sections
MORE

ജീവിച്ചിരിക്കുമ്പോൾ വൃക്കദാനം; അത്ര സിംപിളല്ല കാര്യങ്ങൾ: ഫാ. ഡേവിസ് ചിറമ്മൽ

SHARE

സംസ്ഥാനത്തെ അവയവദാനത്തിന്റെ സുതാര്യതയിൽ സമീപകാലത്ത് സംശയത്തിന്റെ നിഴൽ വീണതായി ഫാ.ഡേവിസ് ചിറമ്മൽ. ജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഫാദർ അഭിപ്രായപ്പെട്ടു. സ്വന്തം കിഡ്നി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മൽ, കഴിഞ്ഞ ഒരു ദശാബ്ദക്കാലം അവയവദാന സംസ്കാരം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. 

സംസ്ഥാനത്തെ അവയവദാനത്തെക്കുറിച്ചും ജീവിച്ചിരിക്കുമ്പോൾ നടത്തുന്ന അവയവദാനത്തിലെ സങ്കീർണതകളെക്കുറിച്ചും മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഫാ.ഡേവിസ് ചിറമ്മൽ സംസാരിക്കുന്നു. 

അത്ര സിംപളല്ല കാര്യം

ജീവിച്ചിരിക്കുമ്പോൾ അവയവങ്ങൾ ദാനം ചെയ്യുക എന്നത് കരുതുന്നതുപോലെ എളുപ്പമല്ല. വൃക്ക ഓപ്പറേഷന് ഒരു ദിവസമേ എടുക്കൂ. പക്ഷേ, ആ അവസ്ഥയിലെത്താൻ വേണ്ടി ഒരു വ്യക്തി കടന്നു പോകുന്നത് ഭീകരമായ സംഘർഷങ്ങളിലൂടെയാണ്. കുടുംബത്തിലുളളവരുടെ സമ്മതമാണ് ആദ്യ കടമ്പ. അതു ലഭിക്കാൻ തന്നെ കുറെയേറെപ്പേർ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ, ദാനം ചെയ്യുന്നയാൾക്ക് ആരോഗ്യപരമായി യാതൊരു ദോഷവും ഉണ്ടാകാൻ പാടില്ല. മൂന്നാമത്തെ കാര്യമാണ് സമയമെടുക്കുന്നത്. കച്ചവടത്തിനായല്ല വൃക്ക ദാനം ചെയ്യുന്നത് എന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടാക്കുകയെന്നതാണ് വെല്ലുവിളി ഉയർത്തുന്ന കാര്യം. 

പ്രത്യേക പരിഗണന ലഭിക്കില്ല

ഞാൻ വൃക്ക ദാനം ചെയ്യുന്ന സമയത്ത് രേഖകൾ ശരിയാക്കിയെടുക്കാൻ ഏകദേശം ഏഴു മാസത്തോളം സമയമെടുത്തു. പൊലീസ് വെരിഫിക്കേഷൻ, ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാക്ഷ്യപത്രം തുടങ്ങി നിരവധി രേഖകൾ ശരിയാക്കണം. ഇതൊന്നും പെട്ടെന്നു നടക്കില്ല. മാസങ്ങളോളം ഇതിനായി പല ഓഫിസുകളും കയറി ഇറങ്ങേണ്ടി വരും. എന്നാൽ, ഈ നടപടികൾ ലഘൂകരിക്കാൻ കഴിയില്ല. കിഡ്നി കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് ഇത്തരത്തിലുള്ള കർശന വ്യവസ്ഥകൾ ആവശ്യമാണ്. ദീർഘമായ ഈ ഡോക്യുമെന്റേഷനോടു സഹകരിക്കാൻ മനസുണ്ടെങ്കിലേ ജീവിച്ചിരിക്കുമ്പോൾ കിഡ്നി ദാനം ചെയ്യാൻ കഴിയൂ. കാരണം, ഇതിനായി ഓഫിസുകളും ആശുപത്രികളും കയറി ഇറങ്ങുമ്പോൾ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. 

ജീവനില്ലാത്ത മൃതസഞ്ജീവനി 

എന്റെ ഓപ്പറേഷനു ശേഷം ഞാൻ കാസർഗോഡ് നിന്നു തിരുവനന്തപുരം വരെ യാത്ര ചെയ്ത്, മരണശേഷം അവയവങ്ങൾ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തിയിരുന്നു. സംസ്ഥാന സർക്കാർ ആരംഭിച്ച മൃതസഞ്ജീവനി പ്രൊജക്ടിന്റെ ആദ്യ സമ്മതപത്രം ഒപ്പിട്ടു നൽകിയാണ് ഞാൻ ആ പരിപാടിക്ക് ഇറങ്ങിത്തിരിച്ചത്. നല്ല പ്രതികരണം ലഭിച്ചു. നൂറു കണക്കിനു പേർക്കു ജീവൻ ലഭിച്ചു. പിന്നീട് സർക്കാരിന്റെ മൃതസഞ്ജീവനി പ്രൊജക്ട് സജീവമായി ഇടപെട്ടില്ല. ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന് ഉപകരിക്കുന്ന പരസ്യമോ പരിപാടികളോ ഒന്നും മൃതസഞ്ജീവനിയുടേതായി നാളിതുവരെ കണ്ടിട്ടില്ല. 

ആ കുടുംബങ്ങള പരിഗണിക്കണം

അവയവങ്ങൾ കൊടുത്തവരുടെ കുടുംബത്തെ ആരും ഗൗനിച്ചില്ല. എടുത്ത വച്ച ഡോക്ടറും വാഹനത്തിൽ കൊണ്ടെത്തിച്ച ആംബുലൻസ് ഡ്രൈവറും വാർത്തകളിൽ ഇടം നേടും. അതു നല്ലതു തന്നെ. എന്നാൽ അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബത്തെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കാത്തതിനാൽ അവർ ഈ കാര്യം മറ്റൊരു വ്യക്തിയോടു പോസിറ്റീവ് ആയി പറയാൻ മനസു കാണിച്ചില്ല. 

ഉത്തരവാദിത്തം സർക്കാരിന്

അടുത്തകാലത്ത്, അവയവദാനത്തിന്റെ സുതാര്യതയ്ക്ക് വീഴ്ച സംഭവിച്ചു. അവയവ കച്ചവടം നടത്തുന്ന ഡോക്ടർമാർ പിടിയിലായി. അതെല്ലാം ജനങ്ങളുടെ ഇടയിൽ ആഘാതം സൃഷ്ടിച്ചു. അതുപോലെ ചില സിനിമകളുടെയും ഇടപെടലുകൾ ജനങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കി. ജനങ്ങൾക്ക് സംശയമായി. പ്രിയപ്പെട്ടവരുടെ അവയവങ്ങൾ എടുത്തിട്ട്, അത് ആർക്കാണ് കൊടുക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ ന്യായമായും ജനങ്ങൾ സംശയിക്കും. ഇതു ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും മൃതസഞ്ജീവനിക്കുമുണ്ട്. മരണശേഷം അവയവയങ്ങൾ ദാനം ചെയ്യുന്ന സംസ്കാരം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. 

English Summary: Fr Davis Chiramel talks about the organ donation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA