ADVERTISEMENT

ലോകമെമ്പാടും മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയായ രോഗാണുക്കളാണ് വൈറസുകൾ. കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കന് ആളുകളെ പിടികൂടി മരണത്തിലേക്കു തള്ളിവിടുന്ന പകർച്ചപ്പനികളിൽ മിക്കവയും വൈറസ് ഉണ്ടാക്കുന്നവയാണ്. 1918 ൽ സ്പെയിനിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ളൂ ആണ് ലോകത്തിൽ ഏറ്റവും അധികം ആളുകളെ കൊന്ന രോഗം ഒരു വർഷം കൊണ്ട് 2.20 കോടി ആളുകളാണ് മരിച്ചത്. ഒരുകാലത്ത് നാം ഏറ്റവും ഭയപ്പെട്ടിരുന്ന വസൂരി എത്ര പേരെ കൊന്നൊടുക്കിയെന്നതിനു കണക്കില്ല. 2002 ൽ ദക്ഷിണ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസ് രോഗം 5000 ഓളം പേരെ പിടികൂടി. നിരവധി ആളുകൾ മരിച്ചു. കേരളത്തിൽ മഴക്കാലത്തുണ്ടാവുന്ന മിക്ക പകർച്ചപ്പനികളും വൈറസ് മൂലമുണ്ടാവുന്നതാണ്. ഇനി കൂടുതൽ മാരകമായ വൈറസ് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് ഇനിയുള്ള കാലം വൈറസുകളുടേത് എന്നു പറയുന്നത്.

രണ്ടു തരം വൈറസ് രോഗഭീഷണിയാണ് ഇന്നുള്ളത്

∙ ഒരു രാജ്യത്ത് ഉണ്ടാവുന്ന വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. ഇതിനു പ്രധാന കാരണം, രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ വളരെ വർധിച്ചിരിക്കുന്നു എന്നതാണ്. മലേഷ്യയിലും ബംഗ്ലദേശിലും ഉണ്ടായ നിപ്പ കഴിഞ്ഞ വർഷമാണല്ലോ കേരളത്തിലെത്തിയത്. എബോള, മെർസ്, മഞ്ഞപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജാപ്പനീസ് എൻകഫലൈറ്റിസ്, വെസ്റ്റ് നൈൽ പനി തുടങ്ങി പത്തോളം വൈറസ് പകർച്ച വ്യാധികൾ ഈ കൂട്ടത്തിൽ പെടുന്നു. മഞ്ഞപ്പനി നമ്മുടെ നാട്ടിൽ എത്തിയാൽ എൺപതുശതമാനം ആൾക്കാർ വരെ മരണമടയാൻ സാധ്യതയുണ്ടത്രേ. കലാവസ്ഥാ വ്യതിയാനം, വനനശീകരണം തുടങ്ങി പലതും വൈറസുകളുടെ കടന്നാക്രമണത്തിനു കളമൊരുക്കുന്നു. മാരകങ്ങളായ പല പകർച്ചപ്പനികളും കൊതുകുകൾ പരത്തുന്നവയാണ് എന്നതും നമ്മുടെ നാട്ടിൽ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ് എന്നതും വൈറസ് രോഗ ഭീഷണി ഉയർത്തുന്നു. 

എമർജിങ് ന്യൂ വൈറസ് (Emerging New Virus)

ജീവന്റെ അടിസ്ഥാന ഘടകമായ കോശങ്ങൾ പോലുമില്ലാത്ത സൂക്ഷ്മാണുക്കളാണ് വൈറസ്. ഒരു ന്യൂക്ലിക് ആസിഡും അതിനെ ചുറ്റി ഒരു പ്രോട്ടീൻ ആവരണവും മാത്രമുള്ള വൈറസിൽ ജനിതകമാറ്റം (Mutation) സംഭവിച്ചാൽ പുതിയ ഒരു വൈറസ് ഉണ്ടാവാം. നമ്മുടെ നാട്ടിൽ തന്നെയുള്ള വൈറസുകളിലാവാം ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാവാമെന്നതു കൂടാതെ പകർച്ച ശേഷി കൂടിയതുമാവാം. വന്യമൃഗങ്ങളിലുള്ള വൈറസു ളിലും ഇങ്ങനെ മാറ്റം സംഭവിച്ച് പുതിയ വൈറസുകൾ ഉണ്ടാവുന്നു. ക്രമേണ അവ മനുഷ്യരിലും വന്നെത്താം. പുതിയ വൈറസ് രോഗങ്ങളുടെ ഒരു വേലിയേറ്റമാണ് 1980 കൾക്ക് ശേഷം ലോകത്ത് ഉണ്ടായിരിക്കുന്നത്.

English Summary: A viral infection is a proliferation of a harmful virus inside the body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com