കായയുടെ തോട് തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ മുട്ട ഇട്ടാണ് ഈഡിസ് കൊതുകുകൾ പ്രധാനമായും വളരുന്നത്. ഇത്തരം സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം. 

ചികിത്സ തേടണം

∙ പനി ബാധിതർ എത്രയും വേഗം അടുത്തുള്ള സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടണം. രോഗം കലശലായ ശേഷം ചികിത്സിക്കുന്നതിനെക്കാൾ നല്ലത് ആരംഭത്തിൽ തന്നെ ചികിത്സിക്കുന്നതാണ്. യഥാസമയം ചികിത്സ ആരംഭിച്ചാൽ  ഡെങ്കിപ്പനി ചികിത്സിച്ച് ഭേദമാക്കാനാകും. 

അതേ സമയം രോഗം കലശലായാൽ രോഗിയുടെ അവസ്ഥ ഗുരുതരമാകും. പനിബാധിതർ യഥാസമയം ചികിത്സ തേടുകയും വിശ്രമം എടുക്കുകയും ചെയ്യണം. മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം ദിവസവും കുടിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com