ADVERTISEMENT

പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വവും വളരെ പ്രധാനമാണ്. സാക്ഷരതയിൽ വളരെ മുന്നിലെന്ന് അഭിമാനിക്കുന്ന നാം ഇക്കാര്യങ്ങളിൽ വളരെ പിന്നിലാണ്. മഴക്കാല രോഗങ്ങൾ നമ്മുടെ നാട്ടിൽ പതിവാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. വ്യക്തിശുചിത്വം സ്വയം ചെയ്യേണ്ടതാണ്. അത് പലരും കാര്യമായി എടുക്കാറില്ല. 

വ്യക്തിശുചിത്വത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൈകളാണ്. ഏറ്റവുമധികം രോഗാണുക്കൾ ശരീരത്തിലെത്തുന്നത് കൈകളിലൂടെയാണ്. ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം, വിരബാധകൾ, ജലദോഷം, വൈറല്‍ഫീവർ, എച്ച് 1 എൻ 1 , പക്ഷിപ്പനി, നിപ്പ തുടങ്ങിയവയുടെ രോഗാണുക്കൾ കൈകളിലൂടെ ശരീരത്തിലെത്താം. 

രോഗാണുക്കൾ കൈകളിലെത്തുന്ന വഴികൾ 
∙ പനി ഉള്ള ആളെ അറിഞ്ഞോ അറിയാതെയോ സ്പർശിക്കുമ്പോൾ
∙ രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, മറ്റു സാധനങ്ങൾ എന്നിവയിലൂടെ
∙ രോഗമുള്ള ആൾക്ക് ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ.
∙ ഓഫിസിനകത്തും പുറത്തും യാത്രയ്ക്കിടയിലും കൈ വൃത്തിയാക്കാതെ സ്നാക്സും മറ്റും കഴിക്കുമ്പോൾ.
∙ മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ പറ്റിയിരിക്കും.
∙ കംപ്യൂട്ടർ കീബോർഡിൽ ടോയ്‍ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. 

കൈകൾ അണുനാശിനി ചേർന്ന സോപ്പ് ഉപയോഗിച്ചു കഴുകേണ്ട സന്ദർഭങ്ങൾ

∙ആശുപത്രി സന്ദർശനത്തിനുശേഷം
∙രോഗിയെ വീട്ടിൽ സന്ദർശിച്ചതിനുശേഷം
∙മൃഗങ്ങളെ തൊട്ടതിനു ശേഷം
∙ടോയ്‍ലറ്റിൽ പോയതിനുശേഷം
∙ആഹാരം കഴിക്കുന്നതിനു മുമ്പ്
∙ആഹാരശേഷം
∙യാത്ര ചെയ്തതിനു ശേഷം വീട്ടിൽ വന്നു കയറുമ്പോൾ.

കൈകൾ എങ്ങനെ കഴുകണം?

കൈ കഴുകുമ്പോൾ ശ്രദ്ധിക്കണം. വെറുതെ ടാപ്പിനടിയിൽ കൈ ഒന്നു കാണിച്ച് പെട്ടെന്ന് കഴുകിയിട്ടു കാര്യമില്ല. രോഗാണുക്കളെ നശിപ്പിക്കുവാൻ അണുനാശിനിചേർന്ന സോപ്പു തന്നെ ഉപയോഗിക്കണം. കൈകൾ കഴുകുന്നതിന് ശാസ്ത്രീയമായ ഒരു വശം ഉണ്ട്. അല്പസമയമെടുത്തു തന്നെ ചെയ്യണം. കൈയുടെ ഉൾവശം, പുറംഭാഗം, വിരൽ തുമ്പുകൾ, വിരലിനിടയിലുള്ള ഭാഗങ്ങൾ, കണങ്കൈ (wrist) എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ശുചിയാക്കണം. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം. കൈ കഴുകി വൃത്തിയാക്കിയതിനുശേഷം ഉണങ്ങിയ, വൃത്തിയുള്ള ടവ്വൽ കൊണ്ട് തുടയ്ക്കുക. കുട്ടികളും മുതിർന്നവരും ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മഴക്കാലരോഗങ്ങൾക്ക് പിടികൊടുക്കാതെ ആരോഗ്യം കാത്തു സൂക്ഷിക്കാനാവും. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

germs-structure

English Summary : How hygiene is important in health?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com