ADVERTISEMENT

ആയുർവേദശാസ്ത്രം മാത്രം പറയുന്ന ഒരു വസ്തുതയാണ് ഓജസ്സ്. മറ്റു വൈദ്യശാസ്ത്രങ്ങളിൽ ഓജസ്സ് എന്ന പ്രതിഭാസത്തെപ്പറ്റി വിവരണങ്ങൾ കാണുന്നില്ല. ഓജസ്സും ആരോഗ്യവും തമ്മിലുള്ള ബന്ധവും, ഓജസ്സും രോഗങ്ങളും തമ്മിലുള്ള ബന്ധവും ആയുർവേദത്തിൽ വിശദമായി പറയുന്നുണ്ട്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ 7 ധാതുക്കളെക്കൊണ്ടാണ് ആയുർവേദ ശാസ്ത്രപ്രകാരം മനുഷ്യശരീരം നിർമിച്ചിരിക്കുന്നത്. ഈ ഏഴു ധാതുക്കളുടെ പരമമായ സത്തയെ അഥവാ ജ്വാലയോടു കൂടിയ പ്രഭയെയാണ് ഓജസ്സ് എന്നു പറയുന്നത്. 

ഹൃദയമാണ് ഓജസ്സിന്റെ കേന്ദ്രം. ഓജസ്സ് സ്നിഗ്ധമാണ്. അത് ശരീരത്തിന് എണ്ണമയം പോലെയുള്ള അവസ്ഥ നൽകുന്നു. അത് ശരീരത്തിന് സുഖമുള്ള ഒരു തണുപ്പ് നൽകുന്നുണ്ട്. ഓജസ്സിന്റെ നിറം എന്നു പറയുന്നത് അൽപം ചുവപ്പു നിറത്തോടു കൂടിയ മഞ്ഞനിറമാണ്. അല്ലെങ്കിൽ ഈ നിറമുള്ളയാൾ ഓജസ്സുള്ളയാളായി പറയപ്പെടുന്നു. ഓജസ്സുള്ളയാൾ ആരോഗ്യവാനായിട്ടാണു കരുതുന്നത്. ഓജസ്സ് ആരോഗ്യത്തിന്റെ ലക്ഷണമായി പറയുന്നു. കോപം, വിശപ്പ്, ചിന്ത, ശോകം, കഠിനാധ്വാനം, ദേഷ്യം എന്നിവ വർധിക്കുമ്പോൾ ശരീരത്തിന്റെ ഓജസ്സ് കുറയുന്നു. ഓജസ്സ് കുറഞ്ഞു കഴിഞ്ഞാൽ മനസ്സിന്റെ ബലം നഷ്ടപ്പെടുന്നു. ശരീരകാന്തി ഇല്ലാതാകുന്നു. കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിയാതെ പോകുന്നു. ശരീരം രൂക്ഷമായി തീരുന്നു. ഒപ്പം ശരീരം എല്ലായിപ്പോഴും തളർന്നിരിക്കുന്നു. 

ആരോഗ്യമുള്ളവരുടെ ശരീരത്തിന് ഓജസ്സും കാന്തിയും ഉണ്ടായിരിക്കും. രോഗം വരുമ്പോൾ ശരീരത്തിനു മൊത്തത്തിലോ, ഏതെങ്കിലും ഭാഗത്തോ കാന്തി നഷ്ടപ്പെട്ടു തുടങ്ങും. ഒരു വ്യക്തിയെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അയാളുടെ ഓജസ്സ് കുറയുന്നതും ശരീരത്തിൽ മൊത്തത്തിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്തോ രോഗം പടരുന്നതു കണ്ടു പിടിക്കാൻ കഴിയും. ഇത് മുൻകൂട്ടി രോഗനിർണയം നടത്താനും ചികിത്സാ പരിഹാരങ്ങൾ നടത്താനും ഉപകരിക്കും.

പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ പരിശോധിച്ചാൽ ഓജസ്സിന്റെ തകരാറുകൾ കണ്ടെത്തി വരാനിരിക്കുന്ന രോഗങ്ങളെ മനസ്സിലാക്കാം. പ്രമേഹം, ക്ഷയം, ത്വക് രോഗങ്ങൾ, മാനസിക രോഗങ്ങൾ, കരൾ സംബന്ധമായ രോഗങ്ങൾ, രക്തസംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങൾ ഓജസ്സിനെ ക്ഷയിപ്പിക്കും. ജീവനീയങ്ങളായ ഔഷധങ്ങൾ പാൽ, മാംസ രസങ്ങൾ തുടങ്ങി ശരീരത്തിന്റെ ഓജസ്സിനെ പുഷ്ടിപ്പെടുത്താൻ കഴിയുന്ന ഒട്ടനവധി ഭക്ഷ്യ പദാർഥങ്ങളുണ്ട്. സമീകൃതാഹാരവും കൃത്യമായ വ്യായാമവും ഓജസ്സിനെ പുഷ്ടിപ്പെടുത്തും. 

ഓരോ രോഗചികിത്സയുടെ വിവിധ ഭാഷാ പ്രയോഗങ്ങളുടെ പുരോഗതിയിൽ ഓജസ്സിന്റെ പുരോഗതി നോക്കി പരിശോധിച്ചാൽ രോഗങ്ങളുടെ ആശ്വാസത്തിന്റെ അളവ് കണ്ടെത്താൻ കഴിയും. നല്ല ഓജസ്സ് ശരീരത്തിന് ദീർഘായുസ്സ് നൽകുന്നു. അത് മനസ്സിനെ കർമനിരതവും സന്തോഷപ്രദവും ഫലപ്രാപ്തിയുള്ളതുമാക്കുന്നു. 

English summary: Ayurveda healthy life tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com