ADVERTISEMENT

കടുത്തവായൂ മലിനീകരണമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഗ്ലോക്കോമ ( glaucoma) വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ആറിരട്ടി ആണെന്നു പഠനം. കണ്ണിൽ നിന്ന് തലച്ചോറിലേക്ക് കാഴ്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. 

ചില രോഗികളില്‍ കണ്ണിലെ നാഡീഞരമ്പുകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതു ഞരമ്പുകള്‍ ചുരുങ്ങാനും പൊട്ടാനും (ഹെമറേജ്) ഇടയാവുന്നതിലൂടെ അന്ധത സംഭവിക്കുന്നു. സാധരണയായി ഇന്‍ട്രാ ഓക്യുലാര്‍ പ്രഷര്‍ 11നും 21നും ഇടയിലാണുണ്ടാവുക. എന്നാല്‍ സാധാരണ സമ്മര്‍ദം ഗ്ലോക്കോമ ഒഴിച്ചുള്ള രോഗികളില്‍ 21ന് മുകളിലായിരിക്കും.

അന്തരീക്ഷമലിനീകരണം ഇതിന് ആക്കം കൂട്ടാം എന്നാണ് പുതിയ കണ്ടെത്തല്‍. ഗ്ലോക്കോമ തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും. കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദം വർധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്. 

ലോകത്താകമാനമുള്ള  കണക്കു നോക്കിയാൽ തിമിരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്ലോക്കോമയാണ്. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള 200 പേരിൽ ഒരാൾക്കുവീതം ഗ്ലോക്കോമ ബാധയുണ്ട്. എന്നാല്‍ വായൂ മലിനീകരണം ഗ്ലോക്കോമ സാധ്യത ഇരട്ടിക്കുന്നു എന്നാണ് പഠനം.

വായൂമലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ഫോസ്റ്റര്‍ പറയുന്നത്. ലോകത്താകമാനം 60 ബില്യന്‍ ആളുകളെ ഗ്ലോക്കോമ ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്. 

ലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നതിനാല്‍ പലപ്പോഴും കണ്ണുപരിശോധനയിലൂടെയാണ് ഗ്ലോക്കോമ അവിചാരിതമായി കണ്ടെത്തുന്നത്. ലക്ഷണങ്ങള്‍ വളരെ വൈകിമാത്രമാണ് പ്രകടമാവുന്നത്. അതുകൊണ്ടുതന്നെ സാധാരണയായി ഗ്ലോക്കോമ 60 വയസ്സിനോടടുക്കുമ്പോഴാണ് കണ്ടുപിടിക്കപ്പെടുന്നത്. അപ്പോഴേക്കും രോഗിയുടെ കണ്ണിലെ നാഡീഞരമ്പുകള്‍ മിക്കവാറും നശിച്ചിട്ടുണ്ടാകും.

കുടുംബത്തില്‍ ഗ്ലോക്കോമ രോഗികള്‍ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ വളരെ നേരത്തേതന്നെ ഈ പരിശോധന നടത്തിയിരിക്കണം. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ രോഗമുണ്ടെങ്കില്‍ രണ്ട് ഇരട്ടിയും സഹോദരങ്ങള്‍ക്കുണ്ടെങ്കില്‍ നാലിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഹ്രസ്വദൃഷ്ടി, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ കുഴപ്പം എന്നിവയുള്ളവര്‍ക്കും ഗ്ലോക്കോമയുടെ സാധ്യത സാധാരണയിലും കൂടുതലാണ്. ഗ്ലോക്കോമ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ അത് വ്യാപിക്കാതിരിക്കാനും ശേഷിക്കുന്ന കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാനുമാണ് ചികില്‍സ നല്‍കുന്നത്. അതിനൊപ്പം കണ്ണിന്റെ മര്‍ദം കുറയ്ക്കാനുള്ള മരുന്നും ഉണ്ടാകും. കൃത്യമായി ചികില്‍സ തേടിയിട്ടില്ലെങ്കില്‍ ഗ്ലോക്കോമ തലച്ചോറില്‍നിന്ന് കണ്ണിലേക്ക് വരുന്ന ഒപ്ടിക് ഞരമ്പിനെ തകരാറിലാക്കുകയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടുത്തുകയും ചെയ്യും.

English summary: Air pollution can lead to irreversible blindness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com