ADVERTISEMENT

രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മാണുക്കളിൽ ഏറ്റവും ചെറുത് വൈറസുകളാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും സസ്യങ്ങളിലും പല മാരക രോഗങ്ങളും ഉണ്ടാക്കുന്ന ഇവയ്ക്ക് പല പ്രത്യേകതകളും ഉണ്ട്.

 

∙ജീവനുള്ളതും ഇല്ലാത്തവയും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി വൈറസിനെ ശാസ്ത്രജ്ഞൻമാർ കരുതുന്നു. കാരണം ജീവന്റെ അടിസ്ഥാന ഘടകമായ കോശങ്ങൾ പോലും അവയ്ക്കില്ല. ഒരു ന്യൂക്ലിക് ആസിഡും അതിനു ചുറ്റും ഒരു പ്രോട്ടീൻ കവചവുമാണ് ശരീരമായിട്ടുള്ളത്.

 

∙ സ്വന്തമായി ഒരു കോശം പോലും ഇല്ലെങ്കിലും വൈറസുകൾക്ക് നിശ്ചിതാകൃതിയുണ്ട്; ഗോളം, ദണ്ഡ്, ചുരുൾ എന്നിങ്ങനെ പലതും.

 

∙ ഒരു ജീവകോശത്തിനുള്ളിൽ കടന്നാലേ ഇവ ജീവന്റെ മറ്റു സ്വഭാവങ്ങൾ കാണിക്കൂ. കോശങ്ങൾക്കു പുറത്ത് ഇവ നിശ്ചലമാണ്.

 

∙ മറ്റു ജീവജാലങ്ങളെപ്പോലെ ഇവ ആഹാരം സ്വീകരിക്കുകയോ വളരുകയോ ശ്വസിക്കുകയോ ചെയ്യുന്നില്ല.

 

∙ ഇവ വംശവർധനവു നടത്തുന്നതും പ്രത്യേക തരത്തിലാണ്. മറ്റു ജീവ കോശങ്ങളിൽ പ്രവേശിച്ച് അതിന്റെ കോശ ഘടകങ്ങൾ കൂട്ടിച്ചേർത്താണ് ഇവ പെരുകുന്നത്. ഈ രീതിക്ക് ആവൃത്തിയെന്നു പറയുന്നു. ഇങ്ങനെ ആയിരക്കണക്കിനു പുതിയ വൈറസുകളുണ്ടാവുന്നു. ഇവ ആ കോശത്തെ നശിപ്പിച്ച് പുറത്തു കടക്കുന്നു. മറ്റൊരു കോശത്തിൽ പ്രവേശിച്ച് വീണ്ടും വംശവർധനവു നടത്തുന്നു.

 

∙ജീവകോശങ്ങളിൽനിന്നു പുറത്തെടുത്താൽ വൈറസുകളുടെ പ്രത്യുൽപാദനശേഷി നഷ്ടപ്പെടുന്നു. അവ വെറും രാസസംയുക്തമായി തീരുന്നു. ഈ രൂപത്തിൽ അവയ്ക്ക് എത്ര കാലം വേണമെങ്കിലും നിലനിൽക്കാം. അങ്ങനെയാണ് പല വൈറസ് രോഗങ്ങളും വർഷങ്ങൾക്കു ശേഷം വീണ്ടും എത്തുന്നത്. 

 

∙ ബാക്ടീരിയയേക്കാൾ വളരെ ചെറുതായ ഇവയെ കണ്ടെത്താനും പഠിക്കാനും ഇലക്ട്രോൺ മൈക്രോസ്കോപ് ആവശ്യമാണ്.

 

∙ വൈറസുകൾ മനുഷ്യരിൽ നിരവധി രോഗങ്ങൾ ഉണ്ടാക്കുന്നു. നിസ്സാരമായ ജലദോഷം മുതൽ വളരെ മാരകമായവ വരെ ഇതിലുണ്ട്. ഇൻഫ്ളുവൻസ, മുണ്ടിനീര്, റുബെല്ല, ഹെപ്പറ്റൈറ്റിസ്, പോളിയോ, പേവിഷബാധ, അഞ്ചാം പനി, ചിക്കൻ പോക്സ്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, പക്ഷിപ്പനി, പന്നിപ്പനി, സാർസ്, മെർസ്, എബോള, നിപ്പ, ജപ്പാൻ പനി, ചില കാൻസറുകൾ എന്നിങ്ങനെ നീണ്ടു പോവുന്നു പട്ടിക. ഹെപ്പറ്റൈറ്റിസ് ബി കരളിൽ കാൻസറിനും ഹ്യൂമൻ പാപ്പിലോമ വൈറസ് ഗർഭാശയഗള കാൻസറിനും കാരണമാവുന്നു. 

 

∙മനുഷ്യശരീരം നേടിയെടുത്തിട്ടുള്ള രോഗപ്രതിരോധ സംവി ധാനത്തെ തകർത്ത് മറ്റു രോഗങ്ങളുണ്ടാക്കുന്ന എയ്ഡ്സ് (AIDS) നെപ്പറ്റി കേട്ടിട്ടില്ലാത്തവർ കാണില്ല. എച്ച്ഐവി വൈറസാണ് ഇതിന് കാരണക്കാരൻ. 

 

∙ ലോകത്ത് ഏറ്റവും അധികം ആൾക്കാരെ ഒറ്റയടിക്കു കൊന്ന രോഗം സ്പാനിഷ് ഫ്ളൂ ആണ്. 1918–ൽ ഒരു വർഷത്തിനകം ഈ രോഗം മൂലം സ്പെയിനിൽ മരിച്ചത് 2.20 കോടി ആളുകളാണ്. 

 

∙ ലോകത്തുനിന്ന് തുടച്ചുമാറ്റപ്പെട്ട ഏക വൈറസ് രോഗമാണ് വസൂരി. വാക്സിനേഷനിലൂടെയാണ് ഇതു സാധ്യമായത്. ഒരു കാലത്ത് ലോകമെങ്ങും മരണം വിതച്ചിരുന്ന ഈ വൈറസിനെ ഇന്ന് അമേരിക്കയിലും റഷ്യയിലുമുള്ള പരീക്ഷണ ശാലകളിൽ സൂക്ഷിച്ചിരിക്കുന്നു.

 

∙ വൈറസുകളുടെ പാരമ്പര്യ ഘടകങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ (മ്യൂട്ടേഷൻ) മൂലം പുതിയ വൈറസുകളുണ്ടാവുന്നു. കൂടുതൽ മാരകമായവയും ഇങ്ങനെ ഉണ്ടാവാം.

English Summary: A virus is a small parasite that cannot reproduce by itself

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com