ADVERTISEMENT

ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനുള്ള  ജീവന്‍രക്ഷാ മാര്‍ഗമായ സിപിആറിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധവും പരിശീലനവും നല്‍കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഹാര്‍ട്ട് ബീറ്റ്സ് 2019 ' ന് ഇരട്ട ഗിന്നസ് റെക്കോഡ്. എട്ട് മണിക്കൂറിനുള്ളില്‍ 9000 പേര്‍ പങ്കെടുത്ത ഹാന്‍ഡ്‌സ് ഒണ്‍ലി സിപിആര്‍ പരിശീലനവും 24 മണിക്കൂറിനുള്ളില്‍ 28015 പേര്‍ പങ്കെടുത്ത റെക്കോഡുമാണ്  മറികടന്നത്.  നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എട്ട് മണിക്കൂര്‍ കൊണ്ട് 28,523 പേരാണ് സി.പി.ആര്‍ പരിശീലനം നേടിയത്. ഗിന്നസിനു പുറമെ ഈ നേട്ടം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സിലും ഇടംപിടിച്ചു. ജില്ലയിലെ 350 സ്‌കൂളുകളില്‍ നിന്നുള്ള ഒന്‍പത് മുതല്‍ പ്ലസ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം, എറണാകുളം ജില്ലാ ഭരണകൂടം, എയ്ഞ്ചല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഹാര്‍ട്ട് ബീറ്റ്‌സ് ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുള്‍ റഹീം, അന്‍വന്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ ഹൃദയത്തിന്റെ കൃത്രിമ മാതൃകയായ മാനിക്യുവില്‍ സിപിആര്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. 

പത്ത് പേര്‍ അടങ്ങുന്ന 400 ടീമായി 4000 വിദ്യാര്‍ത്ഥികളാണ് ഒരു മണിക്കൂര്‍ വീതമുള്ള സി.പി.ആര്‍ ട്രെയിനിങ്ങിന്റെ ഓരോ ബാച്ചിലും പങ്കെടുത്തത്. ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി 400 സ്‌കില്‍ഡ് ട്രെയിനറുമാര്‍, 80 സ്റ്റുവാര്‍ഡ് എന്നിവരുടെ സേവനങ്ങള്‍ ഓരോ ബാച്ചിലുമുണ്ടായിരുന്നു. രാവിലെ 9.45ന് ആരംഭിച്ച ഹാര്‍ട്ട് ബീറ്റ്‌സിന് ഡോ. സച്ചിന്‍ വി മേനോന്‍, ഡോ.വേണുഗോപാലന്‍ പി.പി, ഡോ.വി അജിത്ത്  എന്നിവരാണ് നേതൃത്വം നല്‍കിയത്. ഇതിനു പുറമെ നാലംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ സെഷനില്‍ പത്ത് മിനിട്ട് സി.പി.ആര്‍ അഥവാ നെഞ്ചില്‍ അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷ രീതി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന വിഡിയോയും ക്ലാസുമാണ്. പിന്നീടാണ് മാനിക്യുവില്‍ ഇരുകൈകളും അമര്‍ത്തിയുള്ള ട്രെയിനിങ്ങിലേക്ക് കടക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും രണ്ട് മിനിറ്റ് വീതമാണ് സമയം അനുവദിച്ചത്. ഇതില്‍ 200 സി.പി.ആര്‍ വരെ അവര്‍ ചെയ്തു. ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ ഋഷിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെക്കോഡ് തിട്ടപ്പെടുത്തിയത്. 1000 ഡോക്ടര്‍മാര്‍, 3000 വോളന്റിയേഴ്‌സ്, 80 സ്റ്റുവാര്‍ഡ്‌സ്, 3000 സംഘാടക സമിതി അംഗങ്ങള്‍ ഹാര്‍ട്ട് ബീറ്റ്‌സ് 2019ന് നേതൃത്വം നല്‍കി. 400 മാനിക്യു ആണ് ഉപയോഗിച്ചത്.       

English summary: Heart beats, CPR training for students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com