ADVERTISEMENT

നൂറ്റി എഴുപത് രാജ്യങ്ങളിലുള്ള 230 പ്രമേഹ രോഗസംഘട നകൾ അംഗങ്ങളായി ‘ഇന്റർനാഷനൽ ഡയബറ്റിക് ഫെഡറേഷ’ന്റെ നേത‍ൃത്വത്തിൽ 1991–ൽ ആരംഭിച്ചതാണ് നവംബർ 14‘പ്രമേഹരോഗദിനാചരണം’. ഓരോ വർഷവും പ്രതിപാദ്യവിഷയം വ്യത്യസ്തമായിരിക്കും. പ്രമേഹരോഗികളുടെ ശുശ്രൂഷയിൽ കുടുംബാംഗങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതായതുകൊണ്ട് 2018–ലും 19–ലും പ്രമേഹവും കുടുംബവും എന്ന പ്രമേയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു പ്രമേഹ രോഗിയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം ആശ്വാസം അവരുടെ കുടുംബാംഗങ്ങൾക്ക് കൊടുക്കു വാൻ സാധിക്കുമെന്ന് ഇവിടെ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. 

ഭൂമുഖത്ത് 45 കോടി പ്രമേഹ രോഗികളുണ്ട്. അതിൽ 7 കോടി ഇന്ത്യയിലാണ്. ആകെ രോഗികളുടെ 60% ഏഷ്യൻ രാജ്യ ങ്ങളിൽ ആണ്. 1980 –ൽ നിന്ന് 2015 –ൽ രോഗികളുടെ എണ്ണം ഇരട്ടിയായി. പലതരത്തിലുള്ള പ്രമേഹ രോഗികൾ ഉണ്ടെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയും സഹായവും മാനസികമായ താദാത്മ്യവും അത്യാവശ്യം കുരുന്നു കുട്ടികൾക്കുണ്ടാകുന്ന ടൈപ്പ് 1 പ്രമേഹ രോഗികൾക്കാണ്. ജന്മനാൽ പാൻക്രിയാസിന്റെ ഇൻസുലിൻ ഉത്പാദനശേഷി കുറയുന്നതു കൊണ്ട് മരണം വരെ ഈ രോഗികൾക്ക് ഇൻസുലിൻ കുത്തിവയ്പ്പ് ആവശ്യമാണ്. പ്രത്യേക ആഹാരക്രമങ്ങളും കൃത്യസമയത്തുള്ള കുത്തിവയ്പും വ്യായാമവും കുഞ്ഞുങ്ങളുടെ ആരോഗ്യം നിലനിർത്തുവാൻ ആവശ്യമാണ്. കേരളസർക്കാരിന്റെ ‘മിഠായി’ പദ്ധതികൊണ്ട് ടൈപ്പ് – 1 രോഗികൾക്ക് പ്രയോജനം കിട്ടുന്നുണ്ട്. 

ഇന്ത്യയിൽ 99% പ്രമേഹരോഗികളും ടൈപ്പ് –2 രോഗികളാണ്. 30% പേര്‍ക്കും കാലക്രമേണ ഗുളികകൾ കൂടാതെ ഇൻസുലിനും ആവശ്യമായി വരും. പ്രമേഹരോഗം കാലപ്പഴക്കം ചെന്നതാണെങ്കിൽ (Chronic) മറ്റുള്ള അവയവങ്ങളെ ബാധിച്ച് പല പ്രത്യാഘാതങ്ങളും ഉണ്ടാകും. ഹൃദയാഘാതം, പക്ഷാഘാതം, ഞരമ്പു രോഗങ്ങൾ, വൃക്കകളുടെ പ്രവർത്തന ശേഷിയില്ലായ്മ, തിമിരം, അന്ധത എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. 

പ്രമേഹ രോഗികളുടെ സാമ്പത്തിക, ശാരീരിക, മാനസിക, സാമൂഹിക ബുദ്ധിമുട്ടുകൾ വളരെ സാധാരണമായതു കൊണ്ടാണ് പ്രമേഹരോഗികളുടെ കുടുംബാംഗങ്ങളെ ഈ രോഗത്തെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും സാമ്പത്തിക ചെലവിനെപ്പറ്റിയും ബോധവത്കരിക്കേണ്ട ആവശ്യകത ഐഡിഎഫ് (International Diabetic Federation) മനസ്സിലാക്കി, ഈ 2018–2019 ലെ പ്രധാന ചിന്താവിഷയമായി പ്രമേഹ കുടുംബവും പ്രഖ്യാപിച്ചിട്ടുള്ളത്. 

ടൈപ്പ് – 1 പ്രമേഹരോഗമുള്ള കുട്ടികളിൽ സാധാരണ ഉണ്ടാകുന്ന ഒരു പ്രത്യാഘാതമാണ് രക്തത്തിലെ പഞ്ചസാര കുറഞ്ഞുണ്ടാകുന്ന ബോധക്കേട് (Hypoglycemia). കുത്തിവയ്ക്കുന്ന ഇൻസുലിന്റെ അളവ് കൂടുതലായതുകൊണ്ടോ ആഹാരം കുറഞ്ഞതു കൊണ്ടോ ഈ അസുഖം ഉണ്ടാകാം. മൂന്നു നേരം കുത്തിവയ്പ്പെടുക്കുന്ന കുട്ടികളുടെ കാര്യമാണ് കഷ്ടം. ഉച്ചയ്ക്ക് മാതാപിതാക്കൾ പ്രത്യേക ഭക്ഷണം കൊണ്ട് സ്കൂളിൽ പോയി ഇന്‍സുലിൻ കുത്തിവയ്ക്കേണ്ട ഗതി കേടാണിപ്പോൾ ഉള്ളത്. എല്ലാ സ്കൂളുകളിലും രോഗവിവരമുള്ള ഹെൽത്ത് നഴ്സിനെ നിയമിക്കുകയാണെങ്കിൽ ഈ പ്രശ്നം തീരും. കാലാകാലങ്ങളിൽ രോഗികൾ, മാതാപിതാക്കൾ, ഹെൽത്ത് നഴ്സ്, അധ്യാപകർ എന്നിവർക്കു വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ അത്യന്താപേക്ഷിതമാണ്. ദുർമേദസ്സും (obesity) പ്രമേഹവും തമ്മിൽ അഭേദ്യമായ ബന്ധ മുള്ളതുകൊണ്ട് കൊക്കക്കോള, പെപ്സി മുതലായ അന്നജങ്ങൾ അടങ്ങിയ ശീതള പാനീയങ്ങൾ (Drinks) സ്കൂളുകളിൽ നിരോധിക്കേണ്ടതാണ്. രോഗപ്രതിരോധത്തെപ്പറ്റിയും ക്ലാസ്സുകൾ വേണം. പശ്ചിമ രാജ്യങ്ങളിൽ എല്ലാ സ്കൂളുകളിലും ഉള്ളതുപോലെ നമുക്കും വിദ്യാർഥികളും  അധ്യാപകരും അടങ്ങിയ ഒരു ഹെൽത് ടാസ്ക് ഫോഴ്സ് (Health Task Force) ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും. എൻ.സി.സി. സ്റ്റുഡന്റ് പൊലീസ്, എൻ. എസ്. എസ് എന്നീ സംഘടനകൾ പോലെ! അതുപോലെ നിർബന്ധിതമായി എല്ലാ വിദ്യാലയങ്ങളിലും ഒരു ഫസ്റ്റ് എയ്ഡ് മുറി പ്രാഥമിക ചികിത്സാമുറിയും ഒരു ട്രെയിന്‍‍ഡ് ഹെൽത്ത് നഴ്സും നിർബന്ധിതമായി ഉണ്ടായിരിക്കേണ്ടതാണ്.  

English summary: Type 1 Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com