ADVERTISEMENT

പ്രഭാതത്തിൽ ഉണ്ടാവുന്ന നെഞ്ചിനുവേദന, വിമ്മിഷ്ടം, അകാരണമായ ക്ഷീണം, വിയർപ്പ് എന്നിവയൊക്കെ ഹൃദയാഘാത ലക്ഷണമാകാൻ സാധ്യത കൂടുതലാണ്. അവയെ അവഗണിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന്, ഒരു മണിക്കൂറിനകം ആൻജിയോപ്ലാസ്റ്റിയോ ബൈപാസോ ചെയ്യാൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സിക്കേണ്ടതാണ്. അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരണമടയാൻ സാധ്യത കൂടുതലാണ്. രാവിലെ ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യത വൈകിട്ടത്തെക്കാൾ മൂന്നിരട്ടി കൂടുതലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. രാവിലെ 4 മണി മുതൽ 6 വരെയാണ് സാധ്യത കൂടുതൽ. അതിനുശേഷം 12 മണി വരെ ഹൃദയാഘാത സാധ്യത കൂടിത്തന്നെ നിൽക്കുന്നു. 

രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് ചില പ്രത്യേകതകളുണ്ട്. ചെറുപ്പക്കാരിലും സ്ത്രീകളിലും ഇതുണ്ടാവാൻ സാധ്യത കൂടുതലാണ്. 30 മുതൽ 55 വയസ്സുവരെ പ്രായമുള്ളവരിലാണ് കൂടുതലായി ഉണ്ടാവുന്നത്. പ്രഭാത സമയങ്ങളിൽ ഉണ്ടാവുന്ന ഹൃദയാഘാതം 20 മുതൽ 30 ശതമാനം വരെ കൂടുതൽ അപകടകാരിയാണ്. 

‌‌എന്തുകൊണ്ട് ?

∙ ഉയർന്ന രക്തസമ്മർദം

നമ്മുടെ രക്തസമ്മർദം പ്രഭാതത്തിൽ 5 മുതൽ 10 വരെ മില്ലി മീറ്റർ കൂടുതലാണ്. തലച്ചോറിന്റെ പ്രത്യേക പ്രവർത്തനം മൂലമാണിത്. ബിപി കൂടിയിരിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.

∙ രാവിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. രക്തം കട്ട പടിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീന്റെ അളവ് ആസമയത്ത് രക്തത്തിൽ കുറവാണത്രേ. 

∙ നിർജ്ജലീകരണം

പലരും ഇന്ന് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുന്നില്ല. വേനൽക്കാലവും കൂടുതല്‍ സമയം ഏസി ഉപയോഗിക്കുന്നതും നിർജലീകരണത്തിന് കാരണമാകുന്നു. ഇത് ഇലക്ടോലറ്റുകളുടെ വ്യതിയാനത്തിനും ഹൃദയത്തിന്റെ താളം തെറ്റാനും കാരണമാകുന്നു.

∙ വ്യായാമമില്ലായ്മ

ദിവസേന വ്യായാമം ചെയ്യാത്തവരിൽ രക്തം കട്ട പിടിക്കാൻ സാധ്യത കൂടുതലാണ്. രാവിലെ വളരെ താമസിച്ച് എഴുന്നേൽക്കുന്നതും വൈകിട്ട് വളരെ വൈകി ഉറങ്ങാൻ കിടക്കുന്നതും അപകടം വരുത്തി വയ്ക്കും. പകൽ ജോലി, രാത്രി വിശ്രമവും ഉറക്കവും എന്ന പ്രകൃതിനിയമം തെറ്റിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാവുന്നു. 

∙ മാനസിക സമ്മർദം കൂടുന്നത്

ജോലിയുടെ ഭാഗമായും അല്ലാതെയും ഉണ്ടാവുന്ന കടുത്ത മാനസിക സമ്മർദം ഹൃദയാഘാത സാധ്യത വർധിപ്പിക്കും. 

ദിവസവും എട്ടുപത്ത് ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി നേരത്തെ തന്നെ ഉറങ്ങുക. രാവിലെ ഉണരുക. ദിവസേന വ്യായാമം ചെയ്യുക; ടെൻഷൻ കുറയ്ക്കുക, പുകവലിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് പരിഹാരമാർഗങ്ങൾ. ഒമേഗ ത്രീ ഫാറ്റി അമ്ലങ്ങൾ ധാരാളമുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

English Summary: Early morning chest pain and heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com