ADVERTISEMENT

വന്ധ്യത അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഗർഭം ധരിക്കാനുള്ള കഴിവ് സ്ത്രീക്കു മാത്രമായതിനാൽ ഗര്‍ഭധാരണം വൈകുമ്പോൾ സ്ത്രീയുടെ പ്രശ്നമാണെന്നു കരുതുന്നവരാണ് അധികവും. എന്നാൽ പുരുഷനും വന്ധ്യതയുണ്ടാകാം. സ്ത്രീ വന്ധ്യതയ്ക്ക് ഹോർമോൺ തകരാറുകൾ, അണ്‌ഡാശയ രോഗങ്ങൾ, എൻഡോമെട്രിയോസിസ്, പിസിഒഡി എന്നിവയെല്ലാം കാരണമാകാം.

സ്ത്രീവന്ധ്യതയ്ക്കുള്ള 10 കാരണങ്ങളും പരിഹാരമാർഗങ്ങളും നോക്കാം

1. ഗർഭകാലത്തുതന്നെ ശ്രദ്ധ വേണം

പെൺകുട്ടികളിലെ അണ്ഡോൽപാദനത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽത്തന്നെ പൂർത്തീകരിക്കപ്പെടുന്നു. പിന്നെ പുതിയ അണ്ഡോൽപാദനം നടക്കില്ല. ഉണ്ടായ അണ്ഡം പ്രായപൂർത്തി ഘട്ടം മുതൽ പുറത്തേക്കു വിടുകയാണ്. അണ്ഡത്തിന്റെ എണ്ണവും ഗുണമേൻമയുമെല്ലാം ഗർഭപാത്രത്തിൽ വച്ചുതന്നെ നിശ്ചയിക്കപ്പെടുന്നു. അതിനാൽ അമ്മയുടെ ഗർഭകാലം ശാരീരികവും മാനസികവുമായി ആരോഗ്യപൂർണമായിരിക്കണം. ഇത് പെൺകുഞ്ഞിന്റെ ഭാവിയിലെ ഗർഭധാരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

2. ബാല്യത്തിലെ കരുതൽ

കൗമാരം മുതലുള്ള ലൈംഗിക വളർച്ചയ്ക്ക് വ്യായാമം അത്യാവശ്യമാണ്. ഒപ്പം അരി, ഗോതമ്പ് പോലുള്ള ധാന്യഭക്ഷണവും പ്രോട്ടീൻ, മത്തി, പയറു വർഗങ്ങൾ എന്നിവയും നിർബന്ധമാക്കണം. മധുര പദാർഥങ്ങൾ അമിതമാകരുത്. അമിതവണ്ണവും തീരെ മെലിഞ്ഞ പ്രകൃതവും ലൈംഗികാരോഗ്യത്തെ ബാധിക്കാം.

3. ഋതുമതി ആയാൽ

മകൾ ഋതുമതിയായാൽ പിന്നെ അമ്മയാണ് അവളുടെ വഴികാട്ടി. അവൾക്ക് സമാധാനപൂർവം കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. ആർത്തവം തുടങ്ങിയാൽ ചില കുട്ടികളിൽ 2–3 വർഷം വരെ എടുക്കും ഹോർമോൺ പ്രവർത്തനം സാധാരണ രീതിയിലാകാൻ. ഈ കാലയളവിനുള്ളിൽ നോർമൽ ആയില്ലെങ്കിൽ ഡോക്ടറെ കാണാം. അനാവശ്യമായി ഹോർമോൺ ചികിത്സ നൽകേണ്ട. ഇത് പ്രത്യുൽപാദന ശേഷിയിൽ പ്രശ്നങ്ങളുണ്ടാക്കാം.

4. ആർത്തവ തകരാറുകൾ

വൈകി ആരംഭിക്കുന്ന ആർത്തവവും ക്രമരഹിതമായ ആർത്തവ ചക്രവും ഹോർമോണുകളുടെ അസന്തുലനത്തിന്റെ സൂചനയാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ, അണ്ഡാശയത്തിലെ തകരാറുകൾ, എൻഡോമെട്രിയം തകരാറുകൾ, പെൽവിക് തകരാറുകൾ എന്നിവയും ആർത്തവക്രമക്കേടിനു കാരണമാകാം. ഇവ വന്ധ്യതയിലേക്കും നയിക്കാം. അതിനാൽ ആർത്തവ ക്രമക്കേടുകൾ ആരംഭത്തിലേ ചികിത്സിക്കണം.

5. വിവാഹ പ്രായം

വൈകി വിവാഹം കഴിക്കുന്നവരാണ് ഇപ്പോഴധികവും. പഠനം കഴിഞ്ഞ് ജോലി നേടിയ ശേഷമാകും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നത്. വിവാഹം കഴിഞ്ഞാലും കുറച്ചു നാൾ കഴിഞ്ഞു മതി കുട്ടി എന്നു ചിന്തിക്കുന്നവരുമുണ്ട്. ഇത് വന്ധ്യതാപ്രശ്നങ്ങൾ വർധിപ്പിക്കുന്നു. 25 വയസ്സോടെയെങ്കിലും വിവാഹിതയാകുന്നതാണ് ഉത്തമം. പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണമേൻമ കുറയും. ഇത് വന്ധ്യതയ്ക്കു കാരണമാകുമെന്നു മാത്രമല്ല, ഗർഭം ധരിച്ചാൽതന്നെ വൈകല്യങ്ങൾക്കോ ജനിതകത്തകരാറുകൾക്കോ സാധ്യത കൂടുതലുമാണ്.

