ADVERTISEMENT

കാൻസറിനോട് വീണ്ടും വീണ്ടും പൊരുതിക്കൊണ്ടിരിക്കുന്ന നന്ദു മഹാദേവ ശരിക്കും ഒരദ്ഭുതം തന്നെയാണ്. അർബുദം ഇത്രയും ശക്തിയോടെ തോൽപ്പിക്കാൻ വന്നിട്ടും തോറ്റുകൊടുക്കില്ലെന്നു സധൈര്യം പ്രഖ്യാപിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി നോക്കിക്കാണുന്ന നന്ദു മറ്റുള്ളവർക്കും നൽകുന്ന ഊർജ്ജം ചെറുതല്ല. രോഗക്കിടക്കയിലും തളരാതെ കൂടെയുള്ളവർക്ക് പ്രചോദനം നൽകുന്ന നന്ദു കാൻസർ വരുന്നതിനും മുൻപും ശേഷവും താൻ പിന്നിട്ട വഴികളെക്കുറിച്ചു പറയുന്നു

"അങ്ങനെ മൂന്നാമത്തെ കീമോയും കഴിഞ്ഞു. ഇടയ്ക്ക് ആരോടും പറയാതെ ഒന്ന് ഐസിയുവിൽ ഒക്കെ പോയി വന്നു. ഇപ്പോൾ ഉഷാറാണ്.

ഈ ആത്മവിശ്വാസവും പക്വതയും ഒക്കെ കാൻസർ വന്ന ശേഷം പെട്ടെന്നുണ്ടായതാണോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. സത്യത്തിൽ പിന്നിട്ട് വന്ന പ്രതിസന്ധികളിൽ ഒന്നു മാത്രമാണ് കാൻസർ

ഈ മനോഹരമായ ഭൂമിയിലേക്ക് ജനിക്കുന്നതിനു മുമ്പുതന്നെ എന്റെ ജീവിതത്തിൽ യുദ്ധങ്ങൾ ആരംഭിച്ചിരുന്നു. 'അമ്മ എന്നെ പ്രഗ്നൻറ് ആയിരിക്കുന്ന സമയത്ത് ഞാൻ എന്ന കുട്ടിയെ കിട്ടാൻ ഒരു സാധ്യതയും ഇല്ലെന്നു ഡോക്ടർമാർ വിധിയെഴുതി.

ഒടുവിൽ 18 ഓളം ഇഞ്ചക്‌ഷൻ നൽകി അബോർഷൻ ആകാതെ ഞാൻ ജനിച്ചു.

എനിക്ക് ജന്മനാ വികലാംഗത ഉണ്ടാകുമെന്നു പറഞ്ഞ ഡോക്ടർമാരെ അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു എന്റെ ജനനം. അപ്പോഴും മുന്നിൽ പ്രതിസന്ധി. കേവലം 1900 gm മാത്രമായിരുന്നു എന്റെ ശരീരഭാരം. അതിനെയൊക്കെ അതിജീവിച്ചു ഞാൻ വളർന്നു.

ഇതിനിടയിൽ കുട്ടിക്കാലത്തു രണ്ടോളം പ്രാവശ്യം എന്നെ പാമ്പ് കടിച്ചു. കരിന്തേൾ കടിച്ചു. പക്ഷേ ഞാൻ അദ്ഭുതകരമായിതന്നെ രക്ഷപ്പെട്ടു.

ഞങ്ങടെ കുട്ടിക്കാലമൊക്കെ വല്ലാത്ത ദാരിദ്ര്യം ആയിരുന്നു. ഒരു ജോഡി ഡ്രസ്സൊക്കെ കിട്ടുന്നത് ഒരുത്സവം പോലെയായിരുന്നു.

പട്ടിണി മാറ്റാൻ പലതരം ജോലികൾ ചെയ്തു.

കുട്ടിക്കാലത്ത് ഉണ്ണിയപ്പവും എണ്ണപ്പലഹാരങ്ങളും ഒക്കെ വീട്ടിൽ ഉണ്ടാക്കി വീടുകൾ തോറും കൊണ്ടു പോയി കൊടുക്കുമായിരുന്നു. അങ്ങനെ അമ്മയോടൊപ്പം പോയി എന്റെ തൊഴിൽ ജീവിതം ആരംഭിച്ചു. കിലോമീറ്ററുകളോളം ഞാനും അമ്മയും നടക്കുന്നത് ഇന്നും എനിക്കോർമയുണ്ട്.

അതൊക്കെ കഴിഞ്ഞ് 'അമ്മ വളക്കച്ചവടം തുടങ്ങി. അപ്പോഴും ഞാനും അമ്മയും കൂടി വളയൊക്കെ കൊണ്ട് ഒരുപാട് സ്ഥലങ്ങളിൽ പോയി കച്ചവടം ചെയ്തു. 7 കിലോമീറ്റർ വരെ വളയും ഫാൻസി സാധനങ്ങളും തലയിൽ ചുമന്നു നടന്ന് പോയിട്ടുണ്ട് ഞങ്ങൾ.

