ADVERTISEMENT

തിരുവനന്തപുരം ‘മെട്രോ മനോരമ, ‍ഹൃദ്രോഗത്തിനെപ്പറ്റി അറിയേണ്ടതെല്ലാം’ സംവാദത്തിൽ  പങ്കെടുത്തവരുടെ ഹൃദയം കവർന്ന് മെഡിട്രിന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. എൻ.പ്രതാപ് കുമാറും സംഘവും. പനവിള എസ്പി ഗ്രാൻഡ് ഡേയ്സിൽ നടന്ന സംവാദത്തിൽ ഡോ. പ്രതാപ് കുമാറിനോട് സംശയങ്ങൾ  ചോദിക്കാനും നിർദേശങ്ങൾ അറിയാനുമായി നിരവധി പേർ എത്തി. ഹൃദയാരോഗ്യത്തിനും ഹൃദ്രോഗം വരാതെ കാക്കാനും ഉപദേശങ്ങളും നിർദേശങ്ങളും അദ്ദേഹം നൽകി. ഡോ .സരിത എസ്.നായർ, ഡോ.പി. എൻ.മനു  എന്നിവരും ചോദ്യങ്ങൾക്കു മറുപടി നൽകി. മെഡിട്രിന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സിഇഒ ഡോ. മഞ്ജു പ്രതാപ് , മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ സി.എ.തോമസ്, അസിസ്റ്റന്റ് മാനേജർ‍ ആർ.ടി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. 

സംവാദത്തിൽ ഉയർന്ന ചോദ്യങ്ങളും മറുപടികളും

ബലൂൺ ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞ് എത്ര കാലത്തിനു ശേഷം വീണ്ടും ബ്ലോക്ക് വരാൻ സാധ്യതയുണ്ട് ? 

ആൻജിയോഗ്രാം  കഴിഞ്ഞ് ആദ്യ ഒരു വർഷത്തിനുള്ളിൽ 8 മുതൽ 13 %  വരെ പേർക്ക്  വീണ്ടും ബ്ലോക്ക് വരാൻ സാധ്യതയുണ്ട്. ബലൂൺ ശസ്ത്രക്രിയ, ബൈപാസ് സർജറി കഴിഞ്ഞ ഒരാൾക്ക് ഇത് 6 മുതൽ 10% വരെയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെന്നത് വീണ്ടും ബ്ലോക്ക് വരാതിരിക്കാൻ കാരണമല്ല. മരുന്നു കൊണ്ടും ആരോഗ്യപരമായ ജീവീതരീതികൾ കൊണ്ടും മാത്രമേ  ബ്ലോക്ക് വരാനുള്ള സാധ്യത ഒഴിവാക്കാൻ സാധിക്കൂ.

ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇങ്ങനെ അറിയാം ? 

എല്ലാ ഹാർട്ട് അറ്റാക്കിന് മുൻപും നെഞ്ച് വേദന വരണമെന്നില്ല. പ്രധാന ലക്ഷണങ്ങളിൽ ഒന്നായി നെ‍ഞ്ച് വേദന പറയാമെന്നു മാത്രം. നെഞ്ചിൽ  ഭാരം പോലെ തോന്നുക, ഛർദി, തലകറക്കം, വലതോ, ഇടതോ തോളിലെ വേദന, കഴുത്തിൽ ഞെക്കിപ്പിടിക്കുന്ന പോലെയുള്ള വേദന, ശ്വാസം മുട്ടൽ തുടങ്ങിയവയും രോഗ ലക്ഷണങ്ങളാണ്.

heart-doctor
മെട്രോ മനോരമ ഹൃദ്രോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം സംവാദത്തിൽ ഡോ. എൻ.പ്രതാപ് കുമാർ. മലയാള മനോരമ സർക്കുലേഷൻ ഡപ്യുട്ടി ജനറൽ മാനേജർ സി.എ തോമസ്, ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, ഡോ. മഞ്ജു പ്രതാപ്, ഡോ. പി. എൻ. മനു,ഡോ . സരിത എസ്.നായർ എന്നിവർ സമീപം.

പ്രമേഹരോഗികൾ എങ്ങനെ  മുൻകരുതൽ എടുക്കാം ? 

പ്രമേഹ രോഗികൾ, പ്രത്യേകിച്ച് പ്രായമായവർ ആദ്യത്തെ 10 വർഷം പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തണം. ഈ കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികളിൽ ഹൃദ്രോഗ ലക്ഷണങ്ങളായി നെഞ്ച് വേദനയെക്കാൾ കൂടുതലായി ശ്വാസം മുട്ടൽ, തലകറക്കം എന്നിവയാണ് ഉണ്ടാകുന്നത്. 2,3 വർഷത്തിലൊരിക്കൽ ട്രെഡ് മിൽ ടെസ്റ്റ്, ഇസിജി പരിശോധനകൾ നടത്തണം. പൊക്കിളിന് മുകളിൽ കീഴ്ത്താടിക്ക് താഴെ വരെയുള്ള ഏതു വേദനയും ഇത്തരക്കാരിൽ രോഗ ലക്ഷണമാകാം .

സ്റ്റെന്റ് ഇടേണ്ടവർ ആരൊക്കെയാണ് ?

70 ശതമാനത്തിനു മുകളിൽ ഹൃദയ രക്തധമനികളിൽ ബ്ലോക്ക് ഉള്ളവരാണ് സ്റ്റെന്റ് ഇടേണ്ടി വരുന്നത്. ചെറിയ രക്തധമനികളിൽ 70 % വരെ ബ്ലോക്ക് ഉണ്ടായാലും അതിൽ സ്റ്റെന്റ് ഇടാതെ ഒഴിവാക്കാം. പ്രധാന ധമനികളിലെ അടവ് 70 ശതമാനമായാൽ സ്റ്റെന്റ് ഇടുകയോ ബൈപാസ് ശസ്ത്രക്രിയ നടത്തുകയോ വേണം. മരുന്നു കൊണ്ടു മാറാത്ത രോഗികൾ, അടിയന്തര ഹൃദ്രോഗവുമായി ആശുപത്രിയിൽ എത്തുന്നവർ എന്നിവർക്കും ശസ്ത്രക്രിയ വേണ്ടി വരും.

മാതാപിതാക്കൾക്ക് ഹൃദ്രോഗം ഉണ്ടെങ്കിൽ മക്കൾക്ക് വരാൻ സാധ്യതയുണ്ടോ ?

ഹൃദ്രോഗങ്ങൾ 50 %  ജനിതകവും 50 % ജീവീതശൈലിയും കൊണ്ടു സംഭവിക്കുന്നതാണ്. മാതാപിതാക്കൾക്ക് 55 വയസ്സിൽ താഴെ ഹൃദ്രോഗം വന്നിട്ടുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യതയേറും. അതിനാൽ പ്രായമേറുന്നതിനു മുൻപു തന്നെ ആരോഗ്യകരമായ ജീവീതക്രമം സ്വീകരിച്ച്, പരിശോധനകളും നടത്തി ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

എന്തൊക്കെ വ്യായാമം ചെയ്യണം ?

 ഹൃദയാരോഗ്യ സംരക്ഷണത്തിന് വ്യായാമം അത്യാവശ്യമാണ്.പൊണ്ണത്തടിയും കൊളസ്ട്രോളും കുറയ്ക്കുന്നതിനും രക്തധമനികളുടെ പ്രവർത്തനം സുഗമമാക്കാനും ഇതു സഹായിക്കും.

English summary : Heart Disease Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com