സ്തനാർബുദത്തിന്റെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

breast-cancer
SHARE

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. സ്തനകോശങ്ങളുടെ അമിത വളർച്ച മൂലമുണ്ടാകുന്ന അവസ്ഥയാണിത്. ലോകത്താകമാനം സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ 16% വും കാന്‍സര്‍ മരണനിരക്കില്‍  20% വും സ്തനാര്‍ബുദം മൂലമാണെന്നാണ് കണക്ക്. സെര്‍വിക്കല്‍ കാന്‍സര്‍ അല്ലെങ്കില്‍ ഗര്‍ഭാശയഗള കാന്‍സര്‍ ബാധിച്ചുള്ള സ്ത്രീമരണങ്ങളിലും കൂടുതലാണ് സ്തനാര്‍ബുദം ബാധിച്ചുള്ള മരണം. 

2015 ല്‍ മാത്രം 1,55,000 സ്തനാര്‍ബുദ കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഇതില്‍ 76000 പേര്‍ മരണത്തിനു കീഴടങ്ങി. 

ജീവിതശൈലി, പ്രായം, വണ്ണം, പാരമ്പര്യഘടകങ്ങള്‍ എന്നിവ ബ്രെസ്റ്റ് കാന്‍സറിനു കാരണമാകുന്നുണ്ട്. അതുപോലെതന്നെ വൈകിയുള്ള ഗര്‍ഭധാരരണം , നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവവിരാമം, പുകവലി, മദ്യപാനം എന്നിവ സ്തനാര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു. 

ലക്ഷണം 

ബ്രെസ്റ്റ് കാന്‍സറിന്റെ ആദ്യലക്ഷണം സ്തനത്തില്‍ അസ്വാഭാവികമായി തോന്നുന്ന മുഴ അല്ലെങ്കില്‍ ലംപ് ആണ്. 80% ബ്രെസ്റ്റ് കാന്‍സര്‍ കേസുകളും ആദ്യം തിരിച്ചറിയാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. സ്തനത്തില്‍ കാണപ്പെടുന്ന മുഴകള്‍ എല്ലാം ബ്രെസ്റ്റ് കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കണ്ട. ഇവയില്‍ ചിലതാണ് അപകടകാരികളാകുന്നത്. സ്തനത്തില്‍ കല്ലിപ്പ്, പാടുകള്‍, ചര്‍മത്തിലെ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം ഡോക്ടറെ കാണിച്ചു പരിശോധിക്കേണ്ടതാണ്. സ്തനത്തിലെയും കക്ഷത്തിലെയും മുഴകള്‍, തൊലിയിലെ വ്യത്യാസം – ചുരുങ്ങിയിരിക്കുക, പൊറ്റപോലെ കാണുക, കട്ടികൂടിയിരിക്കുക, തടിപ്പ്, നിറംമാറ്റം, വിള്ളലുകള്‍ – എന്നിവ അവഗണിക്കരുത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന കാന്‍സര്‍ ആണ് ബ്രെസ്റ്റ് കാന്‍സര്‍.

കണ്ടെത്തിയാല്‍ 

കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സ കൊണ്ട് സ്തനാർബുദം ഭേദമാക്കാം. കണ്ടുപിടിക്കാൻ കാലതാമസം ഉണ്ടാകുന്തോറും രോഗം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കുകയും ചികിത്സ പ്രയാസമാകുകയും ചെയ്യും. ദേഹപരിശോധന, മാമോഗ്രാം എന്നിവ നടത്തിയ ശേഷം വേണ്ടിവന്നാല്‍ ഡോക്ടര്‍ ബയോപ്സി ടെസ്റ്റ്‌ നിര്‍ദേശിക്കുകയാണ് ചെയ്യുക. ബയോപ്സി ടെസ്റ്റ്‌ പോസിറ്റീവ് ആയാല്‍ പിന്നീട് രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്.