6. പിസിഒഡി

ആർത്തവക്രമക്കേട്, മുഖക്കുരു, അമിതവണ്ണം, അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവരിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്ന പിസിഒഡി സംശയിക്കാം. ഇതു വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമാണ്. അണ്ഡം ഉൾക്കൊള്ളുന്ന വെള്ളം നിറഞ്ഞ കുമിളകളാണിവ. ഇതിന് വിവിധ ചികിത്സകളുണ്ടെങ്കിലും ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും കൂടിയേതീരൂ. വണ്ണം കുറയ്ക്കുന്നതോടെ ആർത്തവ ക്രമക്കേടിലും മാറ്റങ്ങൾ കണ്ടുതുടങ്ങും.

7. എൻഡോമെട്രിയോസിസ്

വന്ധ്യതയിലേക്കു നയിക്കുന്ന മറ്റൊരു പ്രധാന രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ഉൾപാളിയാണ് എൻഡോമെട്രിയം. ആർത്തവ രക്തത്തോടൊപ്പം ഈ പാളിയാണ് കൊഴിഞ്ഞു പോകുന്നത്. എൻഡോമെട്രിയത്തിന്റേതു പോലുള്ള കോശങ്ങൾ ഗർഭപാത്രത്തിനു പുറത്തുണ്ടാകുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത്തരം കോശങ്ങൾ കൂടിച്ചേർന്ന് ചെറിയ മുഴകളോ വളർച്ചകളോ ആയി മാറാം. ഇവ അണ്ഡവാഹിനിക്കുഴലും അണ്ഡാശയവുമായുള്ള ബന്ധത്തിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കും. ഇതാണ് വന്ധ്യതയിലേക്കു നയിക്കുന്നത്. എൻഡോമെട്രിയോസിസ് ഗർഭപാത്രം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലായാൽ ഗർഭധാരണം ഏറെ ബുദ്ധിമുട്ടാകും.

8. കുഴലിലെ തടസ്സങ്ങൾ

സ്ത്രീ വന്ധ്യതയിൽ അഞ്ചു മുതൽ 10 ശതമാനംവരെ കാരണമാകുന്നത് അണ്ഡവാഹിനിക്കുഴലിലെ പ്രശ്നങ്ങളാണ്. കുഴലിലെ തടസ്സങ്ങളും വടുക്കളും രോഗങ്ങളും വന്ധ്യത വരുത്തും. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് എന്ന അണുബാധാരോഗം കുഴലുകളെ ബാധിച്ച് അവയ്ക്ക് ഘടനാപരമായ മാറ്റം വരുത്തുന്നതും പ്രശ്നമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ സംഭവിക്കാവുന്ന അണുബാധകളാണ് ഈ പ്രശ്നത്തിനു കാരണം.

9. പതിനാലാം നാളിൽ

വരാനിരിക്കുന്ന മാസമുറയ്ക്ക് 14 ദിവസം മുമ്പാണ് അണ്ഡാശയം അണ്ഡത്തെ ബീജസംയോജനത്തിനായി പുറന്തള്ളുന്നത്. ശരീരത്തിലെ മാറ്റങ്ങളിൽ ശ്രദ്ധയുള്ള സ്ത്രീക്ക് ഇതു മനസ്സിലാക്കാൻ സാധിക്കും. ആർത്തവം കൃത്യമായി 28–ാം ദിവസം നടക്കുന്നവരിൽ 14–ാം ദിവസം കണക്കുകൂട്ടിയെടുക്കാം. അന്നേ ദിവസം ലൈംഗികമായി ബന്ധപ്പെടാൻ ശ്രമിക്കണം. അന്നാണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യതയുള്ളത്. 

10. ആധുനിക മാർഗങ്ങൾ

ഈ ചികിത്സകൾ കൊണ്ടൊന്നും ഫലം കണ്ടില്ലെങ്കിൽ പ്രത്യുൽപാദന സഹായ സങ്കേതങ്ങളുപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. ബീജാണുവിനെ കത്തീറ്റർ ഉപയോഗിച്ച് ഗർഭപാത്രത്തിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ ആണ് ഏറ്റവും ചെലവു കുറഞ്ഞ മാർഗം. ഐവിഎഫ് (ഇൻവിട്രോ ഫെർട്ടിലൈസേഷൻ), ഇക്സി (ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്‌ഷൻ) എന്നിവയാണ് ടെസ്റ്റ്യൂബ് ബേബി ചികിത്സയെന്ന ആധുനിക മാർഗങ്ങൾ.

English Summary: Female Infertility: Causes,Tests and Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com