ADVERTISEMENT

ബിപിക്കുള്ള മരുന്ന് ഏതു സമയത്തു കഴിക്കുന്നു എന്നതിൽ കാര്യമുണ്ടോ? രാവിലെയോ രാത്രിയിലോ ആണ് രക്തസമ്മർദത്തിനുള്ള മരുന്ന് രോഗികൾ സാധാരണ കഴിക്കുന്നത്. യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, രാത്രിയിൽ മരുന്നു കഴിക്കുന്നതാണ് ഗുണകരം എന്നു കണ്ടു. ഇതു മൂലം ഹൃദയാഘാതം, ഹൃദ്രോഗം, പക്ഷാഘാതം, മറ്റു രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത പകുതിയാകുമത്രേ.

സ്പെയിനിലെ വിഗോ സർവകലാശാലാ ഗവേഷകർ ആറു വർഷം 19000 രോഗികളിൽ നടത്തിയ പഠനമാണിത്. ഇവർ മരുന്നു കഴിക്കുന്ന സമയം രേഖപ്പെടുത്തി. രാത്രി കിടക്കുന്നതിനു തൊട്ടുമുൻപ് ബിപി മരുന്ന് കഴിക്കുന്നവർ ഹൃദ്രോഗം മൂലം മരണമടയാനുള്ള സാധ്യത 66 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടു. ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത 42 ശതമാനവും പക്ഷാഘാതം വരാനുള്ള സാധ്യത 50 ശതമാനവും കുറവാണെന്നും കണ്ടു. 

ഉറങ്ങുന്നതിനു തൊട്ടുമുൻപ്  രക്താതിമർദത്തിനുള്ള മരുന്ന് കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് പഠനം നടത്തിയ റമോൺ സി ഹെർമിഡ പറയുന്നു. ‘ഇപ്പോള്‍ രക്താതിമർദ ചികിത്സയ്ക്ക് പ്രത്യേകസമയമൊന്നും നിർദേശിക്കുന്നില്ല. മിക്കവരും ബിപിക്ക് രാവിലെ മരുന്നു കഴിക്കാനാണ് നിർദേശിക്കാറ്’ – അദ്ദേഹം പറയുന്നു. 

ഒരാൾ ഉണർന്നിരിക്കുമ്പോൾ ഉള്ളതിനെക്കാൾ ഉറങ്ങുമ്പോഴുള്ള രക്തസമ്മർദമാണ് ഹൃദ്രോഗ സാധ്യതയെ നിർണയിക്കുന്നത്. ഇതാണ് പ്രധാനവും. മറ്റു ഘടകങ്ങളായ ഭക്ഷണം, വ്യായാമം, ഇവയും പ്രധാനമാണ്. ജീവിതശൈലിയും മരുന്നിന്റെ ഫലപ്രാപ്തിയിൽ പ്രധാനമാണ്. മരുന്നു കഴിക്കുന്ന സമയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുവെങ്കിൽ അത് വൈദ്യനിർദേശം തേടിയ ശേഷം മാത്രമായിരിക്കണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com