ADVERTISEMENT

ഉപ്പിന്റെ അമിത ഉപയോഗം ബിപി കൂട്ടുന്നു, ഉപ്പ് നിയന്ത്രിച്ചാൽ ബിപി കുറയുന്നു. ഇത് പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. പക്ഷേ, ഉപ്പിന്റെ അധിക ഉപയോഗം എല്ലാവരിലും ബിപി കൂട്ടുന്നില്ല എന്ന കണ്ടെത്തൽ പിന്നീട് ഉണ്ടായി. സാൾട്ട് സെൻസിറ്റീവ് ആയിട്ടുള്ളവരിൽ മാത്രമേ ഉപ്പിന്റെ നിയന്ത്രണം ബിപി കുറയ്ക്കുകയുള്ളൂയെന്നതാണ് ഇതിന്റെ കാരണം. അടുത്ത കാലത്ത് ഓപ്പൺ‌ ഹാർട്ട് ജേർണലിൽ വന്ന പഠനത്തിൽ, ബിപി കൂടുന്നതിൽ ഉപ്പിനേക്കാൾ വില്ലന്‍ മധുരമാണ് എന്നു കണ്ടെത്തിയത് വൈദ്യശാസ്ത്രത്തിന് പുതിയ അറിവായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നാഷനൽ ഹെൽത്ത് ആൻഡ് ന്യുട്രീഷൻ സർവേയുടെ ഒരു വിശദ പഠനമാണ് ഇതിന് ആധാരമായത് ഈ പഠനത്തിൽ ഉപ്പിന്റെ ഉപയോഗം കുറച്ചു മാത്രം ഉള്ളവരിലും ബിപിയും അനുബന്ധ രോഗങ്ങളും കൂടുന്നതായി കണ്ടെത്തി. തുടർന്നാണ് നാം പല ഭക്ഷണത്തിലും ചേർക്കുന്ന മധുരമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയത്.

ഫ്രക്ടോസ് എന്ന മധുരം
മധുരം പലതരത്തിലുണ്ട്. നാം സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയുടെ രാസനാമം സൂക്രോസ് എന്നാണ്. മറ്റൊരു മധുരമായ ഫ്രക്ടോസ് ആണ് ബിപി കൂട്ടുന്ന പ്രമുഖ വില്ലൻ. പഴവർഗ്ഗങ്ങൾക്ക് മധുരം നൽകുന്ന വസ്തുവാണ് ഫ്രക്ടോസ്. പക്ഷേ പഴങ്ങളിലുള്ള ഫ്രക്ടോസ് അപകടകാരിയല്ല. കാരണം അത് കുറഞ്ഞ അളവിലേയുള്ളൂ. മാത്രമല്ല പഴങ്ങളിൽ നാരുകളും മറ്റു പോഷകങ്ങളും ധാരാളം ഉണ്ട്. ഫ്രക്ടോസ് കൂടുതൽ അളവിലും വ്യാവസായികാടിസ്ഥാനത്തിൽ ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്നതുമായ മധുരമാണ്  ഹൈഫ്രക്ടോസ് കോൺസൺട്രേറ്റഡ് സിറപ്പ് (HFCS). ഇതാണ് വില്ലൻ. ഇതിന് പഞ്ചസാരയെക്കാൾ പതിന്മടങ്ങ് മധുരം ഉള്ളതിനാലും വിലക്കുറവുള്ളതിനാലും മധുരത്തിനുവേണ്ടി, കോള പോലുള്ള പാനീയങ്ങൾ, ബിസ്കറ്റ്, പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിലെല്ലാം ചേർക്കപ്പെടുന്നു. ഏറ്റവും കൂടുതൽ ചേർക്കുന്നത് കോളയിലാണ്.

ബിപി എങ്ങനെ കൂടുന്നു
ഏറ്റവുമധികം ഫ്രക്ടോസ് ഒരുമിച്ചു ശരീരത്തിലെത്തുന്നത് കോള പോലുള്ള പാനീയങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ കോളകളും എനർജി ഡ്രിങ്കുകളും കുടിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ബിപി കൂടുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. ഫ്രക്ടോസിന്റെ അമിത ഉപയോഗം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. യൂറിക് ആസിഡ് രക്തക്കുഴലുകളെ റിലാക്സ് ചെയ്യുന്ന മഗ്നീഷ്യത്തെ മൂത്രത്തിലൂടെ പുറംതള്ളുന്നു. ഇത് ബിപി കൂടാൻ കാരണമാവുന്നു. കൂടാതെ, മധുരം കൂടുതൽ ശരീരത്തിൽ ചെല്ലുന്നത് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം എന്നിവയ്ക്കും കാരണമാവാം. 

ഉയർന്ന യൂറിക് ആസിഡ് ഹൃദയാരോഗ്യത്തിനും ഹാനികരമാണ്. ഇവ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കും കാരണമാവാം. രക്തക്കുഴലുകളുടെ ആരോഗ്യം ക്ഷയിക്കുകയും ധമനീരോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ബിപി ഉള്ളവർ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കോള പോലുള്ള പാനീയങ്ങളും പായ്ക്കറ്റ് ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നതാവും അഭികാമ്യം.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com