sections
MORE

കാഴ്ച പരിമിതിയുള്ളവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍

smartphone1
SHARE

കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരല്ല. ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്. ബാങ്കിടപാടുകള്‍ പോലും പരിശീലനം സിദ്ധിച്ച സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

smartphone2

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെതന്നെ കൈയുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. കാഴ്ച പരിമിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ സഹായകമാകട്ടേയെന്നും മന്ത്രി ആശംസിച്ചു.

ഭിന്നശേഷി മേഖലയില്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. 21 ലേറെ ഭിന്നശേഷിയുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോതരത്തിലുള്ള പരിചരണം ആവശ്യമാണ്. ഇത് മനസിലാക്കി അനുയാത്ര പദ്ധതിയുടെ ഭാഗമായി നിരവധി ഉപ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ വിവിധ സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുച്ചക്രവാഹനങ്ങൾ വാങ്ങി നല്‍കി. കോര്‍പറേഷനില്‍ വര്‍ഷങ്ങളായി താല്കാലികമായി ജോലി ചെയ്തു വന്ന 13 പേരെ സ്ഥിരപ്പെടുത്തി. ഏതെല്ലാം മാര്‍ഗത്തിലൂടെ സഹായിക്കാന്‍ കഴിയും ആ രീതിയിലൊക്കെ സഹായിക്കുന്നതാണ്. 3 കോടി ചെലവഴിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണ ഷോറൂം തുറക്കും. പാവപ്പെട്ടവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ ഒ. വിജയന്‍, കെ.ജി. സജന്‍, ഗിരീഷ് കീര്‍ത്തി, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍കുമാര്‍, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന സെക്രട്ടറി സി. സജീവന്‍ എന്നിവര്‍ സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA