ADVERTISEMENT

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. കൂടാതെ മെഡിക്കല്‍ കോളജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കാനും ഈ യൂണിറ്റ് സഹായിക്കും. ഇതിന്റെ ഭാഗമായി ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസി. പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വിവിധ കരള്‍ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കീഴിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തസ്തിക സൃഷ്ടിച്ച് ഇതിനെ വിപുലീകരിച്ചാണ് ഹെപ്പറ്റോളജി യൂണിറ്റ് പുതുതായി ആരംഭിക്കുന്നത്. ഭാവിയില്‍ ഹെപ്പറ്റോളജി ഡി.എം. കോഴ്‌സ് തുടങ്ങുന്നതിനും ഈ യൂണിറ്റ് സഹായകരമാകും.

അമിതമായ കൊഴുപ്പുള്ള ആഹാരങ്ങള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, മഞ്ഞപ്പിത്ത രോഗങ്ങള്‍, വൈറസ് മൂലം കരളിലുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് കരള്‍രോഗം ഉണ്ടാക്കുന്നത്. മദ്യപാനം കാരണവും കരള്‍രോഗം പിടിപെടാം. ജീവിതശൈലീ രോഗങ്ങള്‍ കാരണം നോണ്‍ ആള്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നു. ഇത് വളരെയധികം കൂടി വരുന്നതായാണ് കാണുന്നത്. ഫാറ്റി ലിവര്‍ കാരണം ലിവര്‍ സിറോസിസ്, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുണ്ടാകുന്നു. 

ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ഒ.പി.യില്‍ ചികിത്സ തേടുന്ന 50 മുതല്‍ 60 ശതമാനം പേരും ഐ.പി.യില്‍ ചികിത്സിക്കുന്ന 75 മുതല്‍ 80 ശതമാനം പേരും കരള്‍ രോഗികളാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 90 ശതമാനം പേരും മരിക്കുന്നത് ഗുരുതര കരള്‍ രോഗം കാരണമാണ്. ആരംഭത്തില്‍തന്നെ ഫാറ്റി ലിവര്‍ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്നതാണ്. ഈയൊരു പ്രാധാന്യം മുന്നില്‍ കണ്ടാണ് ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

English summary: Hepatology Unit at Medical College; Liver transplant surgery will be resumed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com