ADVERTISEMENT

പടിക്കെട്ടുകൾ കയറുമ്പോഴും കയറ്റം കയറുമ്പോഴും എല്ലാം കിതപ്പ് അനുഭവപ്പെടാറുണ്ടോ? സാധാരണ വേഗത്തിൽ ജോഗിങ് ചെയ്യുമ്പോൾ ശ്വാസമെടുക്കാൻ പ്രയാസം നേരിടാറുണ്ടോ? ആസ്മ, പുകവലി, സിഒപിഡി മുതലായ നിരവധി രോഗങ്ങൾ ശ്വാസതടസ്സത്തിനു കാരണമാകാം. ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ലങ് കപ്പാസിറ്റി വർധിപ്പിക്കേണ്ടത് ആവശ്യമാണ്. 

എന്താണ് ലങ് കപ്പാസിറ്റി, എന്നല്ലേ ഒരു സമയത്ത് നമ്മുടെ ശ്വാസകോശത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന വായുവിന്റെ അളവാണിത്. സാധാരണയായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കായിരിക്കും ലങ് കപ്പാസിറ്റി കൂടുതൽ. ലങ് കപ്പാസിറ്റി കൂട്ടാനുള്ള ചില മാർഗങ്ങൾ ഇതാ.

1. ശ്വസനവ്യായാമം

ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. പ്രാണായാമം ശീലിക്കുന്നത് നല്ലതാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഇത് സഹായിക്കും. 

2. കാർഡിയാക് എക്സർസൈസ്

കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിനു മാത്രമല്ല ഗുണകരം. മറിച്ച് ലങ് കപ്പാസിറ്റി കൂട്ടാനും ഇത് ഉപകരിക്കും. ദിവസവും അരമണിക്കൂർ കാർഡിയോ എക്സർസൈസ് ചെയ്യണം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്. 

3. വെള്ളം കുടിക്കാം

ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ധാരാളം ജലാംശം ശരീരത്തിലുണ്ടെങ്കിൽ, ശ്വാസകോശത്തിന്റെ മ്യൂക്കോസൽ ആവരണം കനം കുറഞ്ഞതായി ഇരിക്കുകയും ഇത് നന്നായി പ്രവർത്തിക്കാൻ സഹായകമാവുകയും ചെയ്യും. 

4. നിവർന്നിരിക്കാം

നിങ്ങളുടെ ഇരിപ്പും നിലയും (posture) ലങ് കപ്പാസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരിക്കുന്നതിനിടയിൽ തല കുനിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യുന്നത് ലങ് കപ്പാസിറ്റി കുറയ്ക്കുമെന്നു പഠനങ്ങൾ പറയുന്നു. തെറ്റായ രീതിയിൽ ഇരിക്കുന്നത് ശ്വാസകോശത്തെ ചുരുക്കുകയും ചെറുതാക്കുകയും ചെയ്യും. നിവർന്നിരിക്കാൻ ശ്രമിക്കുക. കൂനിക്കൂടി ഇരിക്കാതിരിക്കുക. 

5. വൈറ്റമിൻ ഡി

ജീവകം ഡിയുടെ അളവ് കൂട്ടുന്നത് നല്ലതാണ്. ശരീരത്തിൽ ജീവകം ഡിയുടെ അളവ് കൂടുന്നത് ലങ് കപ്പാസിറ്റി കൂട്ടുകയും കൂടുതൽ സമയം വ്യായാമം ചെയ്യാൻ സാധിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും ജീവകം ഡി ലഭിക്കും. മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ് തുടങ്ങി ചില ഭക്ഷണ പദാർത്ഥങ്ങളിലൂടെയും ജീവകം ഡി ലഭിക്കും. 

ഈ മാർഗങ്ങളിലൂടെ ലങ് കപ്പാസിറ്റി കൂട്ടാം. ശ്വാസകോശത്തെ ആരോഗ്യമുളളതാക്കാൻ ചില ചെറിയ കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. 

പുകവലി ഉപേക്ഷിക്കാം. ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കാം. വീടിനു ചുറ്റുമുള്ള എയര്‍ക്വാളിറ്റി മെച്ചപ്പെടുത്താം. ഇതെല്ലാം നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും. 

English Sumamry: Five ways to improve your Lung capacity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com