ADVERTISEMENT

അനാവശ്യ ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതുകൊണ്ട് പൊണ്ണത്തടി മാത്രമല്ല നിങ്ങളുടെ കാഴ്ചശക്തിയും അപകടത്തിലായേക്കുമെന്നാണ് പുതിയ കണ്ടെത്തൽ. അനാരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർക്ക് വാർധക്യത്തിൽ കാഴ്ചത്തകരാറുകൾ മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കുമത്രേ. ബ്രിട്ടിഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിലാണ് കാഴ്ചശക്തിയും ആഹാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഏയ്ജ് റിലേറ്റഡ് മസ്കുലാർ ഡിജനറേഷൻ (എഎംഡി) എന്നാണ് ഡോക്ടർമാർ ഇതിനെ വിളിക്കുന്നത്. കാഴ്ചയ്ക്കു മങ്ങലുണ്ടാകുംവിധം റെറ്റിനയെ ആണ് ഈ അവസ്ഥ ബാധിക്കുന്നത്. അമേരിക്കയിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള 1.8 ദശലക്ഷം പേർ ഇത്തരത്തിലുള്ള കാഴ്ചത്തകരാറിന്റെ ഇരകളാണെന്ന് സർവേയിൽ കണ്ടെത്തി. ഒരു വസ്തുവിൽ കാഴ്ച കേന്ദ്രീകരിക്കാൻ കഴിയാതെ പോകുക, ഒരു വസ്തുവിനെ രണ്ടായി കണ്ണുക, വെളിച്ചത്തിലും വായിക്കാൻ പ്രയാസം അനുഭവിക്കുക തുടങ്ങി പലവിധത്തിലാകാം ഈ രോഗാവസ്ഥ നിങ്ങളെ വാർധക്യത്തിൽ പിടികൂടുന്നത്. 65 വയസ്സിനു മുകളിൽ എത്തുമ്പോഴേക്കും ഒരു പക്ഷേ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടെന്നും വന്നേക്കാം.

ജങ്ക് ഫുഡ്, ടിൻഡ് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന കൃത്രിമ പദാർഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയുമാണ് പലപ്പോഴും പിൽക്കാലത്ത് വില്ലനായി മാറുന്നത്.  പതിവായി ഇത്തരം ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരോട് ജാഗ്രത വേണമെന്ന് നേത്രരോഗവിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

ചെറിയ പ്രായത്തിൽ തന്നെ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. അമിതമായ ടിവി, കംപ്യൂട്ടർ ഉപയോഗം മാത്രമല്ല കുട്ടികളുടെ ഭക്ഷണരീതിയും ഇതിനെ ത്വരിതപ്പെടുത്തുന്നു. അതുകൊണ്ട് ഇനിയും അനാരോഗ്യ ഭക്ഷണരീതി തുടർന്നാൽ കണ്ണാടിയിൽ നോക്കുമ്പോഴുള്ള സൗന്ദര്യപ്രശ്നം മാത്രമല്ല, കണ്ണടവച്ചുനടക്കേണ്ട കാഴ്ചത്തകരാറും സംഭവിക്കുമെന്നത് മറക്കേണ്ട. 

English Summary: Junk food diet linked to blindness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com