പതിനഞ്ചാമത്തെ വയസ്സിൽ ഓട്ടോ ഓടാൻ സ്റ്റാൻഡിൽ ഇറങ്ങി. പിന്നെ കുറെ നാൾ മീൻ വണ്ടി ഓടിക്കാൻ പോയി. വെൽഡിങ് ജോലികൾക്ക് പോയിട്ടുണ്ട്. അങ്ങനെ വെൽഡിങ് പഠിച്ചു. പിന്നെ പെയിന്റിങ്ങിന് പോയി പെയിന്റിങ് പഠിച്ചു. തട്ടിന്റെ പണിക്ക് പോയിട്ടുണ്ട്. പലപ്പോഴും ദൈവം പറമ്പിലെ വാഴക്കുലയുടെ രൂപത്തിൽ വന്ന് പൂർണ പട്ടിണിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്.

കുറെ നാൾ വർക്കപ്പണിക്ക് കയ്യാൾ ആയി പോയി. കോൺക്രീറ്റിന് പോയിട്ട് കൈ അടർന്നു പോയ അടയാളം ഈ ഇടക്കാലം വരെ കയ്യിൽ ഉണ്ടായിരുന്നു.

അതു കഴിഞ്ഞ് ഒരു ഹോട്ടലിൽ ഹൗസ് കീപ്പിങ്ങിൽ ജോലി ചെയ്ത് അതേ ഹോട്ടലിൽ തന്നെ ബില്ലിങ്ങിലും അക്കൗണ്ട് സെക്‌ഷനിലും കിച്ചൻ സൂപ്പർവൈസർ ആയും വരെ ജോലി നോക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹൗസ് കീപ്പിങ് എന്നു പറഞ്ഞാൽ കക്കൂസ് വരെ കഴുകണം.

അതു കഴിഞ്ഞു വേറൊരു പ്രമുഖ ഹോട്ടലിൽ റൂം സർവീസ് ജോലിക്ക് കയറി അതേ ഹോട്ടലിൽ തന്നെ റിസപ്ഷനിസ്റ്റ് ആയും ഒടുവിൽ റിസപ്ഷൻ മാനേജർ ആയും ജോലി ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞു കുറെ നാൾ തമിഴ്നാട്ടിൽ കാർ ഡ്രൈവർ ആയി ജോലി ചെയ്തു.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ വെയ്റ്റർ ആയി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് എൻജിനീയറിങ് പഠിക്കുന്ന സമയത്ത് ചിലവിനായി ഒഴിവ് സമയങ്ങളിൽ ബസ് കഴുകി പണം കണ്ടെത്തിയിട്ടുണ്ട്.

പിന്നെ ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്തിട്ടുണ്ട്. കുറെ നാൾ ഫിലിം ഇൻഡസ്ട്രിയിൽ പ്രൊഡക്‌ഷനിൽ ജോലി ചെയ്തിട്ടുണ്ട്. കല്യാണ പാചകങ്ങൾക്ക് പോയിട്ടുണ്ട്. ദീപാവലിക്ക് പടക്കം കച്ചവടത്തിന് പോയിട്ടുണ്ട്. ഹോട്ടലിൽ വെയ്റ്റർ ആയി കുറേ നാൾ.

ഫുട്പാത്തിൽ തുണി കച്ചവടം ചെയ്തു കുറെ നാൾ. ഫുഡ് കമ്പനിയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തിട്ടുണ്ട്.

എന്തിനേറെ പറയുന്നു റോഡ് ടാറിങ് പണിക്കു വരെ പോയിട്ടുണ്ട്.

ഒപ്പം പഠിച്ചവർ, പഠിപ്പിച്ചവർ ഒക്കെ പോകുമ്പോൾ മുഖം മറച്ചു നിന്ന്... ഇതിൽ പല ജോലികൾക്കും വീട്ടുകാർ പോലും അറിയാതെ രഹസ്യമായിട്ടാണ് പോയത്. ലക്ഷ്യം സ്വന്തം കാലിൽ നിൽക്കുക, പഠിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രേ ഇതൊക്കെ അറിയൂ.

ഇതുമല്ലാതെ വേറെയും പ്രതിസന്ധികൾ. മൂന്ന് നാല് പ്രാവശ്യം വലിയ വാഹനാപകടം ഉണ്ടായി. ഒരുപാടു തവണ മരണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ നാലോളം തവണ പഠനം മുടങ്ങിയെങ്കിലും ഞാൻ തോൽക്കാതെ വീണ്ടും വീണ്ടും തുടർന്നു.

