ADVERTISEMENT

മേരിയമ്മ ഹാപ്പിയാണ്; നൂറു പാൽപുഞ്ചിരികൾ ഒരുമിച്ചു വിരിയുന്നതിന്റെ തിളക്കമുണ്ട് ആ മുഖത്ത്. 8 മക്കൾ, അവരുടെ 22 മക്കൾ, അവരുടെ 33 മക്കൾ, അവരുടെ 17 മക്കൾ... അങ്ങനെ 5 തലമുറകൾക്കൊപ്പം മേരിയമ്മ ഇന്നു നൂറാം പിറന്നാൾ ആഘോഷിക്കും. 30നാണു ശരിയായ തീയതി. തൈക്കൂടം സെന്റ് റാഫേൽ പള്ളിയങ്കണത്തിൽ പിങ്ക്, സ്വർണ വർണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് അവർ ഒന്നിക്കുന്നതിലെ സന്തോഷം മേരിയമ്മയുടെ മുഖത്തു കാണാം; നൂറിലും ഇത്തിരി നാണം ആ കവിളുകളെ ഒന്നു കൂടി മനോഹരമാക്കുന്നു.

മുണ്ടംവേലി ചെറിയകാക്രഞ്ചേരിയിലെ മേരി പതിനാറാം വയസ്സിലാണു കൂടാരപ്പള്ളി മാത്യുവിന്റെ ഭാര്യയായി വൈറ്റില പുത്തൻപാലത്തെ തറവാട്ടുവീട്ടിലെത്തുന്നത്. 8 മക്കളിൽ നാലാണും നാലു പെണ്ണും. മൂത്തമകൻ എൺപതുകാരൻ അഗസ്റ്റിന്റെ വീട്ടിലാണു മേരിയുടെ നൂറാം പിറന്നാളാഘോഷം. മേരിയമ്മയുടെ ഓരോ പിറന്നാളിനും 5 തലമുറക്കാരും ഒത്തുകൂടും. വിദേശത്തു നിന്നുള്ളവർ പോലും നാട്ടിലെത്തും.

mary-amma-photo-01
നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ മേരിയമ്മ. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

54 വർഷങ്ങൾക്കു മുൻപു മേരിക്ക് 46 വയസ്സുള്ളപ്പോൾ മാത്യു വിട പറഞ്ഞു. മക്കളിൽ 4 പേർ അപ്പോഴും സ്കൂളിൽ പഠിക്കുന്നേയുള്ളൂ. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുമെല്ലാം ചേർത്തുപിടിച്ചു നടന്നു മേരി ഇപ്പോൾ നൂറിലെത്തി. മൂത്ത മകൾ ബേബിക്ക് ഇപ്പോൾ 82 വയസ്സായി. ഇളയ മകൻ ജോസഫിന്  66 വയസ്സ്. ഇതിനിടയിൽ കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി മേരി വളർത്തി വലുതാക്കിയ കുഞ്ഞുങ്ങളുടെ എണ്ണം നൂറു കടക്കും.

mary-amma-photo-03
നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ മേരിയമ്മ. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

നൂറാം വയസ്സിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രാവിലെ ഒരു കട്ടൻ ചായയിലും റസ്കിലുമാണു ഭക്ഷണത്തുടക്കം. ചെമ്മീൻ ഉലർത്തിയതും അച്ചാറുമാണ് ഇഷ്ടം. മധുരപ്രിയയാണ്. ചായയ്ക്ക് 3 സ്പൂൺ പഞ്ചസാരയെങ്കിലും ഇടും; എന്നാൽ, പ്രമേഹം ലവലേശമില്ല. ഭക്ഷണത്തിൽ ഉപ്പും ഒരൽപം അധികം വേണം. പകലുറക്കം പതിവില്ല. അലക്കിത്തേച്ച തൂവെള്ള വസ്ത്രം നിർബന്ധം. സീരിയലും സിനിമയുമാണു മറ്റൊരു ഇഷ്ടം. മോഹൻലാലിന്റെ കട്ട ഫാൻ. പുലിമുരുകനൊക്കെ പലവട്ടം കണ്ടു. 

mary-amma-photo-02
നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ മേരിയമ്മ. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം? ചെറുചിരിയിൽ മേരിയമ്മ മറുപടി പറഞ്ഞു– ‘ഇപ്പോഴത്തെ സിനിമയിലൊന്നും ഒരു കഥയുമില്ല’. ഇപ്പോഴും പഴയ ‘കഥയുള്ള’ സിനിമകൾ ടിവിയിൽ വന്നാൽ ഏതു പാതിരാത്രിയായാലും കുത്തിയിരുന്നു മേരിയമ്മ കാണും, അത്രയ്ക്കുണ്ട് സിനിമ പ്രേമം. 

അഞ്ചാം തലമുറയിലെ ഏറ്റവും പുതിയ അംഗത്തെ വരെ പേരെടുത്തു വിളിക്കും; അവരുടെയൊക്കെ പിറന്നാൾ ദിനം വരെ ഓർത്തെടുക്കാൻ ഒട്ടും സമയമെടുക്കില്ല. അഞ്ചാം തലമുറയിലെ മക്കളുടെ കല്യാണം കൂടണമെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. 

മടിയിലിരുന്നു കുറുമ്പു കാട്ടിയ നാലാം തലമുറയിലെ ഇളമുറക്കാരി തെരേസ മേരിയെ നെഞ്ചോടു ചേർത്തു പിടിച്ചുള്ള മേരിയമ്മയുടെ ഉമ്മയിൽ തലമുറകൾ പലതു കടന്ന സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com