ADVERTISEMENT

ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്നു സർക്കാർ ആശുപത്രികളിൽ നിന്നു പിൻവലിച്ച ഡയാലിസിസ് മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് വീണ്ടും വിതരണം ചെയ്തു. മരുന്നു കുപ്പിക്കുള്ളിൽ വയലറ്റ് നിറത്തിലുള്ള പദാർഥം കണ്ടെത്തുകയും ഗവ. ഡ്രഗ്സ് ലബോറട്ടറി സാംപിൾ പരിശോധിച്ചു ഗുണനില വാരമില്ലെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്ത (സാംപിൾ കോഡ് ഡി1111/18-19 ) പെരിട്ടോനിയൽ ഡയാലിസിസ് ഫ്ലൂയിഡ് ഇൻജക്‌ഷൻ മരുന്നാണു വിതരണം ചെയ്തത്.

പുനരുപയോഗത്തിനു ഡ്രഗ്സ് കൺട്രോൾ വിഭാഗം നൽകിയ അനുമതിയെ തുടർന്നാണു നടപടിയെന്നു കെഎംഎസ്‌സിഎൽ അറിയിച്ചു. മരുന്നു കുപ്പിക്കുള്ളിൽ അന്യപദാർഥം കണ്ടാൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പ്രകാരം മരുന്നു നിർമാതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണു വ്യവസ്ഥ. 

എന്നാൽ മരുന്നു കമ്പനിക്കെതിരെ കെഎംഎസ്‌സി എല്ലിന്റെ ധനകാര്യ വിഭാഗം നടപടി സ്വീകരിച്ചെങ്കില്ലും ഇതു മറികടന്നു ഡ്രഗ്സ് കൺട്രോൾ വിഭാഗം പുനരുപയോഗത്തിനു അനുമതി നൽകി. ഗുണനിലവാരമില്ലെന്നു ഗവ.ഡ്രഗ്സ് ലബോറട്ടിയിൽ നിന്നു ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണു ഈ ബാച്ചിലെ മരുന്നുകൾ പിൻവലിച്ചത്. പിന്നീട് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഇതേ ബാച്ചിൽ നിന്നു ഡ്രഗ്സ് ഇൻസ്പെക്ടർ സാംപിളെടുത്തു വീണ്ടും പരിശോധനക്ക് അയച്ചു പാസാക്കി.

thiruvananthapuram-dayalis

മരുന്നു കമ്പനി രേഖാമൂലം അപ്പീൽ നൽകാതെയായിരുന്നു പരിശോധന. ഈ വർഷം വ്യത്യസ്ത മരുന്നു കമ്പനികളുടെ നാലുതരം മരുന്നുകളിൽ കറുത്ത പദാർഥം കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾ പിൻവലിക്കുകയും ചെയ്തെങ്കില്ലും പ്രസ്തുത മരുന്നിനു മാത്രമാണ് ആനുകൂല്യം നൽകിയത്.

മരുന്നിൽ വയലറ്റ് പദാർഥം !

പെരിട്ടോനിയൽ ഡയാലിസിസ് ഫ്ലൂയിഡിന്റെ ഗുണനിലവാരം സംബന്ധിച്ചു എസ്എടി ആശുപത്രിയിൽ നിന്നാണു കെഎംഎസ്‌സിഎലിനു പരാതി ലഭിച്ചത്. ഇവിടെ വിതരണം ചെയ്ത മരുന്നിനുള്ളിൽ വയലറ്റ് നിറത്തിലുള്ള പദാർഥം കണ്ടെത്തുകയും തുടർന്നു ജനുവരി 10നു മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഇതിന്റെ സാംപിൾ ഗവ.ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിക്കാൻ നൽകി. 18നു ആരംഭിച്ച പരിശോധന 27നു അവസാനിച്ചു. അന്നു തന്നെ റിപ്പോർട്ട് കൈമാറുകയും ചെയ്തു. മരുന്നിനു ഗുണനിലവാരമിലെന്നായിരുന്നു പരിശോധനാഫലം. ഇതിനെ തുടർന്നു മാർച്ച് 8നു ഈ ബാച്ചിലെ മുഴുവൻ മരുന്നും പിൻവലിച്ചു. നിലവാരമില്ലെന്ന ഗവ.ഡ്രഗ്സ് ലബോറട്ടറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്നുകൾ പിൻവലിച്ചു ധനകാര്യ വിഭാഗം നടപടി സ്വീകരിച്ചു.

പിന്നീട് ഡ്രഗ്സ് കൺട്രോൾ വിഭാഗം പുനരുപയോഗത്തിനു അനുമതി നൽകിയതിനെ തുടർന്നു വീണ്ടും വിതരണം ചെയ്തെന്നും കെഎംഎസ്‌സിഎൽ അധികൃതർ പറഞ്ഞു. ഫയലുകൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഡ്രഗ്സ് കൺട്രോളർ രവി.എസ്.മേനോൻ പ്രതികരിച്ചു.

English summary: Re delivery of the withdrawn dialysis drug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com