ഒടുവിലാണ് പാർട്ണർ ഷിപ്പിൽ ഒരു കാറ്ററിങ് യൂണിറ്റ് തുടങ്ങിയത്. അവിടെയും ചോര നീരാക്കി തന്നെയാണ് കഷ്ടപ്പെട്ടത്. പാർട്ണർ ഷിപ്പിലെ പ്രശ്നങ്ങൾ കാരണം അതൊക്കെ നിർത്തി. കൂടിപ്പിറപ്പുകളായി ചേർന്ന് നിന്ന ഞങ്ങൾ 4 പേർ പെട്ടെന്ന് പിരിഞ്ഞത് വല്ലാത്ത ആഘാതം സമ്മാനിച്ചു.

അതും കഴിഞ്ഞു സ്വന്തമായി ബിസിനസ്സ് തുടങ്ങിയപ്പോഴാണ് സുഖമില്ലാതെ ആകുന്നത്. പിന്നീടിങ്ങോട്ട് എല്ലാവർക്കും അറിയുന്ന കഥയാണ്.

ഇത്രയും പറയുമ്പോ വിചാരിക്കും പഠനത്തിൽ മോശം ആയതു കൊണ്ടാണ് ജോലിക്ക് പ്രാധാന്യം നൽകിയതെന്ന്. ചെറുപ്പം മുതലേ പഠിച്ച എല്ലാ ക്ലാസ്സിലും പഠനത്തിൽ മുമ്പിൽ ആയിരുന്നു. 2009 –ൽ എന്റെ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് SSLC പൂർത്തിയാക്കിയത്. പല പ്രതിസന്ധികളും ഉണ്ടായെങ്കിലും തുടർന്നിങ്ങോട്ടും അങ്ങനെ തന്നെയാണ്.

പരീക്ഷയ്ക്ക് എന്റെ പേപ്പർ കണ്ടെഴുതിയ കൂട്ടുകാർ പുതിയ ഷൂ ഒക്കെയിട്ട് എൻജിനീയറിങ്ങിന് പോകുമ്പോൾ ഞാൻ മറുവശത്ത് സേഫ്റ്റി ഷൂ ഒക്കെയിട്ട് റോഡ് ടാറിങ് ചെയ്യുകയായിരുന്നു. 

അങ്ങനെ 25 വയസ്സായപ്പോ 75 വയസ്സിന്റെ അനുഭവങ്ങൾ കൂട്ടിനുണ്ട്. അത്രയും തന്നെ പക്വതയും.

ഇങ്ങനെ ജീവിതാനുഭവങ്ങൾ ഉള്ളതു കൊണ്ടാണ് എന്തിനെയും നേരിടാനുള്ള മനസ്സ് കിട്ടിയത്. കുഞ്ഞു നാളുകളിൽ ഒത്തിരി കരഞ്ഞിട്ടാണ് ഇപ്പോൾ വേദനകളിൽ കരയാതെ പുഞ്ചിരിക്കാൻ കഴിയുന്നത്. അല്ലാതെ ഒരസുഖം വന്നപ്പോൾ പെട്ടെന്ന് വന്നതല്ല.

അതുകൊണ്ടുതന്നെ എന്റെ ജീവിതം ഒരു വിജയം തന്നെയാണ്. ഈ അർബുദം എന്ന പ്രതിസന്ധിയെയും ചവിട്ടി മെതിച്ചുതന്നെ ഞാൻ മുന്നോട്ട് പോകും. 

നമ്മളെല്ലാം നമ്മുടെ കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി തന്നെ വളർത്തണം. അപ്പോഴാണ് വീഴ്ചകളിൽ

തളരാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുക. പ്രതിസന്ധികളെ നോക്കി വെല്ലുവിളിക്കുന്ന ഒരു തലമുറ. 

പരാജയങ്ങളിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചു ചാടുന്ന ഒരു തലമുറ.

അങ്ങനൊരു തലമുറയെ നമുക്ക് വർത്തെടുക്കാം. നമ്മളൊന്നിച്ചു നിന്നാൽ ഈ ലോകം തന്നെ നമുക്ക് മാറ്റിയെടുക്കാമെന്നേ.

സുന്ദരമായ, സന്തോഷം നിറഞ്ഞു നിൽക്കുന്ന, പരസ്പരം സ്നേഹം തുളുമ്പുന്ന ലോകം.

സ്വപ്നങ്ങളെ പിന്തുടരുമ്പോൾ വഴിയിൽ നമ്മൾ ചിലപ്പോൾ കുഴഞ്ഞു വീണേക്കാം. പക്ഷേ മുന്നോട്ട തന്നെ നീങ്ങണം.

കുഴഞ്ഞു വീണാലും..

ഇഴഞ്ഞു നീങ്ങണം..!!

അത് മുന്നോട്ട് തന്നെയായിരിക്കണം..!!

അന്നും ഇന്നും എന്നും ഒപ്പം നിന്ന ചങ്കുകളാണ് എന്റെ ഊർജ്ജം !!"

English Summary: Nandu Mahadeva's Suvival story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com