ചികിത്സ 

രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ് ചികിത്സ ഡോക്ടര്‍മാര്‍  നിശ്ചയിക്കുക. സര്‍ജറി, കീമോ, റേഡിയേഷന്‍ എന്നിവയാണ് ചികിത്സ. ആദ്യഘട്ടത്തില്‍ ആണ് സര്‍ജറി കൊണ്ട് ഫലം ലഭിക്കുക.

സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്നതരം സര്‍ജറികള്‍ (breast conservation surgey) സാധ്യമാണ്. ഇത് സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടാണ് ചെയ്യുക. മുഴയും ചുറ്റുപാടുമുള്ള കോശങ്ങളും മാത്രമെടുത്ത് മാറിടം നിലനിര്‍ത്താന്‍ സാധിക്കുന്ന രീതിയാണിത്. സ്തനങ്ങള്‍ മുഴുവനായി നീക്കം ചെയ്തു കൊണ്ടുള്ള ശസ്ത്രക്രിയയാണ് മാസ്റ്റെക്റ്റമി. റേഡിയോതെറാപ്പി ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സയില്‍ ഒരു വലിയ മുന്നേറ്റമാണ്. സര്‍ജറി ചെയ്ത ശേഷമാണ് ഇത് ചെയ്യുന്നത്. മിച്ചമായ കാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്യാനാണ് റേഡിയോതെറാപ്പി. Breast conservation surgey, മാസ്റ്റെക്റ്റമി എന്നിവ ചെയ്തവര്‍ക്ക് ഇത് ആവശ്യമാണ്. റേഡിയേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഇന്ന് ഇതിലും മാറ്റം വന്നു കഴിഞ്ഞു.

കാന്‍സര്‍ കില്ലിങ് മരുന്നുകളുടെ സഹായത്തോടെയാണ് കീമോതെറാപ്പി ചെയ്യുന്നത്. ഈ മരുന്നുകള്‍ ശരീരത്തിലെ കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുകയാണ് ചെയ്യുക. ഒരേസമയം ഒന്നോ രണ്ടോ മരുന്നുകളുടെ സഹായത്തോടെയാണ് കീമോതെറാപ്പി ചെയ്യുക. എല്ലാ സ്റ്റേജ് ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സയ്ക്കും കീമോതെറാപ്പി ഉപയോഗിക്കാറുണ്ട്. 

സ്ക്രീനിങ് 

ആരോഗ്യവതിയായ സ്ത്രീക്കു പോലും ഇന്ന് ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിങ് നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സിക്കാം. സ്തനാർബുദ നിർണയത്തിന് ഏറ്റവും പ്രചാരത്തിലുള്ളത് എക്‌സറേ- മാമോഗ്രാം, അൽട്രാസൗണ്ട് എന്നീ ടെസ്റ്റുകളാണ്. അമ്പതുവയസ്സില്‍ കൂടുതലുള്ള എല്ലാ സ്ത്രീകളും സ്ക്രീനിങ്  നടത്തേണ്ടതുണ്ട്.

പ്രതിരോധം 

ജീവിതശൈലിയിലെ സൂക്ഷ്മത ബ്രെസ്റ്റ് കാന്‍സര്‍ വരാതെ സംരക്ഷിക്കും. എങ്കിലും പാരമ്പര്യഘടകങ്ങള്‍ ഉള്ളവര്‍ സ്ക്രീനിങ് നടത്തേണ്ടത് അത്യാവശ്യം. ഭാരം നിയന്ത്രിക്കുക, ആക്ടീവ് ആയിരിക്കുക, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുക, നല്ല ഡയറ്റ് ശീലിക്കുക എന്നിവ വഴി ഒരുപരിധി വരെ രോഗത്തെ ചെറുക്കാം എന്ന് ഗവേഷകര്‍ പറയുന്നു.

(പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ആണ് ലേഖകൻ)

English summary: Breast Cancer: Causes,Treatment, Prevention, Signs and Symptoms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA