ADVERTISEMENT

പ്രമേഹം തന്നെ പിടികൂടുമോ എന്നു ഭയന്ന് ഡോക്ടറെ കണ്ടിരുന്നെന്ന് നടൻ ഫഹദ് ഫാസിൽ. മാതാപിതാക്കൾ പ്രമേഹത്തിനെതിരേ പോരാടുന്നവരാണ്. ഗ്രാന്റ്പാരന്റ്സിനും പ്രമേഹമുണ്ട്. അതിനാൽ എനിക്കും ഉണ്ടാകുമോ എന്നു ഭയന്നിരുന്നു. എന്നാല്‍ 'നിങ്ങളാണ് നിങ്ങളുടെ ഡോക്ടര്‍' എന്നു പറഞ്ഞു ഡോ. ജോണി കണ്ണമ്പിള്ളി ധൈര്യം പകരുകയായിരുന്നെന്നും ഫഹദ് പറഞ്ഞു. ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കൊച്ചി ഡോകണ്ണമ്പള്ളി ഡയബറ്റിക് സ്പെഷാലിറ്റി സെന്‍റര്‍ സംഘടിപ്പിച്ച 'ഒന്നിച്ചു പൊരുതാം; പ്രമേഹരഹിത കേരളത്തിനായ്' എന്ന ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു ഫഹദ്. 

ജീവിതത്തില്‍ തന്നെ സ്വാധീനിച്ച വളരെക്കുറച്ചു വ്യക്തികളിലൊരാളാണ് ഡോ.ജോണി കണ്ണമ്പിള്ളിയെന്ന് നസ്റിയ പറഞ്ഞു. തങ്ങള്‍ ഇരുവരും ഡോ.ജോണിയുടെ നിര്‍ദേശമനുസരിച്ചാണ് വണ്ണം കുറയ്ക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നത്. ഞങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. പക്ഷേ അളവ് കുറച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. പ്രമേഹത്തിനെതിരേയുള്ള യുദ്ധത്തിന്‍റെ ഭാഗമായി ഡോ. ജോണി കണ്ണമ്പിള്ളി എഴുതിയ 'പ്രമേഹം അപകടകരമായ രോഗം' എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഇരുവരും ചേർന്ന് നിർവഹിച്ചു.

dia1
"ഒന്നിച്ചു പൊരുതാം; പ്രമേഹരഹിത കേരളത്തിനായ് " കാംെപയിനിന്‍റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപിയ്ക്കൊപ്പം ഡോ. ജോണി ജെ. കണ്ണമ്പിള്ളി, ഫഹദ് ഫാസില്‍, നസ്റിയ നസീം, ജനാര്‍ദ്ദനന്‍, ഡോ. ഏബ്രഹാം വര്‍ഗീസ്,  കുഞ്ചാക്കോ ബോബന്‍,   എം.കെ.അബ്ദുള്ള, ഫാ. പോള്‍ പെരുമ്പള്ളി, ഡോ.മോഹന്‍ മാത്യു എന്നിവര്‍  ചേര്‍ന്ന്  നിര്‍വഹിക്കുന്നു.

"എന്‍റെ മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടായിരുന്നു, അത് പിന്തുടരാന്‍ തനിക്ക് സാധിച്ചില്ലെന്ന്" നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എല്ലാദിവസവും രാവിലെ അല്ലെങ്കില്‍ എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോള്‍ ഷട്ടില്‍ കളിക്കുന്നതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് കുഞ്ചാക്കോ വെളിപ്പെടുത്തി. ക്യാംപെയിനിന്‍റെ ഭാഗമായി ടീഷര്‍ട്ടും തൊപ്പിയും സ്റ്റിക്കറും കുഞ്ചാക്കോ പ്രകാശനം ചെയ്തു. ലോകത്ത് എവിടെയായാലും കോര്‍ട്ട് കണ്ടെത്തി ഷട്ടില്‍ കളിക്കാറുണ്ട്. ഒരിക്കലും കളി മുടക്കില്ല, ഇത് കണ്ട് ഭാര്യ പ്രിയ തനിക്ക് വട്ടാണോയെന്ന് കളിയാക്കാറുണ്ടെന്നും കുഞ്ചാക്കോ പറഞ്ഞു.

കേരളത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.വ്യായാമവും ഭക്ഷണവും ഉറക്കവും ക്രമീകരിച്ചാല്‍ പ്രമേഹത്തെ തടയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൃദയം, നാഡി, വൃക്ക, കരള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്  ഏതു രോഗികളെ പരിശോധിച്ചാലും അതിന്‍റെ മൂലകാരണം പ്രമേഹമാണെന്നു കാണാം, അതിനാല്‍ തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തി പ്രമേഹം തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യപരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന് കണ്ണമ്പള്ളി ഡയബറ്റിക്ക് സ്പെഷാലിറ്റി സെന്‍റര്‍ ചെയര്‍മാന്‍ ഡോ.കണ്ണമ്പിള്ളി പറഞ്ഞു. പത്തു വര്‍ഷം മുന്‍പേ പ്രമേഹം വരുമോ ഇല്ലയോ എന്നു കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നു ലഭ്യമാണ്. ആരോഗ്യപരമായ വണ്ണം കുറയ്ക്കലിലൂടെയും അത് നിലനിര്‍ത്തുന്നതിലൂടെയും ഡയബറ്റിക്ക് വരാതെ നോക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സോഷ്യല്‍ മീഡിയ കാംപെയിനിന്‍റെ പ്രകാശനം സിനിമാ നടന്‍ ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായുള്ള തന്‍റെ ഡയബറ്റിക്ക് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടാകാതെ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത് ഡോ. ജോണിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

dia2
"പ്രമേഹം അപകടകരമായ രോഗം "  എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചപ്പോള്‍

ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഏബ്രഹാം വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപള്ളി, വിപിഎസ് ലേക്ക് ഷോര്‍ സിഇഒ എസ്.കെ. അബ്ദുള്ള, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍മാത്യു.  സൗമ്യ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

English summary: Celebrities share there health concerns about diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com