ADVERTISEMENT

കുട്ടികളിലെ അമിതഭാരത്തിനും പൊണ്ണത്തടിക്കും പ്രധാന കാരണം ടിവി കാഴ്ച ആണെന്നു പഠനം. ജീവിതശൈലീ ശീലങ്ങളാണ് അമിതഭാരവും പൊണ്ണത്തടിയും ഉൾപ്പെടെയുള്ള അനാരോഗ്യത്തിനു കാരണമാകുന്നത്. 

ജീവിതത്തിൽ ആദ്യഘട്ടങ്ങളിൽതന്നെ പൊണ്ണത്തടിക്കു കാരണമാകുന്ന ശീലങ്ങൾ കണ്ടെത്താനായാൽ ഹൃദയസംബന്ധമായ രോഗങ്ങളും ഉപാപചയ രോഗങ്ങളും വരാതെ തടയാമെന്ന് പഠനത്തിനു നേതൃത്വം നൽകിയ സ്പെയിനിലെ ഡെൽമാർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റോവേദ് ബവേക്കഡ് പറയുന്നു. 

ശാരീരിക പ്രവർത്തനം, ഉറക്ക സമയം, ടിവി കാണുന്ന സമയം, സസ്യഭക്ഷണങ്ങളുടെ ഉപയോഗം, അൾട്രാപ്രോസസ്ഡ് ഭക്ഷണ ഉപയോഗം എന്നിങ്ങനെ അഞ്ച് ജീവിതശൈലീ ശീലങ്ങൾ അപഗ്രഥിച്ചു. 1480 കുട്ടികളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയ ഈ പഠനം, പീഡിയാട്രിക് ഒബേസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. 

ഒരു ചോദ്യാവലിയിലൂടെ കുട്ടികൾക്ക് 4 വയസ്സുള്ളപ്പോഴത്തെ ശീലങ്ങള്‍ പൂരിപ്പിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഈ ശീലങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണക്കാക്കാൻ കുട്ടികൾക്ക് നാലും ഏഴും വയസ്സുള്ളപ്പോൾ അവരുടെ ബോഡിമാസ് ഇൻഡക്സ്, അരവണ്ണം, രക്ത സമ്മർദം ഇവ അളന്നു. 

കൂടുതൽ സമയം ടിവിയ്ക്കു മുന്നിൽ ഇരിക്കുന്ന, വളരെ കുറച്ചു മാത്രം ആക്ടീവ് ആയ നാലുവയസ്സുള്ള കുട്ടികൾക്ക്, ഏഴു വയസ്സ് ആകുമ്പോഴേക്കും അമിതഭാരം, പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം ഇവ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നു കണ്ടു. 

ടിവിയിൽ വരുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പരസ്യവും കുട്ടികളെ സ്വാധീനിക്കുന്നതായി ഗവേഷകർ പറയുന്നു. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളായ പേസ്ട്രി, സംസ്കരിച്ച ധാന്യ ഉൽപ്പന്നങ്ങൾ, മധുരപാനീയങ്ങൾ ഇവയിലെല്ലാം പഞ്ചസാര, ഉപ്പ്, സാച്ചുറേറ്റഡ് ഫാറ്റ് ഇവ വർധിച്ച തോതിൽ അടങ്ങിയിട്ടുണ്ട്. പോഷക ഗുണങ്ങൾ വളരെ കുറച്ചേ ഉള്ളൂ താനും. 

നാലുവയസ്സിൽ ഇത്തരം ഭക്ഷണം ധാരാളം കഴിക്കുന്നത് ഏഴുവയസ് ആകുമ്പോഴേക്കും ഉയർന്ന ബോഡിമാസ് ഇൻഡക്സിനു കാരണമാകും. കൂടാതെ ടിവി കാണൽ, ശാരീരിക പ്രവർത്തനങ്ങളെയും ഉറക്ക സമയത്തെയും തടസ്സപ്പെടുത്തും. വളരെ ചെറിയ പ്രായത്തിൽ മതിയായ ഉറക്കം ലഭിക്കേണ്ടത് ബാല്യകാലത്ത് ശരീരഭാരം നിയന്ത്രിക്കാൻ ആവശ്യമാണ്. 

മുതിർന്നവരിൽ ഒരു വ്യക്തിയുടെ ആരോഗ്യം കുട്ടിക്കാലത്തെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കും. ടിവി കാണുന്ന സമയം പരിമിതപ്പെടുത്തുക, പഠനത്തിനു പുറമെ കളികളിൽ ഏർപ്പെടുക, നന്നായി ഉറങ്ങുക, ധാരാളം പച്ചക്കറികൾ കഴിക്കുക. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ വളരെ പ്രധാനമാണെന്ന് പഠനം പറയുന്നു. 

English Summary: Obesity in kids; Reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com