ADVERTISEMENT

വിരാട് കോലിയും എബി ഡിവില്ലിയേഴ്സുമടക്കം വമ്പൻ താരനിരയും ഏറ്റവുമധികം ആരാധകരുമുണ്ടായിട്ടും ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിക്കാതെ പോയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ പുതിയ തന്ത്രങ്ങളുമായെത്തുന്നു. സപ്പോർട് സ്റ്റാഫിൽ ആദ്യമായി വനിതയെ ഉൾപ്പെടുത്തിയാണ് ഐപിഎല്ലിന്റെ 13ാം പതിപ്പിൽ ടീം തയാറെടുപ്പ് തുടങ്ങുന്നത്. സ്പോർട്സ് മസാജ് തെറപ്പിസ്റ്റ് റോളിലെത്തുന്ന നവ്നീത ഗൗതമാണ് ആർസിബിയുടെ ആ ‘പന്ത്രണ്ടാമൻ’. ഹെഡ് ഫിസിയോതെറപ്പിസ്റ്റ് ഇവാൻ സ്പീച്‌ലി, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് ശങ്കർ ബസു എന്നിവർക്കൊപ്പം ഇനി ടീമിന്റെ കായിക ആരോഗ്യ സംരക്ഷണത്തിന് നവ്‌നീതയുമുണ്ടാകും. കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ടീമിന്റെ വിജയതൃഷ്ണ വർധിപ്പിക്കാനുമുള്ള മേൽനോട്ടത്തിലും നവ്‌നീതയ്ക്കും പങ്കുണ്ടാകും.

ഐപിഎൽ ടീമുകളിൽ ആദ്യമായാണ്് സപ്പോര്്‍ട്ട് സ്റ്റാഫിൽ വനിതയെത്തുന്നത്. ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായും പുതിയ ചുവടുവയ്പ് ശരിയായ ദിശയിൽതന്നെയാണെന്നും ആർസിബി ചെയർമാൻ സഞ്ജീവ് ചുരിവാല പറഞ്ഞു. കാലത്തിനനുസരിച്ച് ക്രിക്കറ്റും മാറുകയാണ്. വനിതാ ക്രിക്കറ്റിന് ഇപ്പോൾ ഒട്ടേറെ കാഴ്ചക്കാരുണ്ട്. മത്സരങ്ങളിലുള്ള പ്രാതിനിധ്യംപോലെ സപ്പോർട് സ്റ്റാഫിലും വനിതാ പ്രാതിനിധ്യം വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഉടച്ചു വാർക്കലിനുശേഷമാണ് പുതിയ സീസണിലേക്ക് ആർസിബി ഉറ്റുനോക്കുന്നത്. 

മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സനാണ് ടീമിന്റെ പുതിയ ഡയറക്ടർ. സൈമൺ കാറ്റിച്ചാണ് പുതിയ ഹെഡ് കോച്ച്. ട്വന്റി 20 ഫോർമാറ്റിനു പറ്റിയ വമ്പനടിക്കാരെയും പേരെടുത്ത ഓൾറൗണ്ടർമാരെയുമെല്ലാം ടീമിലെത്തിക്കുന്നതിൽ ആർസിബി മിടുക്കു കാട്ടാറുണ്ടെങ്കിലും ചില സീസണുകളിൽ തോറ്റു തോറ്റു മടുക്കുന്നതാണു ശീലം. നന്നായി കളിക്കുന്ന സീസണുകളിലാണെങ്കിൽ ഫൈനലിലും വീഴും. കളിക്കാരെ നിലനിർത്തുന്നതിൽ ടീം കാണിക്കുന്ന അലംഭാവവും തിരിച്ചടിയാകാറുണ്ട്. ഐപിഎല്ലിലെ പോയ വർഷങ്ങളിൽ മികവു കാണിച്ച കെ.എൽ.രാഹുൽ, ക്രിസ് ഗെയ്‌ൽ ഷെയ്ൻ വാട്സൻ തുടങ്ങിയവരെല്ലാം ആർസിബിയിൽ കളിച്ചവരാണ്. ഇത്തവണയെങ്കിലും കപ്പില്ലാ ശാപം ഒഴിവാക്കാൻ കാലേ കൂട്ടി ഇറങ്ങുകയാണ് റോയൽ ചാലഞ്ചേഴ്സ്.

English summary : RCB appoint woman sports massage therapist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com